ഇന്ത്യന്‍ വിദേശനയത്തിന്റെ 2018 ലെ നേട്ടങ്ങള്‍

നയതന്ത്ര ബന്ധവും ഉഭയകക്ഷി സഹകരണവും മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവര്‍ 2018 ല്‍ 58 രാജ്യങ്ങളിലേക്കായി 73 തവണ വിദേശസഞ്ചാരം നടത്തി. ലോകനേതാക്കള്‍ക്ക് ഇന്ത്യ ഈ വര്‍ഷം 44 തവണ ആതിഥ്യമരുളി. ഇന്ത്യന്‍ വിദേശനയത്തിന് ഏഷ്യന്‍ ഭൂഖണ്ഡം നല്‍കുന്ന മുന്‍ഗണനയെക്കുറിച്ചായിരുന്നു ഈ സന്ദര്‍ശനങ്ങളിലെ ചര്‍ച്ചകളില്‍ പ്രധാന വിഷയം.
സ്ഥിരതയ്ക്കും അഭിവൃദ്ധിക്കും വേണ്ടി പരസ്പരം ഗുണം ചെയ്യുന്ന, ജനകേന്ദ്രീകൃതമായ പ്രാദേശിക ചട്ടക്കൂട് നിര്‍മ്മിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെയാണ് ദക്ഷിണേഷ്യയിലെ രാജ്യങ്ങലെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ഉദാഹരണമാക്കുന്നത്. ഇന്ത്യയുടെ അരുണ്‍III ജല വൈദ്യുത പദ്ധതി, നേപ്പാള്‍-ഇന്ത്യ രാമായണ സര്‍ക്യൂട്ട് എന്നീ പദ്ധതികള്‍ മേയ് മാസത്തിലാണ് നടപ്പിലാക്കിയത്. ബംഗ്ലാദേശുമായി സംയോജിച്ചുള്ള മൂന്ന് റെയില്‍വേ, ഊര്‍ജ്ജ പദ്ധതികള്‍ സെപ്റ്റംബറില്‍ നടപ്പിലാക്കി. ഡിസംബറില്‍ ഇറാനിലെ ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തു. അഫാഗാനിസ്ഥാനിലേക്കും പശ്ചിമേഷ്യയിലേക്കും കടല്‍ മാര്‍ഗ്ഗമുള്ള ബന്ധം അതിലൂടെ സാധ്യമാകും.
മാലദ്വീപിലേയും ഭൂട്ടാനിലേയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അവരുടെ ആദ്യ വിദേശസന്ദര്‍ശനം ഇന്ത്യയിലേക്ക് നടത്താന്‍ തീരുമാനിച്ചു. അയല്‍ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നെയ്ബര്‍ഹുഡ് ഫസ്റ്റ് നയത്തോടുള്ള താല്‍പര്യം സൂചിപ്പിക്കുന്നതാണ് ഈ സന്ദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണില്‍ സിംഗപ്പൂരില്‍ നടത്തിയ ഷാങ്ഗ്രിലാ പ്രഭാഷണം വികസനോന്മുഖ പ്രാധാന്യമുള്ളതായിരുന്നു. ഇന്‍ഡോ-പസഫിക് വിഷയം സംബന്ധിച്ച് ഇന്ത്യയുടെ ദര്‍ശനമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒക്‌ടോബറില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി ഈ ദര്‍ശനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ഇടപാടും ആഫ്രിക്കയിലെ ക്വാളിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംരംഭത്തിനുള്ള ജപ്പാന്റെ വികസിത പങ്കാളിത്തവും കൂടി സംയോജിപ്പിച്ചാണ് ഇതു നടപ്പിലാക്കുന്നത്. ജൂലൈയില്‍ ഉഗാണ്ട പാര്‍ലമെന്റിനെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി ആഫ്രിക്കയുമായി സഹകരണത്തിന് 10 അടിസ്ഥാന തത്വങ്ങള്‍ ഊന്നിപ്പറഞ്ഞു. വായ്പ, സാങ്കേതിക വിദ്യ കൈമാറല്‍, മാനവ വിഭവശേഷി വികസനത്തിനായുള്ള പരിശീലനം, എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അഭിപ്രായ വ്യത്യാസങ്ങള്‍ക്കല്ല മിറച്ച് അഭിപ്രായ സമന്വയത്തിനാണ് പ്രാധാന്യം എന്ന് സാരം.
ഇന്ത്യയുടെ, ‘പടിഞ്ഞാറിനെക്കുറിച്ച് ചിന്തിക്കുക’ എന്ന നയം സുരക്ഷ, ഊര്‍ജ്ജം, എന്നീ മേഖലകളില്‍ മികച്ച ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. എണ്ണകയറ്റുമതി ചെയ്യുന്ന ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ വില നിര്‍ണ്ണയിക്കുമ്പോള്‍ ഇന്ത്യയുടെ അഭിപ്രായത്തിന് പരിഗണന നല്കുന്നു. ഗള്‍ഫ് രാജ്യങ്ങളും ഇറാനും ഇന്ത്യയുടെ ഊര്‍ജ്ജ ആവസ്യം നിറവേറ്റുന്നതിനൊപ്പം 80 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലിയും നല്‍കുന്നു. ഇത് ആ മേഖലയുടെ സ്ഥിരതയ്ക്കും കാരണമാകുന്നുണ്ട്.
ചൈനയിലെ വുഹാനിലും, റഷ്യയിലെ സോചിയിലും ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന അനൗപചാരിക ഉച്ചകോടികള്‍ പുതിയ കാല്‍വെയ്പുകളായിരുന്നു. ആഭ്യന്തര, മേഖലാ, ആഗോള വിഷയങ്ങളില്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് ഉച്ചകോടി വേദിയായി. ഇന്ത്യയുടെയും അമേരിക്കയുടെയും വിദേശ, പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള 2+2 ചര്‍ച്ചകള്‍ ആഗോളതലത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തി.
ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ സമ്മേളനം മാര്‍ച്ചില്‍ നടന്നു. ഐക്യരാഷ്ട്രസഭയോട് അനുബദ്ധമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ആസ്ഥാനമായ ആദ്യ സംഘടനയാണിത്. പരിസ്ഥിതി രംഗത്തെ മികച്ച നേതൃത്വത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി മോദിയെ തേടിയെത്തിയതും ഈ വര്‍ഷമാണ്.
ത്രിരാഷ്ട്ര, ബഹുരാഷ്ട്ര സഹകരണത്തിലൂന്നി അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ നയം. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും വിദേശ സന്ദര്‍ശനങ്ങള്‍, ആഗോള സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തത്, ലണ്ടന്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടി, ഇന്ത്യാ-നോര്‍ഡിക് ഉച്ചകോടി, ഷാങ്ഹായ് സഹകരണ ഉച്ചകോടി, ബ്രിക്‌സ് ഉച്ചകോടി, ബിംസ്‌ടെക് ഉച്ചകോടി ആസിയാന്‍ ഇന്ത്യ ഉച്ചകോടി, കിഴക്കനേഷ്യന്‍ ഉച്ചകോടി, ജി 20 ഉച്ചകോടി അന്താരാഷ്ട്ര സഹകരണത്തിന് ഊര്‍ജ്ജം പകരുന്നവയായിരുന്നു.
അന്താരാഷ്ട്ര സഹകരണത്തിന് ഇന്ത്യ അടിസ്ഥാന പ്രമാണമാക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയം 124 രാജ്യങ്ങളിലെ കലാകാരന്മാര്‍ ചേര്‍ന്ന് ആവിഷ്‌ക്കരിക്കുകയുണ്ടായി. ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച് ഇതിനോടൊപ്പം ഗാന്ധിജിയുടെ ഇഷ്ട ഭജനയായ ‘വൈഷ്ണവജനതോ’ആഗോള പ്രക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഗാന്ധിജിയുടെ ജന്മം ആഗോള അഹിംസാദിനമായിട്ടാണ് ആചരിക്കുന്നത്.

തയ്യാറാക്കിയത് : അംബാസഡര്‍ അശോക് മുഖര്‍ജി
ഐക്യരാഷ്ട്രങ്ങളിലെ മുന്‍ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി

വിവരണം : രഞ്ജിത്