പാര്‍ലമെന്റില്‍ ഈ ആഴ്ച

രാജ്യം ഉറ്റുനോക്കിയ സുപ്രധാന നിയമനിര്‍മാണമായ മുന്നോക്ക സംവരണ ബില്‍ പാസാക്കിയാണ് പതിനാറാം ലോക്‌സഭയുടെ ശൈത്യകാല സമ്മേളനം സമാപിച്ചത്. ഇനി ഒരു സമ്മേളനം കൂടി മാത്രമാണ് ഈ സഭയുടെ കാലയളവിലുളളത്. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് തൊഴില്‍മേഖലയിലും, ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ഇരു സഭകളിലും കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ, 2019 ലെ 124-ാ മത് ഭേദഗതി ബില്ലിലൂടെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ളവരും, 5 ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവരും ആയ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് സാമ്പത്തിക സംവരണത്തിന് അര്‍ഹരാകുന്നത്. നിലവിലുള്ള 50 ശതമാനം സംവരണത്തിനു പുറമേയാണ് 10 ശതമാനം സാമ്പത്തിക സംവരണം.
ശീതകാല സമ്മേളനത്തിന്റെ അവസാനവാരത്തിലാണ് ലോക്‌സഭയും രാജ്യസഭയും ഈ ചരിത്രപരമായ ബില്ല് പാസ്സാക്കിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നിയമ നിര്‍മ്മാണം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിര്‍ണായക പങ്ക് വഹിക്കും.
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനുള്ള സംവരണം ഈ വിഭാഗത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി ഈ നിയമത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും നീതി ഉറപ്പാക്കാന്‍ സാധിച്ചതായും പറഞ്ഞു.
‘എല്ലാവരോടുമൊപ്പം – എല്ലാവരുടേയും വികസനം’എന്ന ലക്ഷ്യം ഉറപ്പാക്കാന്‍ സാമ്പത്തികസംവരണബില്ലിലൂടെ സാധിച്ചെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.
ലോക്‌സഭയില്‍ മൂന്നിനെതിരെ 323 വോട്ടുകള്‍ എന്ന വന്‍ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. ഏഴിനെതിരെ 165 എന്ന ഭൂരിപക്ഷത്തില്‍ രാജ്യസഭയും ബില്ല് പാസാക്കി. പ്രതിപക്ഷാംഗങ്ങള്‍ ബില്ലിനെ ഇരുസഭകളിലും പിന്തുണച്ചെങ്കിലും 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ബില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നായിരുന്നു അവരുടെ ആക്ഷേപം. രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങിയാല്‍ ബില്‍ നിയമം ആയിത്തീരും.
ജനറല്‍ വിഭാഗത്തിലെ കോടിക്കണക്കിന് പാവപ്പെട്ട ആളുകള്‍ക്ക് ഈ ബില്ലിന്റെ പ്രയോജനം ലഭിക്കുമെന്ന് ബില്‍ അവതരരിപ്പിച്ച കേന്ദ്രസാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹലോട്ട് പറഞ്ഞു.
ബില്ല് തിടുക്കത്തില്‍ കൊണ്ടുവന്നതാണെന്ന പ്രതിപക്ഷ ആരോപണം തള്ളിയ ശ്രീ. ഗെഹലോട്ട്, ഇത് സാധാരണ ജനവിഭാഗത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ നീതി നടപ്പാക്കുകയായിരുന്നുവെന്നും പറഞ്ഞു. മുന്നാക്ക സമുദായത്തിലെ ദുര്‍ബല വിഭാഗത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
നല്ല ഉദ്ദേശ്യത്തോടെയുമാണ് പ്രധാനമന്ത്രി ബില്‍ കൊണ്ടുവന്നതെന്നും പത്തു മണിക്കൂര്‍ നീണ്ടു നിന്ന സംവാദത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു. നിയമപരമായ സൂക്ഷ്മ പരിശോധനയില്‍ ഭരണഘടനാ അമെന്‍ഡ്‌മെന്റ് ബില്ലിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2019 ലെ പൗരത്വ അമന്‍ഡ്‌മെന്റ് ബില്ലും ലോക്‌സഭ പാസാക്കി. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം-ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്‍.
പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ വഴി ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെത്തിച്ചിട്ടുള്ള ദുരിതത്തിനിരയായ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ബില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും താല്‍പ്പര്യങ്ങള്‍സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി ബില്‍ രാജ്യസഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ സാധിച്ചില്ല. വടക്കുകിഴക്കന്‍ പ്രദേശത്തെ മുഴുവന്‍ സ്വത്വവും സംസ്‌ക്കാരവും കാത്തുസൂക്ഷിക്കാന്‍ എന്‍.ഡി.എ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഈ ബില്ല് രാജ്യത്തിനു മുഴുവന്‍ ബാധകമാണെന്നും ഇതിലൂടെ മൂന്നു അയല്‍രാജ്യങ്ങളിലെയും മതപരമായി പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രധാന ബില്ലുകള്‍ പാസാക്കിയശേഷമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. പതിനാറാം ലോക്‌സഭയുടെ അവസാനസെഷന്‍ 2019 ലെ കേന്ദ്ര ബജറ്റിനായി ഉടന്‍ സമ്മേളിക്കും. തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന നിര്‍ണായകമായ ഈ വര്‍ഷം എന്‍.ഡി.എ ഗവണ്‍മെന്റ് എന്താണ് ജനങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്നതെന്ന് അറിയാനായി കാത്തിരിക്കാം.

തയ്യാറാക്കിയത് : വി.മോഹന്‍ റാവു മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : നവനീത