ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത് ചൈന.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ രക്ഷാസമിതി പ്രമേയത്തെ ചൈന വീണ്ടും എതിര്‍ത്ത് വോട്ട് ചെയ്തു.
പതിനഞ്ചംഗ യു എന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാം തവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുന്നത്.
പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാല്‍, രാജ്യത്തെ പൗരന്മാര്‍ക്കെതിരെ നീചമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഭീകരര്‍ക്കെതിരെ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്ന് ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ ഇ-മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫ്രാന്‍സ്, ബ്രിട്ടന്‍, യു എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഫെബ്രുവരി 27ന് മസൂദ് അസ്ഹറിനെതിരെ യു എന്നില്‍ പ്രമേയം കൊണ്ടുവന്നത്.
ഈ പ്രമേയമാണ് ചൈന വീറ്റോ ചെയ്തത്.
ഇന്ത്യക്കുവേണ്ടി യുഎന്നില്‍ പ്രമേയം അവതരിപ്പിച്ച രാജ്യങ്ങളോട് കടപ്പാടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി