റഫാല്‍ യുദ്ധ വിമാന കേസ് സംബന്ധിച്ച് രാജ്യരക്ഷാ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

റഫാല്‍ യുദ്ധവിമാന കരാര്‍ കേസില്‍ രാജ്യരക്ഷാ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന് നേരത്തേ കേന്ദ്രം ആവശ്യപ്പെട്ടത് പരമോന്നത കോടതി അനുവദിക്കുകയായിരുന്നു. റഫാല്‍ കരാര്‍ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം, ദേശീയ സുരക്ഷയെ സംബന്ധിക്കുന്നതും യുദ്ധവിമാനങ്ങളുടെ കാര്യക്ഷമത സംബന്ധിക്കുന്നതുമാണെന്ന് ഗവണ്‍മെന്റ് കോടതിയെ അറിയിച്ചു. കേസില്‍ ഹര്‍ജി നല്‍കിയിട്ടുള്ള മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഡ്വ.പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പരമപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി കുറ്റക്കാരായിട്ടുള്ളവരാണെന്ന് ഗവണ്‍മെന്റ് സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയെ സംബന്ധിച്ചും പ്രതിരോധ രംഗം സംബന്ധിച്ചും അപൂര്‍ണ്ണമായ ചിത്രം നല്‍കുന്നതിന് ഗവണ്‍മെന്റ് രേഖകള്‍ അനധികൃതമായ രീതിയില്‍ കൈക്കലാക്കി ഹര്‍ജിക്കാര്‍ ദുരുപയോഗപ്പെടുത്തി ഗവണ്‍മെന്റ് കോടതിയില്‍ അറിയിച്ചു. രേഖകള്‍ ചോര്‍ന്നതെങ്ങനെയെന്ന് കണ്ടെത്തുന്നതിനുള്ള ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റഫാല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് വാങ്ങിയതില്‍ ക്രമക്കേടുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയ 2018 ഡിസംബര്‍ 14-ലെ വിധി പുനപരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കരാറിനെ ചോദ്യം ചെയ്തും കരാറിലെ ക്രമക്കേടുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.