കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണ.

കര്‍താര്‍പൂര്‍ ഇടനാഴിയ്ക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള ആദ്യത്തെ ഇന്ത്യ – പാക് യോഗം അട്ടാരി – വാഗ അതിര്‍ത്തിയില്‍ നടന്നു. ഇടനാഴി ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. കര്‍താര്‍പൂര്‍ ഇടനാഴിയ്ക്ക് വേണ്ടി സാങ്കേതികതല ചര്‍ച്ച വേണമെന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്. ഈവര്‍ഷം നവംബറില്‍ ഗുരു നാനാക്ക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കര്‍താര്‍പൂര്‍ ഇടനാഴി നടപ്പാക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. പാകിസ്ഥാനിലെ പുണ്യഗുരുദ്വാരയിലേയ്ക്ക് വേഗത്തിലും ആയാസരഹിതവുമായ പ്രവേശനം ലഭിക്കുന്നതിനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പൊതുജനാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിക്ക് 50 ഏക്കര്‍ സ്ഥലം ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിട സമുച്ചയം രണ്ട് ഘട്ടങ്ങളായി നിര്‍മ്മിക്കും. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചുവര്‍ചിത്രങ്ങളും ഫോട്ടോകളും പ്രദര്‍ശിപ്പിക്കും. കര്‍താര്‍പൂര്‍ സാഹിബിലേയ്ക്കുള്ള തീര്‍ത്ഥാടനം മാത്രമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചാവിഷയം.