ക്രിക്കറ്റ്താരം ശ്രീശാന്തിന് ബി സി സി ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി.

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബി സി സി ഐ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ശിക്ഷാ കാലയളവ് മൂന്ന് മാസത്തിനകം ബി സി സി ഐ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒരു റിപ്പോര്‍ട്ട്….ബി സി സി ഐ തനിക്ക് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് തീരുമാനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2013 സീസണിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് മുന്‍താരമായ ശ്രീശാന്തിന് ബി സി സി ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
നേരത്തെ ബി സി സി ഐ യുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് താരം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിലക്ക് നീക്കി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടെങ്കിലും ഡിവിഷന്‍ ബഞ്ച് വിലക്ക് ശരിവച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ശ്രീശാന്ത് പരമോന്നത കോടതിയെ സമീപിച്ചത്. വിദേശത്ത് കളിക്കാന്‍ തനിക്ക് അവരസങ്ങള്‍ ലഭിക്കുന്നെന്നും വിലക്ക് കാരണം തനിക്ക് അവ സ്വീകരിക്കാനാവുന്നില്ലെന്നും താരം കോടതിയില്‍ പറഞ്ഞു. ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്‌ക് ആകാശവാണി.