ഭീകരവാദ വിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ സാധ്യമാകൂവെന്ന് ഇന്ത്യ.

തീവ്രവാദവും ചര്‍ച്ചകളും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് ഇന്ത്യ. തീവ്രവാദ വിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ സാധ്യമാവൂ എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ കര്‍ക്കശ നടപടിയെടുക്കണം. ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് പൂര്‍ണ്ണമായും നിറുത്തണം. ഇത് സാധ്യമായാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങൂവെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മികച്ച രാജ്യതന്ത്രജ്ഞനാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അദ്ദേഹം തയ്യാറാവണം. തീവ്രവാദം, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ എന്നിവ തുടരുന്ന പാകിസ്ഥാന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീമതി. സുഷമ സ്വരാജ് ആരോപിച്ചു.