ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ത്യയില്‍ തുടക്കം

ഏറ്റവും വലിയ ജനാധിപത്യോത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യ. ഇന്നലെ അതിന് തുടക്കം കുറിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കാളിത്തം വഹിക്കുന്ന ജനാധിപത്യ പോരാട്ടങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പിനാണ് ഇന്നലെ തുടക്കം കുറിച്ചത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 1,279 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
900 ദശലക്ഷം വോട്ടര്‍മാരാണ് ഇന്ത്യയിലുള്ളത്. അതില്‍ 140 ദശലക്ഷം സമ്മതിദായകര്‍ക്കാണ് ഇന്നലെ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചത്. 900 ദശലക്ഷം എന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനസംഖ്യയുടെ മൂന്നിരട്ടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടന്നു. പശ്ചിമബംഗാളില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന പോരാട്ടം. ഏപ്രില്‍ 18, 23 , 29 മെയ് 6, 12, 19 എന്നിങ്ങനെ ആറ് ഘട്ടങ്ങളായാണ് ബാക്കി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 23 ന് നടക്കും.
ഇന്നലത്തെ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് ജനവിധി തേടി. കോണ്‍ഗ്രസിലെ നാനാപടോലാണ് പ്രധാന എതിരാളി. കൂടാതെ കേന്ദ്രമന്ത്രി വി കെ സിംഗ് ഗാസിയാബാദിലും മഹേഷ് ശര്‍മ്മ ഗൗതം ബുദ്ധനഗറിലും സത്യപാല്‍ സിംഗ് ബാഗ്പടിലും ജനവിധി തേടി.
1952 ലായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ ജനാധിപത്യം ഏഴ് ദശാബ്ദം പിന്നിട്ടു. ഇത് 17-ാം ലോക്‌സഭ തെരഞ്ഞെടുപ്പാണ്. നിക്ഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് പല ഘട്ടങ്ങളായി നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുന്‍നിര പ്രചാരകരായി രംഗത്തുണ്ട്. ഇരുവരും ഉത്തര്‍പ്രദേശില്‍ നിന്ന് ജനവിധി തേടുന്നു. കൂടാതെ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടിലും മത്സരിക്കുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും വോട്ട് ചെയ്യാന്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഇക്കുറിയുമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാവുകയാണ് 17-ാം ലോക്‌സഭ തെരഞ്ഞെടുപ്പ്. വാട്‌സ് ആപ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക്‌ടോക് ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏത് പാര്‍ട്ടി അല്ലെങ്കില്‍ മുന്നണിയാണ് അടുത്ത അഞ്ച് വര്‍ഷം രാജ്യം ഭരിക്കുന്നത് എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം. ആരു ഭരിച്ചാലം ദേശീയ സുരക്ഷ, തൊഴിലില്ലായ്മ, കാര്‍ഷിക തകര്‍ച്ച, പാവങ്ങളുടെ പുരോഗതി എന്നിങ്ങനെയുള്ള സുപ്രധാന വിഷയങ്ങള്‍ക്കാകണം മുന്‍ഗണന ലഭിക്കേണ്ടത്.

തയ്യാറാക്കിയത് : സുനില്‍ ഗറ്റാദേ
രാഷ്ട്രീയ നിരീക്ഷകന്‍