രാജ്യത്തുടനീളം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു റാലികള്‍ സംഘടിപ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള പ്രചാരണം ഊര്‍ജ്ജിതമാക്കി.  

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തമിഴ്‌നാട്ടിലും, കര്‍ണ്ണാടകയിലും, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണ്ണാടകയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു. അമിത്ഷാ, മായാവതി എന്നിവര്‍ ഉത്തര്‍പ്രദേശിലെ പൊതുസമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 97 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്.
തമിഴ്‌നാട്ടിലെ ആകെയുള്ള 39 ലോക്‌സഭാ മണ്ഡലങ്ങളിലും കര്‍ണാടകയിലെ 14, മഹാരാഷ്ട്രയിലെ 10, ഉത്തര്‍പ്രദേശിലെ 8, അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ 5 വീതവും ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെ മൂന്ന് വീതവും ജമ്മു-കാശ്മീരിലെ രണ്ടും, മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 18 ന് വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. കര്‍ണ്ണാടകയില്‍ മികച്ച പോളിംഗ് ഉറപ്പുവരുത്തുന്നതിനായി വോട്ടര്‍മാരെ ബോധവത്കരിക്കുന്ന തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു.
ന്യൂസ് ഡെസ്‌ക് ആകാശവാണി.