ഭരണഘടനാ ശില്പി ഡോ.ബി.ആര്‍.അംബേദ്കറുടെ 128-ാം ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രം അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.

ഭരണഘടന ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 128-ാം ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ന്യൂഡല്‍ഹി പാര്‍ലമെന്റ് വളപ്പിലെ അംബേദ്ക്കര്‍ പ്രതിമയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുഷ്പചക്രം സമര്‍പ്പിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ട്, സാമൂഹിക ശാക്തീകരണ വകുപ്പ് സഹമന്ത്രിമാരായ രാംദാസ് അത്‌വാലെ, വിജയ് സംബലാ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ തുടങ്ങിയ നേതാക്കള്‍ അംബേദ്ക്കര്‍ സ്മരണ പുതുക്കി. പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള അംബേദ്ക്കറുടെ ഛായാ ചിത്രത്തില്‍ പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും പുഷ്പ്പാര്‍ച്ചന നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരദേശാഭിമാനിയും അധകൃത വര്‍ഗ്ഗത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടി യത്‌നിച്ച മഹത്‌വ്യക്തിയു മായിരുന്നു ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കറെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു. സാമൂഹിക പരിഷ്‌ക്കര്‍ത്താവും നിയമജ്ഞനും പണ്ഡിതനുമായിരുന്ന അദ്ദേഹം സമൂഹത്തിലെ അസമത്വങ്ങളും വിവേചനങ്ങളും തുടച്ചു മാറ്റാന്‍ യത്‌നിച്ച മഹാനായിരുന്നു വെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. സാമൂഹിക നീതിയുടെ സന്ദേശവാഹകനും ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പിയുമായിരുന്നു ബി.ആര്‍. അംബേദ്ക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്രയിലെ ചൈത്യ ഭൂമിയിലും മുംബൈയിലും നാഗ്പൂരിലെ ദീക്ഷാ ഭൂമിയിലും ലക്ഷക്കണക്കിന് അംബേദ്ക്കര്‍ അനുഭാവികള്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു.