ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് വ്യാഴാഴ്ച നടക്കും. പ്രചാരണരംഗം സജീവം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. പരസ്യപ്രചാരണം മറ്റെന്നാള്‍ അവസാനിക്കും. ഇതോടനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചു. രണ്ടാംഘട്ടത്തില്‍
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി
97 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബി.എസ്.പി. അധ്യക്ഷ മായാവതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. ഉച്ചതിരിഞ്ഞ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയെ അഭിസംബോധന ചെയ്യവെ എല്ലാ ജനവിഭാഗത്തിന്റെയും വികസനത്തിന് എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗവണ്‍മെന്റ് പദ്ധതികളുടെ നേട്ടങ്ങള്‍ യാതൊരു വിവേചനവും കൂടാതെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും ശ്രീ. മോദി പറഞ്ഞു. ദാദാസാഹിബ് ഡോ. ബീം റാവു അംബേദ്ക്കര്‍ മികച്ച സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായിരുന്നു എന്ന് ശ്രീ. മോദി പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലെ സില്‍ക്ചാറില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.