ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള പ്രചാരണം കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വ്യാഴാഴ്ച വോട്ടോടുപ്പ് നടക്കുന്നത് 97 മണ്ഡലങ്ങളില്‍.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങള്‍ക്ക് പുറമെ കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയിലെ 10 ഉം ഉത്തര്‍പ്രദേശിലെ എട്ടും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലും ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലും അന്ന് വോട്ടെടുപ്പ് നടക്കും. മണിപ്പൂര്‍, ത്രിപുര, പോണ്ടിച്ചേരി എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തില്‍ തന്നെയാണ് വോട്ടെടുപ്പ്.
വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ നേതാക്കള്‍ ഇന്നും പ്രചാരണ രംഗത്ത് സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജമ്മുകാശ്മീരിലെ കത്വ, ഉത്തര്‍പ്രദേശിലെ അലിഗഡ്, മൊറാബാദാബാദ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. സബ് കാ സാത് സബ് കാ വികാസ് എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയാണ് എന്‍.ഡി.എ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതെന്ന് ശ്രീ.മോദി പറഞ്ഞു. രാജ്യത്ത് നിന്ന് ഭീകര പ്രവര്‍ത്തനങ്ങളും അഴിമതിയും പട്ടിണിയും തുടച്ചു നീക്കുവാന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ.മോദി പ്രസ്താവിച്ചു.
ഗുജറാത്തിലെ ഗാന്ധിനഗര്‍ കലോള്‍ പട്ടണത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്നലെ റോഡ്‌ഷോ സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വധേര ഇന്നലെ അസമിലെ സില്‍ചാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശിന് പുറത്തുള്ള പ്രിയങ്കാഗാന്ധിയുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്.കോണ്‍ഗ്രസ് അസമിന് പ്രത്യേക പദവി നല്‍കിയിരുന്നെങ്കിലും പിന്നീട് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ബി.ജെ.പി ഈ പദവി നീക്കം ചെയ്തുവെന്നും ശ്രീമതി പ്രിയങ്ക പറഞ്ഞു.
ന്യൂസ് ഡെസ്‌ക് ആകാശവാണി.