തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. 72 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്. മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ തന്റെ നേട്ടങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന നോട്ടീസ്, വിതരണം ചെയ്തു എന്നതാണ് യോഗി ആദിത്യനാഥിനെതിരെയുള്ള ആരോപണം.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലംഘിച്ചതിന് ബി.എസ്.പി അധ്യക്ഷ മായാവതിയേയും കമ്മീഷന്‍ വിലക്കി. മായാവതിക്ക് 48 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദിയോബന്ദില്‍ അവര്‍ നടത്തിയ പ്രസംഗത്തിനിടയ്ക്ക് ഒരു പ്രത്യേക മതവിഭാഗത്തോട് എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് നോട്ടീസ് വിതരണം ചെയ്തു എന്നതാണ് മായാവതിയ്‌ക്കെതിരെയുള്ള ആരോപണം. വിലക്ക് നാളെ രാവിലെ ആറ് മണി മുതലാണ് പ്രാബല്യത്തില്‍ വരിക.