ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിനുള്ള വോട്ടെടുപ്പ് നാളെ ; 116 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ നാളെ വിധിയെഴുതും.

13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മൂന്നാംഘട്ടത്തില്‍ നാളെ വോട്ടെടുപ്പ് നടക്കുന്നത്.
ഇതില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ അടക്കം 116 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്.
ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലെ 14 വീതം മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
ഉത്തര്‍പ്രദേശിലെ 10, ഛത്തീസ്ഗഡിലെ ഏഴ്, ഒഡിഷയിലെ ആറ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതം, അസമിലെ നാല്, ഗോവയിലെ രണ്ട്, ജമ്മു കശ്മീര്‍, ത്രിപുര, ദാദ്രാനഗര്‍ഹവേലി, ഡാമന്‍ ഡ്യു എന്നിവിടങ്ങളില്‍ ഓരോ മണ്ഡലങ്ങളിലുമാണ് പോളിംഗ് നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേയും ഗുജറാത്തിലെ നാല് നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും നടക്കും. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.