ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 290 ആയി ; അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി.

ശ്രീലങ്കയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ലങ്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. സംഭവത്തെ കുറിച്ച് സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ
24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നലെ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും നാളെ വരെ പ്രവര്‍ത്തിക്കില്ല.
അതേസമയം, എന്‍ടിജെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെ സ്ഥിരീകരിച്ചു. കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോന്‍ പ്രോട്ടസ്റ്റന്റ് പള്ളി എന്നിവിടങ്ങളില്‍ ഞയറാഴ്ച രാവിലെ 8.45ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം. കൊളംബോയിലെ ഷാംഗ്രി-ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകളില്‍ രാവിലെ ഒന്‍പതോടെയാണു സ്‌ഫോടനമുണ്ടായത്. സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ചാവേര്‍ സ്‌ഫോടനമാണു നടന്നത്.
ന്യൂസ് ഡെസ്‌ക് ആകാശവാണി.