ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിനുമായുള്ള ആദ്യ ഉച്ചകോടി ചര്‍ച്ചകള്‍ ആരംഭിച്ചു

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിനുമായുള്ള ആദ്യ ഉച്ചകോടി ചര്‍ച്ചകള്‍ പസഫിക് തുറമുഖ പട്ടണമായ വ്‌ളാഡിവോ സ്റ്റോക്കില്‍ ആരംഭിച്ചു.  കൊറിയന്‍ ഉപദ്വീപിലെ ആണവ പ്രശ്‌നം ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.  ചര്‍ച്ചകള്‍ക്കായി  കിം സ്വകാര്യ ട്രെയിനില്‍ ഇന്നലെ റഷ്യയിലെത്തി.  ഹനോയിയില്‍ ഈ വര്‍ഷം ആദ്യം അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ ആണവ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ പുചിന്റെ പിന്തുണ തേടാനാണ് കിം റഷ്യയിലെത്തിയതെന്ന് കരുതപ്പെടുന്നു.  കൊറിയന്‍ ഉപദ്വീപിലെ സ്ഥിതിഗതികള്‍ അടുത്തിടെ സന്തുലിതമായിട്ടുണ്ടെന്നും ഈയൊരു പ്രവണത ഊട്ടിയുറപ്പിക്കാന്‍ സാധ്യമായ സഹായങ്ങള്‍ റഷ്യ ചെയ്യുമെന്നും  പുചിന്റെ വിദേശ- നയകാര്യ സഹായി യൂറി ഉഷകോവ് പറഞ്ഞു.  ഉത്തര കൊറിയയുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ നടന്ന ചര്‍ച്ചകളില്‍ റഷ്യ മുമ്പ് പങ്കെടുത്തിരുന്നു.