ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായികിനെ സുപ്രീംകോടതി നിയമിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുളള ഗൂഢാലോചന അന്വേഷിക്കുന്നതിനായി മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ.പട്‌നായികിനെ ഏകാംഗ പാനലായി പരമോന്നത കോടതി നിയമിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് സി.ബി.ഐ, ഐ.ബി ഡയറക്ടര്‍മാരോടും, ഡല്‍ഹി പോലീസ് കമ്മീഷണറോടും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഏകാംഗ കമ്മീഷന്‍, ചീഫ് ജസ്റ്റിസിനെതിരെയുളള ലൈംഗിക പീഢന ആരോപണം അന്വേഷിക്കില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ ജസ്റ്റിസ് പട്‌നായ്ക്, റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷ്യറിയിന്‍മേലുളള ആക്രമണത്തെകുറിച്ച് കോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരായുളള ലൈംഗിക ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകരുടെ വാദത്തെ തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം.