നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനായുളള പ്രചാരണം ഉച്ചസ്ഥായിയില്‍

നാലാംഘട്ടം ലോക്‌സഭ തെരഞ്ഞെടുപ്പ് തിങ്കളാഴാച നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണം ഉച്ചസ്ഥായിയിലാണ്. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് അന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഊര്‍ജ്ജിതമായ പ്രചാരണം നടത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരണസിയില്‍ റോഡ് ഷോ നടത്തുകയാണ്. സിറ്റിംഗ് എം.പിയായ അദ്ദേഹം നാളെ ഇവിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. പതിനായിരത്തിലധികം പൊലീസുകാരെയാണ് റോഡ്‌ഷോയ്ക്ക് സുരക്ഷ ഒരുക്കാനായി വിന്യസിച്ചിട്ടുള്ളത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പ്രശസ്തമായ ലങ്ക ഗേറ്റില്‍ നിന്നും തുടങ്ങിയ റോഡ്‌ഷോ ദശാശ്വമേധ്ഘട്ടില്‍ അവസാനിക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ അമിത്ഷാ, പിയൂഷ്‌ഗോയല്‍, ജെ.പി.നദ്ദ എന്നിവരുമായി പ്രധാനമന്ത്രി നേരത്തെ ചര്‍ച്ച നടത്തി. ഗംഗാ ആരതിയിലും ശ്രീ.മോദി പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായും ശ്രീ.മോദി ചര്‍ച്ച നടത്തുന്നുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ഉത്തര്‍പ്രദേശില്‍ പ്രചാരണം നടത്തുകയാണ്. ഗാസിപൂര്‍, ഉന്നാവോ എന്നിവിടങ്ങളില്‍ അദ്ദേഹം പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.