പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ബി.ജെ.പി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
രാജ്യത്ത് കേന്ദ്ര ഗവണ്‍മെന്റിന് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി വാരാണസിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികളെന്ന് ശ്രീ നരേന്ദ്രമോദി പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനായി സത്യസന്ധമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാരാണസിയില്‍ നിന്ന് രണ്ടാം തവണയാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, സീനിയര്‍ നേതാക്കളായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, മഹേന്ദ്രനാഥ് പാണ്‌ഡെ, പീയൂഷ് ഗോയല്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. എന്‍.ഡി.എയിലെ പ്രമുഖ നേതാക്കളായ പ്രകാശ് സിംഗ് ബാദല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ലോക് ജനശക്തിയിലെ രാം വിലാസ് പാസ്വാന്‍, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ എന്നിവരും സന്നിഹിതരായിരിന്നു.

2014 ല്‍ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മൂന്നു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ശ്രീ.നരേന്ദ്രമോദി വരാണസിയില്‍ വിജയിച്ചത്. കോണ്‍ഗ്രസിലെ അജയ്‌റായ്, സമാജ്‌വാദി പാര്‍ട്ടിയിലെ ശാലിനി യാദവ് എന്നിവരാണ് ഇത്തവണ ശ്രീ.നരേന്ദ്രമോദിക്കെതിരെ വരാണസിയില്‍ മല്‍സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ അടുത്തമാസം 19 നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.