ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഉച്ചകോടിയില്‍ എഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രതികരണം.

 

ബയ്ജിംഗില്‍ നടന്ന രണ്ടാമത് ബല്‍റ്റ് ആന്റ് റോഡ് ഉച്ചകോടിയില്‍ സംബന്ധിച്ച നേതാക്കള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പരസ്പര സഹകരണത്തിനും സമ്പൂര്‍ണ്ണ സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയ്ക്കും മികച്ച ബന്ധം ഉണ്ടാവേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നതാണ്. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിംഗ് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ 37 രാഷ്ട്രതലവന്മാര്‍ സംബന്ധിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്, അന്താരാഷ്ട്രനാണയനിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റി ലഗാര്‍ഡെ, എന്നിവര്‍ക്കു പുറമെ വിവിധ രാജ്യങ്ങില്‍ നിന്നുള്ള അന്താരാഷ്ട്ര സംഘടന പ്രതിനിധികളും ഉച്ചകോടിയില്‍ സംബന്ധിച്ചു. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇന്‍ഷ്യേറ്റീവിലെ 60 ദശലക്ഷം ഡോളര്‍ ചെലവു വരുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യന്‍മേഖലയുടെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടാണ് പാക് അധിനിവേശ കാശ്മീരിലൂടെ നിര്‍ദ്ദിഷ്ട ഇടനാഴി കടന്നു പോകുന്നത്. ചൈന ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാത്തതു കൊണ്ടുതന്നെ ഇന്ത്യ ഉച്ചകോടിയില്‍ നിന്നും വിട്ടു നില്കുകകയായിരുന്നു. മാത്രമല്ല ഇതേകാരണത്താല്‍ 2017 മെയ് മാസത്തില്‍ നടന്ന ആദ്യ സമ്മേളനത്തിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍, നേപ്പാള്‍ പ്രസിഡന്റ് ബിധ്യാദേവി ഭണ്ഡാരി, മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ്‌സാന്‍ സൂചി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ അവരുടെ പ്രതിനിധികളെയാണ് സമ്മേളനത്തിലേക്ക് അയച്ചത്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ അമേരിക്ക ശക്തമായി വിമര്‍ശിക്കുന്നു. പദ്ധതിയിലൂടെ ചൈന നടത്തുന്ന സാമ്പത്തിക പിടിച്ചുപറി, ചെറുരാഷ്ട്രങ്ങളെ ഭാരിച്ച കടക്കെണിയാകുമെന്നതാണ് അമേരിക്കയുടെ വാദം. വായ്പ തിരിച്ചടയ്ക്കാനാവാത്തതിന്റെ പേരില്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തെ പാട്ടത്തിന് ചൈന ഏറ്റെടുത്തത് മറ്റ് രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ ഇത്തരം ആശങ്ക വേണ്ടെന്ന് രണ്ടാം ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് ഷിജിംഗ് പിംഗ് സൂചിപ്പിച്ചെങ്കിലും ചെറുരാഷ്ട്രങ്ങള്‍ ഉത്കണ്ഠാകുലരാണ്. മാത്രമല്ല മറ്റു രാജ്യങ്ങളിലെ ബ്രിക്‌സ് ആന്റ് റോഡ് പദ്ധതി നടത്തിപ്പ് സ്വന്തം രാജ്യത്തെ കമ്പനികള്‍ക്ക് നല്കാനുള്ള ചൈനയുമായുള്ള തീരുമാനവും ആ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നതും കൂടുതല്‍ രാജ്യങ്ങളെ ആശങ്കാഭരിതരാക്കുന്നു. കൂടാതെ ചൈനയുടെ പദ്ധതികള്‍ സാമ്പത്തിക വളര്‍ച്ചയ്‌ക്കോ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ പര്യാപ്തമല്ലെന്നും അവര്‍ ഭയപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ചൈനയുടെ പല പദ്ധതികളും വിവിധ രാജ്യങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നു. ഇത്തരത്തില്‍ നേപ്പാള്‍, ചൈനയുടെ 1200 മെഗാവാട്ടിന്റെ ബുര്‍ഹി ജലവൈദ്യുത പദ്ധതി കരാര്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം നേപ്പാള്‍, പടിഞ്ഞാറന്‍ സേതി പദ്ധതിയും വേണ്ടെന്നു വച്ചിരുന്നു. എന്നാല്‍ ട്രാന്‍സ്ഹിമാലയന്‍ മള്‍ട്ടി ഡയമെന്‍ഷണല്‍ കണക്ടിവിക്ടി നെറ്റ്‌വര്‍ക്ക് പദ്ധതിയുമായി ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നുണ്ട്. കെരുംഗ്-
കാഠ്മണ്ഡു-പൊഖ്‌റ റെയില്‍ പദ്ധതിയുടെ സാധ്യതാ പഠനവും ലുംബിനിയിലെ ബുദ്ധിസ്റ്റ് വിനോദ-തീര്‍ത്ഥാടന കേന്ദ്രവും പൂര്‍ത്തിയായിക്കഴിഞ്ഞു. 2016-ല്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ പ്രഥമ ചൈനാ സന്ദര്‍ശനവേളയില്‍ ഉണ്ടായ ഗതാഗത ഉടമ്പടി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ട സംഹിതയില്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുകയാണ്. ചൈനീസ് വ്യാപാരികള്‍ക്ക് ഇന്ത്യയുടെ ഹാല്‍ദിയ, വിശാഖപട്ടണം എന്നീ തുറമുഖങ്ങള്‍ക്ക് പകരമായി ഇപ്പോള്‍ ചൈനയുടെ ഏഴോളം തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്.
പാകിസ്ഥാന്‍ അടുത്തിടെ ചൈനയുമായുള്ള 14 ബില്യണ്‍ ഡോളറിന്റെ ഡയാമെര്‍ ഭാഷാ ഡാം പദ്ധതി റദ്ദാക്കുകയുണ്ടായി. ചൈനയുടെ കടുത്ത ഉപാധികളും വായ്പാതിരിച്ചടവില്‍ പരാജയപ്പെട്ടാല്‍ പദ്ധതിയുടെ ഉടമസ്ഥാവകാശം ചൈനയ്ക്കായിരിക്കുമെന്ന ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. പാക്അധിനിവേശ കാശ്മീരില്‍ സിന്ധുനദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ബി.ആര്‍.എഫിന്റെ രണ്ടാം ഉച്ചകോടിയില്‍ ചൈനയുമായി കാര്‍ഷിക ഭക്ഷ്യസുരക്ഷാ മേഖലയില്‍ പാകിസ്ഥാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ചൈന-മ്യാന്‍മാര്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ചും ഉച്ചകോടിയില്‍ ധാരണയുണ്ടായെങ്കിലും ഇക്കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് മ്യാന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോലാലംപൂരിനേയും സിംഗപ്പൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിയുടെ അന്തിമതീരുമാനം എടുക്കുന്നത് 2020 മെയ് 31 വരെ മലേഷ്യയും സിംഗപ്പൂരും മാറ്റി വച്ചിരിക്കുകയാണ്.
ബെല്‍റ്റ് ആന്റ് റോഡ് രണ്ടാം ഉച്ചകോടി വിജയമായിരുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുന്നെങ്കിലും പദ്ധതിയുമായി ബന്ധമുള്ള ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ പ്രതീക്ഷിക്കാനാകാത്തവിധം കടക്കെണിയിലാകുമെന്ന വിമര്‍ശനവും ഉയരുന്നു.

സ്‌ക്രിപ്റ്റ് : രത്തന്‍ സല്‍ദി, രാഷ്ട്രീയ നിരീക്ഷകന്‍

വിവരണം : വി. സുഷമ