സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഏഷ്യ സഹകരണ സംഭാഷണം

ഏഷ്യ സഹകരണ സംഭാഷണത്തിന്റെ എ.ഡി. 16-ാമത് മന്ത്രിതല യോഗം ഈ ആഴ്ച ദോഹയില്‍ നടന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ പരസ്പരാശ്രയത്വം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2002 ല്‍ 18 രാജ്യങ്ങള്‍ ചേര്‍ന്ന് തുടക്കമിട്ടതാണ് എസിഡി.
എല്ലാ ഏഷ്യന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ഭൂഖണ്ഡത്തില്‍ സഹകരണം വളര്‍ത്തുക, മറ്റ് സംഘടനകളെ അനുകരിക്കാതെയും അവയുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കാതെയും ഒരു ഏഷ്യന്‍ സംഘം സൃഷ്ടിക്കുക എന്നതാണ് ഏഷ്യന്‍ സഹകരണ സംഭാഷണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
നിലവില്‍ ഈ കൂട്ടായ്മയില്‍ 34 അംഗങ്ങളാണ് ഉള്ളത്. ഉദ്ഘാടനം ചെയ്യപ്പെട്ട കാലം മുതല്‍ തന്നെ എല്ലാവര്‍ഷവും മന്ത്രിതല യോഗങ്ങള്‍ നടക്കാറുമുണ്ട്. ഇത്തരം സംഭാഷണങ്ങളിലും, പദ്ധതികളിലുമാണ് സംഘടന പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഊര്‍ജ്ജം, കൃഷി, ബയോ ടെക്‌നോളജി, വിനോദ സഞ്ചാരം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഐ.ടി വികസനം, ഇ-വിദ്യാഭ്യാസം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സംഘടന നടപ്പാക്കുന്നത്.
മേഖലയില്‍ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായുള്ള വിവിധ നയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു ദോഹയില്‍ ചേര്‍ന്ന 16-ാമത് മന്ത്രിതല യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം. ഊര്‍ജ സഹകരണം, ദാരിദ്ര്യ ഉന്മൂലനം, ഗതാഗത സൗകര്യ വികസനം, മലിന്യമുക്ത പരിസ്ഥിതി, കാര്‍ഷിക-വിനോദ സഞ്ചാര പ്രോത്സാഹനം എന്നീ ആറ് തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിലൂടെ മാത്രമേ ഈ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനാവൂ.
പ്രാദേശിക വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുക, നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക എന്നിവയിലൂടെ പ്രാദേശിക സഹകരണം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.
പരിസ്ഥിത സംരക്ഷണം, രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കല്‍ തുടങ്ങിയവയിലൂടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാദേശിക സഹകരണ സംവിധാനമായി എസിഡി യെ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രിതല യോഗം ചര്‍ച്ച ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ആറ് സര്‍വകലാശാലകള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന ഒരു കരാറും ഒപ്പു വയ്ക്കപ്പെട്ടു. ഏഷ്യന്‍ ഓണ്‍ലൈന്‍ സര്‍വകലാശാല, തായ്‌ലാന്‍ഡിലെ സിയാം സര്‍വ്വകലാശാല, ബംഗ്ലാദേശിലെ ഡാഫോഡില്‍ അന്താരാഷ്ട്ര സര്‍വകലാശാല, ഇന്ത്യയിലെ പഞ്ചാബ് സര്‍വ്വകലാശാല, ഇന്തോനേഷ്യയിലെ സൗരബയ സര്‍വ്വകലാശാല, ഫിലിപ്പെന്‍സിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ സര്‍വ്വകലാശാല എന്നിവയാണ് വിദ്യാഭ്യാസരംഗത്തെ സഹകരണം ഉറപ്പാക്കുന്ന ഈ കരാറില്‍ പങ്കാളികളാകുന്നത്.

സ്‌ക്രിപ്റ്റ് : ഡോ. മൊഹമ്മദ് മുദ്ദാസ്സില്‍ ഖ്വമര്‍,
പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ വിദഗ്ധന്‍

വിവരണം : രഞ്ജിത്ത്