ഉയരുന്ന എണ്ണവില നേരിടാന്‍ ഇന്ത്യ തയ്യാര്‍

ഇറാന് എതിരെയുള്ള ഉപരോധ നിയമത്തില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയതിന്റെ സമയപരിധി അവസാനിക്കുമ്പോള്‍ എണ്ണ വിപണിയിലും ഇന്ത്യയ്ക്കുമേലും ഉള്ള ഇതിന്റെ പ്രഭാവം ദയനീയമാണ്. എണ്ണവില ബാരലിന് 70 ഡോളര്‍ കവിഞ്ഞു. ഉല്‍പാദനത്തിലുളള നഷ്ടം കാരണം ഇറാനും വെനസ്വേലയും ആഗോള എണ്ണ വിപണിയില്‍ വിതരണം കുറച്ചിരിക്കുകയാണ്.

ആഗോള തലത്തില്‍ എണ്ണയ്ക്ക് സംഭവിച്ച മൂല്യച്യുതി നികത്തുന്നതിന് പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പാദനം കുറയ്ക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഫലമായി ബ്രെന്റ് അസംസ്‌കൃത എണ്ണയുടെ വിലയില്‍ 50 ശതമാനത്തോളം വര്‍ദ്ധനയുണ്ടായി. ഇന്ത്യ ഇറാനില്‍ നിന്നും 11 ശതമാനത്തോളം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ കഴിഞ്ഞയാഴ്ച വരെ ഉപരോധത്തില്‍ നിന്നും ലഭിച്ച ഇളവ് ഇന്ത്യക്ക് ഈ വര്‍ദ്ധനവ് നേരിടാന്‍ സഹായകമായി. 2010 വരെ സൗദി അറേബ്യ കഴിഞ്ഞാല്‍ ഇറാനായിരുന്നു ഇന്ത്യക്ക് എറ്റവും അധികം അസംസ്‌കൃത എണ്ണ നല്‍കി കൊണ്ടിരിക്കുന്ന രാജ്യം. പിന്നീട് ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും ഇന്ത്യ മറ്റ് വിതരണക്കാരെ ആശ്രയിച്ചതും നിമിത്തം ഇന്ത്യക്കുള്ള എണ്ണ വിതരണത്തില്‍ ഇറാന്‍ ഏഴാമതായി മാറി.
മറ്റു ഊര്‍ജ്ജസ്രോതസ്സുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു.
2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യക്കാവശ്യമായ എണ്ണയുടെ പകുതിയിലധികം നല്‍കുന്ന ഇറാന് ആണ് ഇപ്പോള്‍ ഇന്ത്യക്ക് ഏറ്റവുമധികം അസംസ്‌കൃത എണ്ണ വിതരണം ചെയ്യുന്നത്. എണ്ണ, പ്രകൃതിവാതകം എന്നിവ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. 2021-22 ഓടെ എണ്ണ ഇറക്കുമതി പത്ത് ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യവും ഉറപ്പിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെയും വാതകത്തിന്റെയും ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് വിശാഖപട്ടണം, മംഗളുരു, പഡൂര്‍ എന്നീ മൂന്ന് സ്ഥലങ്ങളില്‍ റിസര്‍വ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്കായി 4,098.33 കോടി രൂപ സഹായവും അനുവദിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെ കാര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുളള ഏതു പ്രശ്‌നവും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്.

സ്‌ക്രിപ്റ്റ് : ജി ശ്രീനിവാസന്‍

മുതിര്‍ന്ന സാമ്പത്തിക മാധ്യമപ്രവര്‍ത്തകന്‍

വിവരണം : സുഷമ