ഇന്തോ-അമേരിക്കന്‍ വ്യാപാര സംഘര്‍ഷങ്ങള്‍

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുകള്‍ നിലവിലുള്ള രാജ്യം ഇന്ത്യയാണെന്ന് അടുത്തിടെ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ശ്രീ. വില്‍ബര്‍ റോസ്സ് പ്രസ്താവിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പതിനൊന്നാമത് US Trade winds Indo-Pacific Business Forum and Mission initiative-ല്‍ സംബന്ധിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വാര്‍ഷിക വ്യാപാര സംരംഭമാണ് ഇത്. .
ചൈന കഴിഞ്ഞാല്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇന്ത്യന്‍ വാണിജ്യ മന്ത്രിയുമായുള്ള ഉഭയകക്ഷി യോഗത്തിനിടെ,
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയെ വീണ്ടും മഹാത്തരമാക്കുക എന്ന മുദ്രാവാക്യം ശ്രീ. റോസ്സ് ആവര്‍ത്തിച്ചു.

-2-
ഇന്ത്യ-അമേരിക്ക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ നമുക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മഗാവിക് എന്ന പുതിയ പദവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ നിലവില്‍ ഇന്തോ-അമേരിക്കന്‍ വ്യാപാര ബന്ധങ്ങള്‍ അത്രകണ്ട് സുഗമമല്ല, സംഘര്‍ഷഭരിതമാണ്.
അമേരിക്കയും ചൈനയും തമ്മില്‍ അനുദിനം വഷളാകുന്ന വ്യാപാര സംഘഷര്‍ങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനവും, ജി.എസ്.പി. പദ്ധതിയുടെ കീഴില്‍ ഇന്ത്യയ്ക്കുള്ള ഇളവുകള്‍ പിന്‍വലിച്ചതും എല്ലാംതന്നെ ഇതിന് ആക്കം കൂട്ടുന്നു.
1974-ലെ വ്യാപാര നിയമത്തിന്‍ കീഴില്‍ വികസ്വര രാജ്യങ്ങള്‍ക്ക് മുന്‍ഗണനാ രീതിയില്‍ ഉത്പന്നങ്ങള്‍ നികുതിരഹിതമായി ഇറക്കുമതി ചെയ്യല്‍ സാധ്യമാക്കുന്നതാണ് ജി.എസ്.പി. അഥവാ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് പദ്ധതി. ഇന്ത്യ ജി.എസ്.പി. പദ്ധതിയുടെ വലിയ ഉപഭോക്താവ് കൂടിയാണ്. ആഗോള വ്യാപാര സംഘടന നല്‍കുന്ന മോസ്റ്റ് ഫോവേര്‍ഡ് നേഷന്‍ പദവിയില്‍ നിന്ന് വ്യത്യസ്തമാണ് ജി.എസ്.പി. ഇന്ത്യയ്ക്ക് ജി.എസ്.പി. പരിഗണന നിര്‍ത്തലാക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് പദ്ധതിയിടുന്നത്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് WTO നിയമങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
ഇലക്‌ട്രോണിക് വാണിജ്യ മേഖലയിലെ ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ വ്യാപാരം ചെയ്യലിലുള്ള ചെലവുകള്‍ വര്‍ദ്ധിപ്പിച്ചതായി ശ്രീ. റോസ്സ് പറഞ്ഞു.
-3-
പുതിയ പ്രവേശന നിയന്ത്രണങ്ങളും വിവരങ്ങള്‍ പ്രാദേശികമാക്കുന്നതിലെ നിയന്ത്രണങ്ങളും അമേരിക്കന്‍ കമ്പനികളെ ദോഷകരമായി ബാധിക്കുന്നതാണ്. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വില നിയന്ത്രണവും വ്യാപാര തടസ്സമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ അടുത്ത ഗവണ്‍മെന്റ് അധികാരമേറ്റതിന് ശേഷമേ ഈ വിഷയങ്ങളില്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയുള്ളുവെന്നും ശ്രീ. റോസ്സ് പറഞ്ഞു.
എന്നാല്‍ അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയുടെ നിരീക്ഷണങ്ങള്‍ തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. ഇന്ത്യയുടെ ശരാശരി താരീഫ് ആയ 7.5 ശതമാനം ബ്രസീലിന്റെ 10.3 ശതമാനത്തിനും ദക്ഷിണ കൊറിയയുടെ 9 ശതമാനത്തിനും താഴെയാണ്. വ്യാപാര-വാണിജ്യ മേഖലകളില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കക്കുമിടയിലുള്ള ശക്തവും വികസിക്കുന്നതുമായ ഉഭയകക്ഷി ബന്ധങ്ങളെ അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയും ഇന്ത്യന്‍ വാണിജ്യ മന്ത്രിയും അഭിനന്ദിച്ചു. 2017-ല്‍ ഉഭയകക്ഷി വ്യാപാരം 126 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2018-ല്‍ 142 ബില്യണ്‍ ഡോളറായി 12.6 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഉഭയകക്ഷി വ്യാപാര ചര്‍ച്ചാ ഫോറത്തില്‍ ഇതാദ്യമായി ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി.
അമേരിക്കന്‍ വ്യാപാര സെക്രട്ടറിയുടെ നേതൃത്വത്തില്‍ 100 അംഗ അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ സംഘമാണ് എത്തിയത്. ഇന്ത്യയില്‍ ബിസിനസ് സുഗമമായി ചെയ്യുന്നതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് വര്‍ദ്ധിച്ച
വിപണി പ്രവേശനം നല്‍കുന്നത് വിവരങ്ങള്‍ സ്വകാര്യമാക്കുന്നതിലെ നിയന്ത്രണങ്ങള്‍ നീക്കല്‍, തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളായിരുന്നു

-4-
ബിസിനസ്സ് ഫോറത്തില്‍ സംഘം ലക്ഷ്യമിട്ടത്. താരിഫ്, താരിഫേതര നിയന്ത്രണങ്ങള്‍ ഇതില്‍പ്പെടുന്നു.
ഇന്ത്യയിലെ ഇലക്‌ട്രോണിക് വ്യാപാര നയവുമായി ബന്ധപ്പെട്ട നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട വിദേശ നിക്ഷേപകര്‍ക്ക് ഗുണകരമല്ലെന്നുള്ളതാണ് ശ്രീ. റോസ്സ് ഉയര്‍ത്തിക്കാട്ടിയ പ്രധാന പ്രശ്‌നം.
മുന്‍പ് ശ്രീ. ഡോണാള്‍ഡ് ട്രംപ് ഉയര്‍ത്തിക്കാട്ടിയത് ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാപാര അസന്തുലിതാവസ്ഥയാണ്.
2017-18-ല്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി 47.9 ബില്യണ്‍ ഡോളറിന്റെയും ഇറക്കുമതി 26.6 ബില്യണ്‍ ഡോളറിന്റേയുമായിരുന്നു. ഇത്തരത്തില്‍ 21.3 ബില്യണ്‍ ഡോളര്‍ കയറ്റിറക്കുമതി വ്യത്യാസമാണ് വ്യാപാര അസന്തുലിതാവസ്ഥയായി ശ്രീ. ട്രംപ് ഉയര്‍ത്തിക്കാട്ടിയത്.
ഡാറ്റ പ്രാദേശിക സെര്‍വറുകളില്‍ സൂക്ഷിക്കാന്‍ സാമ്പത്തിക സേവന കമ്പനികളെ അനുവദിക്കുന്നതില്‍ ആര്‍.ബി.ഐ.യുടെ നയം പുനപരിശോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.ഇന്ത്യയും അമേരിക്കയും തമ്മില്‍ സന്തുലിത വ്യാപാര ബന്ധം ഉണ്ടാകണമെന്ന് അമേരിക്ക ശഠിക്കുന്നു.
എന്നാല്‍ ജി.എസ്.പി. പിന്‍വലിച്ചാല്‍ ഇന്ത്യയ്ക്ക് പകരം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നുള്ളത് വസ്തുതയാണ്. എന്തൊക്കെയായാലും ഒരു രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ തന്നെ ധര്‍മ്മമാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

സ്‌ക്രിപ്റ്റ് : ഡോ. ലേഖ ചക്രബര്‍ത്തി
നാഷണല്‍ പബ്ലിക് ഫിനാന്‍സ് & പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസര്‍.

വിവരണം : വി. സുഷമ