ദത്താ ദര്‍ബാര്‍ ചാവേര്‍ ആക്രമണം

പാകിസ്ഥാനിലെ പ്രശസ്തമായ സൂഫിദേവാലയമായ ദത്താ ദര്‍ബാറിനു സമീപമുണ്ടായ ചാവേര്‍ ആക്രമണം പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി. പുണ്യ റമദാന്‍ മാസത്തിലെ രണ്ടാം ദിനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 25-ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നത് ആ രാജ്യത്തിന് തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. റമദാന്‍ മാസത്തില്‍ ദത്താ ദര്‍ബാറിലേയ്ക്ക് ഒഴുകിയെത്തുന്ന വിശ്വാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിയോഗിച്ച ഉദ്ദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ചാവേര്‍ ആക്രമണം. പാകിസ്ഥാനിലെ സൂഫി ല്‍

ആരാധനാലയങ്ങളില്‍ ഇതാദ്യമായല്ല ഭീകരര്‍ ആക്രമണം നടത്തുന്നത്. ഇതിനു മുന്‍പ് ഷെവാനിലെ ലാല്‍ ഷാബാസ്ഖ്വാലാന്ദര്‍, പാക്പഠാനിലെ ബാബാ ഫരീദ്, കറാച്ചിയിലെ അബ്ദുളള ഷാ ഘാസി തുടങ്ങി പല സൂഫി ആരാധനാലയങ്ങളിലും ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. സൂഫികള്‍ മതനിന്ദ ചെയ്യുകയാണെന്ന കാരണത്താലാണ് അവരുടെ ആരാധനാലയങ്ങള്‍ ഭീകരര്‍ ആക്രമിക്കുന്നത്. പാകിസ്ഥാനില്‍ തന്നെയുളള ഭീകര സംഘടനകളായ പാകിസ്ഥാന്‍ താലിബാന്‍, ലഷ്‌കര്‍-ഇ-ജെംഗ്‌വി, ഹിസ്ബുള്‍ അഹ്‌റാര്‍ തുടങ്ങിയവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. സൂഫികള്‍ ബഹു ദൈവ ആരാധന നടത്തുന്നുവെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ അവരുടെ ദര്‍ഹകളോടും കടുത്ത വിദ്വേഷമാണ് ഈ സംഘടനകള്‍ക്കുളളത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സൂഫി ദേവാലയമാണ് ദത്താ ഡര്‍ബാര്‍. വര്‍ഷത്തിലെ അവസാന മൂന്നുദിവസങ്ങളില്‍ നടക്കുന്ന ഉറൂസ് ആഘോഷങ്ങള്‍ക്കായി പാകിസ്ഥാനിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി ഷിയാ വിഭാഗക്കാരും സുന്നി വിഭാഗക്കാരും ഭേദമില്ലാതെ ഇവിടെ എത്തിച്ചേരാറുണ്ട്. നാനാദേശങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളുടെ എണ്ണം ദേവാലയത്തെ ഏറെ പ്രശസ്തവും പ്രാധാന്യവുമുളളതാക്കി തീര്‍ത്തിരിക്കുന്നു. ഇക്കാരണം കൊണ്ടു തന്നെ ദേവാലയത്തിന്റെ ഭരണം രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുളള സ്വാധീന ശക്തികള്‍ കൈയടക്കിയിരിക്കുകയാണ്. ആക്രമണത്തിന് രണ്ടു ദിവസം മുന്‍പാണ് ഒരാഴ്ചത്തെ ജാമ്യം ലഭിച്ച മുന്‍ പ്രധാനമന്ത്രി നവീസ്‌ഷെരീഫ് ദത്താ ഡര്‍ബാര്‍ സന്ദര്‍ശിച്ചത്. ശക്തിക്ഷയിച്ചുപോയ പാകിസ്ഥാന്‍ മുസ്ലീംലീഗ്-നവാസിന്റെ തിരിച്ചുവരവായി ഈ സന്ദര്‍ശനത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ദേവാലയത്തിന്റെ സുരക്ഷയ്ക്ക് രാജ്യത്ത് ഏറെ പ്രാധാന്യമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും നിയമപാലകരും രാജ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നതിനാലാകണം ആക്രമണത്തില്‍ ഭീകരര്‍ അവരെ ലക്ഷ്യം വച്ചത്.
പ്രശസ്തമായ സൂഫി ആരാധനാലയത്തിലെ സുരക്ഷാ വിഭാഗത്തിനു നേരെയുണ്ടായ ആക്രമണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭീകരര്‍ ഇനിയും സൂഫി ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന സൂചന നല്‍കുമെന്നാണ് ഈ ചാവേര്‍ ആക്രമണം. മാത്രമല്ല ഉറൂസ് ഉത്സവത്തിനിടെയുളള നൃത്തവും പാട്ടും ആരാധകരെ അമിതാവേശം കൊള്ളിക്കുകയും അത് ഇസ്ലാമിക വിരുദ്ധമാണെന്ന് മത തീവ്രവാദ സംഘങ്ങള്‍ കരുതുകയും ചെയ്യുന്നു. ദത്താ ദര്‍ബാര്‍ ഭീകരാക്രമണവും ഇതാദ്യമല്ല. 2010ല്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണങ്ങളില്‍ 50ലേറെ പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
ഇത്തരം ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിന് ഭീകരസംഘങ്ങള്‍ യുവാക്കളെ ചാവേറുകളാക്കുകയാണെന്ന വസ്തുത പാകിസ്ഥാന്‍ തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നടന്ന ആക്രമണത്തിലെ മനുഷ്യബോംബ് വെറും 15 വയസ്സുളള ആണ്‍കുട്ടിയായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനില്‍ തീവ്രവാദ സംഘങ്ങള്‍ സജീവമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഹിസ്ബുള്‍ അഹ്‌റാര്‍ സംഘടനയെ പാകിസ്ഥാനില്‍ നിന്നും തുടച്ചുമാറ്റാനായെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ ഈ ആക്രമണം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വലിയ തോതില്‍ ഭീകരാക്രമണം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ദത്താ ഡര്‍ബാറിലുണ്ടായ ചാവേറാക്രമണം ഇമ്രാന്‍ഖാന്റ നേതൃത്വത്തിലുളള പാകിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. തീവ്രവാദം പാകിസ്ഥാന്‍ മണ്ണില്‍ അവസാനിച്ചിട്ടില്ലെന്നും അത് ശക്തിയോടെ തിരിച്ചുവരവിന്റെ പാതയിലാണെന്നും പാകിസ്ഥാന്‍ മനസ്സിലാക്കണം.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

സ്‌ക്രിപ്റ്റ് : ഡോ. സെയ്‌നബ് അക്തര്‍,
പാകിസ്ഥാന്‍കാര്യ വിശകലന വിദഗ്ദ്ധ

വിവരണം : അനില്‍കുമാര്‍