ഇറാന്‍- അമേരിക്ക സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

അമേരിക്ക – ഇറാന്‍ ബന്ധം കൂടുതല്‍ മോശമാകുന്നതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. സംയുക്ത പ്രവര്‍ത്തന കരാറിലെ ചില വ്യവസ്ഥകളില്‍ നിന്ന് താത്കാലികമായി പന്മാറുന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. മദ്ധ്യ-കിഴക്കന്‍ പ്രദേശങ്ങളില്‍ അമേരിക്കയുടെ സൈനിക വിന്യാസത്തില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ പ്രസിഡന്റിന്റെ നടപടി. യു. എസ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അമേരിക്കന്‍ സൈനിക വിന്യാസം നടത്തിയത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്ക പ്രസിഡന്റായ ശേഷം ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയിരുന്നു. J C P O A യില്‍ നിന്ന് പിന്മാറിയത് ഇറാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്കയെ സഹായിച്ചുവെന്നുവേണം കരുതാന്‍.
ഇറാനുമേലുള്ള അമേരിക്കയുടെ പുതിയ നയങ്ങളില്‍ ആശങ്കകള്‍ ഏറെയാണ്. ഇറാനുമായി യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ട്രംപ് നല്‍കുന്ന സൂചന. അതുകൊണ്ടു തന്നെ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ് അമേരിക്കയ്ക്ക് താല്‍പര്യം. അതിലൂടെ J C P O A യിലെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കാമെന്നാണ് യു.എസ്സിന്റെ കണക്കുകൂട്ടല്‍. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡുമാരെ ഭീകരരുടെ ലിസ്റ്റില്‍പെടുത്തിയ അമേരിക്കയുടെ നടപടി ഏറെ വിമര്‍ശന വിധേയമായിരുന്നു. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ ഔദ്യോഗിക വിഭാഗത്തെ അമേരിക്ക ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ചൈന, ഇന്ത്യ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായി.

മദ്ധ്യ-കിഴക്കന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഇറാന്‍ നീക്കങ്ങള്‍ നടത്തുന്നതായി അമേരിക്കയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിച്ചുവെന്നു വേണം കരുതാന്‍, ഇതോടെ ഇറാനെ നിലയ്ക്ക് നിര്‍ത്താനായി അമേരിക്കന്‍ വിമാന വാഹിനി എബ്രഹാം ലിങ്കണെ മദ്ധ്യകിഴക്കന്‍ ഭാഗത്തേക്ക് നിയോഗിച്ചു കഴിഞ്ഞു. അമേരിക്കയുടെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ J C P O A യിലെ വ്യവസ്ഥകളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പ്രസിഡന്റ് റുഹാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇറാന്റേത് J C P O A യില്‍ നിന്നുള്ള പിന്മാറ്റമല്ലെന്നും പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്നുള്ള താല്‍ക്കാലിക നിലപാടാണെന്നും വ്യക്തമാക്കുകയുണ്ടായി.
ഇറാനുമായുള്ള കരാറില്‍ നിന്നും പിന്മാറാനും ഉപരോധം ഏര്‍പ്പെടുത്താനുമുള്ള അമേരിക്കന്‍ തീരുമാനം നിര്‍ഭാഗ്യകരം എന്നാണ് ആണവ സഖ്യത്തിലുള്ള മറ്റു രാജ്യങ്ങളുടെ അഭിപ്രായം കരാറിനെ സംരക്ഷിക്കാന്‍ യുറോപ്യന്‍ യൂണിയന്‍ ആവതു പരിശ്രമിച്ചിരുന്നു. ഇറാന്‍ സ്വന്തം തീരുമാനത്തിലുറച്ചു നിന്നാല്‍ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഉന്നയിക്കാന്‍ അമേരിക്ക ശ്രമിക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുകയേ ഉള്ളൂ.

ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളെയും ചര്‍ച്ചകള്‍ക്കായി പ്രേരിപ്പിക്കുക എന്ന ഉത്തരവാദിത്വമാണ് യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനുള്ളത്.
ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയ്ക്ക് ഇറാന്‍-അമേരിക്ക സംഘര്‍ഷം കൂടി താങ്ങാനുള്ള ശേഷിയില്ല. രാജ്യങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പമല്ല മറിച്ച് ഐക്യരാഷ്ട്ര സഭ എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരം ചര്‍ച്ചകളിലൂടെ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധം ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങളെ ബാധിക്കാനിടയുണ്ട്. ഇന്ത്യ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണിത്. ഇറാനും അമേരിക്കയും ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളാണെന്നതിനാല്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയുടെ താല്പര്യങ്ങളെയും ബാധിക്കുമെന്നതാണ് ശ്രദ്ധേയം.
സ്‌ക്രിപ്റ്റ് : ഡോ. ആസിഫ് ഷുജ,
ഇറാന്‍ യുദ്ധകാര്യ വിശകലന വിദഗ്ദ്ധന്‍

വിവരണം : രഞ്ജിത്