വിയറ്റ്‌നാം ബന്ധത്തില്‍ പുത്തന്‍ ഉണര്‍വ്വ്

വിയറ്റ്‌നാമുമായുളള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു വിയറ്റ്‌നാമില്‍ നാലു ദിവസത്തെ സന്ദര്‍ശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര ബന്ധം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിയറ്റ്‌നാമിലെ രാഷ്ട്രീയ നേതാക്കളുമായ ആശയവിനിമയം നടത്തിയ ശ്രീ നായിഡു, അവിടത്തെ ഇന്ത്യന്‍ സമൂഹവുമായും സൗഹൃദം പങ്കിട്ടു. ഇരുരാജ്യങ്ങളും തമ്മിലുളള സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ വിയറ്റ്‌നാം ഉപരാഷ്ട്രപതി ദാങ് തിങ്‌കോ തിന്‍ഹ്, വിയറ്റ്‌നാം പ്രധാനമന്ത്രി നുവാന്‍ ഝുവാന്‍ ഫുക്, ദേശീയ അസംബ്ലി ചെയര്‍പേഴ്‌സണ്‍ ന്യൂയെന്‍ തി കിം ജ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിയറ്റ്‌നാമിലെ ഹാനാം പ്രവിശ്യയിലെ താം ചുക് പഹോഡയില്‍ സംഘടിപ്പിച്ച ഐക്യരാഷ്ട്രദിനാഘോഷ പരിപാടികളിലും ശ്രീ നായിഡു മുഖ്യ പ്രഭാഷണം നടത്തി. ‘ആഗോള നേതൃത്വത്തില്‍ ബുദ്ധമത സമീപനം, സുസ്ഥിര സമൂഹത്തിനായുളള ഉത്തരവാദിത്വങ്ങള്‍’ എന്നതായിരുന്നു പരിപാടിയുടെ പ്രമേയം.
2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിയറ്റ്‌നാം സന്ദര്‍ശന ശേഷം നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കന്നതിനു വേണ്ടി, ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയ നേതാക്കള്‍ നിരവധി തവണ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. 2018 ലെ ഉപരാഷ്ട്രപതിയുടെ വിയറ്റ്‌നാം സന്ദര്‍ശനത്തെ തുടര്‍ന്ന് 2018 ജനുവരിയിലും മാര്‍ച്ചിലും വിയറ്റ്‌നാം പ്രധാനമന്ത്രിയും, രാഷ്പ്രതിയും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതിലൂടെ പ്രതിരോധ സുരക്ഷാ സഹകരണം, പുതിയ സാമ്പത്തിക പങ്കാളിത്തം ഉള്‍പ്പെടെയുളള നിരവധി കരാറുകളില്‍ പരസ്പര ധാരണയിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇന്തോ-പസിഫിക് മേഖലയില്‍ സമാധാനം, സുരക്ഷിതത്വം, സഹവര്‍ത്തിത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കാനാണ് ഇരു രാജ്യ നേതാക്കളും ഈ സഹകരണം വഴി ലക്ഷ്യമിടുന്നത്.
പ്രവാസി ഇന്ത്യാക്കാരുടെ ഉന്നമനമാണ് ഇന്ത്യന്‍ വിദേശ നയത്തിന്റെ പ്രധാന കാതല്‍. ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നത് ഇക്കാര്യത്തിനാണെന്ന് ഹാനോയിന്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ
ശ്രീ വെങ്കയ്യ നായിഡു പറഞ്ഞു.
ദേശീയ പരമാധികാരങ്ങള്‍ അംഗീകരിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇന്തോ-പസിഫിക് മേഖലയില്‍ സമാധാനപരമായ അന്തരീക്ഷം കെട്ടിപ്പെടുക്കേണ്ടതിന്റെ പ്രാധാന്യം വിയറ്റ്‌നാം വൈസ് പ്രസിഡന്റുമായുളള കൂടിക്കാഴ്ചയില്‍ ശ്രീ നായിഡു ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസം, ധാരണ, അന്താരാഷ്ട്ര-മേഖലാ വിഷയങ്ങളിലുളള ഒരുമ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുളള പരസ്പര ധാരണയ്ക്കാണ് ഇരു രാജ്യങ്ങളും മുന്‍കൈ എടുക്കുന്നത്.
ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ നയതന്ത്ര സന്ത്രപ്രധാനമായ നെടുംതൂണായി വര്‍ത്തിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. അതുപോലെ ആസിയാനില്‍ ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. ദക്ഷിണ ചൈനാ കടല്‍ പങ്കിടുന്ന രാജ്യങ്ങള്‍ക്കുളള പെരുമാറ്റച്ചട്ടത്തില്‍ സമവായം ആഗ്രഹിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും വിയറ്റ്‌നാമും. ഇന്ത്യന്‍ മഹാസമുദ്രം, പടിഞ്ഞാറന്‍-മധ്യ-പസഫിക് സമുദ്രം എന്നിവ കൂടി ചേരുന്ന ജൈവ-ഭൂമി ശാസ്ത്ര മേഖലകൂടിയാണ് ഇന്തോ-പസിഫിക് മേഖല. തര്‍ക്ക വിഷയമായ ദക്ഷിണ ചൈനാ കടലില്‍ ‘ജലഗതാഗത സ്വാതന്ത്രത്തിനായി’ അമേരിക്ക ശ്രമങ്ങള്‍ നടത്തുകയാണ്. എന്നാല്‍ അമേരിക്കന്‍ നടപടി തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നാണ് ചൈനയുടെ വാദം. ദക്ഷിണ ചൈനകടലിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം തങ്ങള്‍ക്കാണെന്നാണ് ചൈനയുടെ അവകാശവാദം. അമേസമയം ബ്രൂണേ, മലേഷ്യ, ഫിലിപ്പിന്‍സ്, വിയറ്റ്‌നാം, തായ്‌വാന്‍ എന്നി രാജ്യങ്ങളും അവരുടേതായ മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതാണ് ദക്ഷിണ ചൈന കടലിനെ സംഘര്‍ഷഭരിതമാക്കുന്നത്.
ഉഭയകക്ഷി തലത്തില്‍ ഇന്ത്യാ-വിയറ്റ്‌നാം ബന്ധം പല മേഖലകളിലും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. പ്രതിരോധം, സുരക്ഷിതത്വം, ആണവോര്‍ജ്ജം, ശാസ്ത്ര സാങ്കേതിക വിദ്യ, എണ്ണ, പ്രകൃതിവാതകം, പുനരുല്പാദന ഊര്‍ജ്ജം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം 14 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് ഇത് 7.8 ബില്യണ്‍ ഡോളറിന്റേതു മാത്രമായിരുന്നു. വ്യാപാരം 2020 ഓടെ 15 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഊന്നല്‍ നല്‍കുന്നുമുണ്ട്. കുറച്ചുനാള്‍ മുമ്പുവരെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന് ധാരാളം തടസ്സങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ നിന്നും ഹാനോയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഇല്ല. വാണിജ്യ പരമായി ലാഭകരമല്ലെന്ന കാരണമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ രണ്ടു തലസ്ഥാനങ്ങളിലേക്കും വിമാന സര്‍വ്വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി സാധ്യമാകുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര-ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തയ്യാറാക്കിയത് : പ്രൊഫ. രാജാറാം പാണ്‌ഡെ
ലോക്‌സഭാ റിസര്‍ച്ച് ഫെലോ, ഇന്ത്യന്‍ പാര്‍ലമെന്റ്

വിവരണം : സുഷമ