ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന വേളയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവദ് സ്സരീഫിന്റെ ഇന്ത്യ സന്ദര്‍ശനം. ഇറാന്റെ വിദേശകാര്യ നയത്തില്‍ ഇന്ത്യയ്ക്കുള്ള പ്രാധാന്യമാണ് ഈ സന്ദര്‍ശനം വെളിവാക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ജാവദ് സ്സെരീഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള മേഖലാ സാഹചര്യങ്ങളില്‍ ഇരുരാജ്യങ്ങളുടേയും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ സന്ദര്‍ശനം അവസരമൊരുക്കി. സഹസ്രാബ്ദങ്ങളായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് പുറമേ,
അടുത്തിടെ ഊര്‍ജ്ജമേഖലയിലും ഗതാഗത വാര്‍ത്താ വിനിമയ രംഗത്തും ഇറാന്‍ ഇന്ത്യയുമായി ദൃഢമായ ബന്ധം പുലര്‍ത്തിവരുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ ഇറാന് പ്രഥമ സ്ഥാനമാണുള്ളത്. ദീര്‍ഘകാലമായി ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യമാണ് ഇറാന്‍. എണ്ണ വ്യാപാര രംഗത്ത് ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇറാനില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി തുടരുകയായിരുന്നു. ന്യൂക്ലിയര്‍ ഉടമ്പടിയിലെ അമേരിക്കയുടെ ഒടുവിലത്തെ നിലപാടുകളിലും ഇതേ സമീപനം തന്നെയാണ് ഇന്ത്യ സ്വീകരിച്ചത്. എണ്ണ വ്യാപാര രംഗത്തെ പണമിടപാടുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ അവസരത്തിലും ഇന്ത്യ ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ഈ ഘട്ടങ്ങളില്‍ ഇന്ത്യ നല്‍കിയ പിന്തുണ ഇറാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിദേശകാര്യമന്ത്രി ജാവദ് സ്സെരീഫിന്റെ ഇന്ത്യ സന്ദര്‍ശനം.
അമേരിക്കയുമായും ഇന്ത്യയ്ക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ട്. അടുത്ത കാലത്തായി പ്രതിരോധ സാമഗ്രികള്‍ക്കായുള്ള ഇന്ത്യയുടെ പ്രധാന സ്രോതസ് കൂടിയാണ് അമേരിക്ക. അമേരിക്കയുമായി വൈവിധ്യപൂര്‍ണമായ വ്യവസായ സംരംഭകത്വ ബന്ധവും ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയുമായും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം നിര്‍ണായകമാണ്. അനുകൂലമായി നോക്കുമ്പോള്‍ ഇന്ത്യയുടെ ഈ നിലപാട്

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മാധ്യസ്ഥം വഹിക്കാന്‍ പോന്ന തരത്തിലുള്ളതാണെന്ന് മനസ്സിലാക്കാം.
ഐക്യരാഷ്ട്ര സഭയിലെ 5 സ്ഥിരാംഗങ്ങളും ജര്‍മ്മനിയും ഇറാനും ഉള്‍പ്പെട്ട സംയുക്ത സമഗ്ര കര്‍മ്മ പദ്ധതിയുടെ ഭാഗമല്ല ഇന്ത്യയെങ്കിലും ആണവ ഉടമ്പടിയെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട അണ്വായുധ വിവാദം ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായാണ് ഈ ഉടമ്പടിയെ ഇന്ത്യ കാണുന്നത്. അമേരിക്ക ഏകപക്ഷീയമായി എടുത്ത ഉടമ്പടിയിലെ കടുത്ത നിബന്ധനകള്‍ ഇറാന്‍ സഹിക്കുകയാണെന്ന് ഇന്ത്യയ്ക്കറിയാം. അമേരിക്കയുടെ നിലപാടുകള്‍ കാരണം ഇറാനും ഉടമ്പടിയിലെ ചില കാര്യങ്ങളില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. പേര്‍ഷ്യന്‍ കടലിടുക്കിലെ സൈനിക വിന്യാസം ഉള്‍പ്പെടെ ഇറാനെതിരെ അമേരിക്ക എടുത്ത പിന്‍വാങ്ങല്‍ നടപടികള്‍ സ്ഥിതിഗതികളെ കൂടുതല്‍ ഗുരുതരമാക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ കാരണം സംഘര്‍ഷം മേഖലയില്‍ മാത്രം ഒതുങ്ങാതെ പുറത്തേക്ക് വ്യാപിക്കാനും സാധ്യതയേറെയാണ്. ഗള്‍ഫ് മേഖല ഇന്ത്യയുടെ സമീപമായതിനാല്‍ മേഖലയിലെ ഇത്തരം സംഘര്‍ഷങ്ങള്‍ ഇന്ത്യയ്ക്ക് ഭൂഷണമായിരിക്കുകയില്ല.

ഈ സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം അമേരിക്കന്‍
നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും സന്ദര്‍ശനം വേദിയായിട്ടുണ്ട്. മാത്രമല്ല ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇറാന്‍ അമേരിക്ക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യയ്ക്ക് പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം സൂചന നല്‍കുന്നു.

തയ്യാറാക്കിയത് : ഡോ. ആസിഫ് ഷൂജ
ഇറാന്‍കാര്യ വിശകലന വിദഗ്ധന്‍

വിവരണം : അനില്‍കുമാര്‍