ന്യൂഡല്‍ഹിയില്‍ നടന്ന ലോക വ്യാപാരസംഘടനയുടെ മന്ത്രിതല യോഗം

ലോകവ്യാപാര സംഘടനയില്‍ അംഗങ്ങളായ അവികസിത, വികസ്വര രാജ്യങ്ങളുടെ ശാക്തീകരണത്തിനായി ഈ രാജ്യങ്ങള്‍ക്ക് സവിശേഷവും പ്രത്യേകവുമായ പരിഗണന നല്കുന്ന സംവിധാന ആവിഷ്‌ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചകളില്‍ ഉണ്ടായി. വികസിത രാജ്യങ്ങള്‍ ലോകവ്യാപാരസംഘടനയുടെ സംരക്ഷണയിലുള്ള ബഹുമുഖമായ വ്യാപാര പ്രക്രിയകളെ ശക്തിപ്പെടുത്തി ഇളവുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ആഗോളവ്യാപാരം ശക്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് 22 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. അമേരിക്കയും മറ്റു രാജ്യങ്ങളുംതമ്മില്‍ നിലനില്ക്കുന്ന വ്യാപാര തര്‍ക്കങ്ങളില്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത തീരുമാനങ്ങളെച്ചൊല്ലി ലോകവ്യാപാര സംഘടനയിലെ തര്‍ക്ക പരിഹാരസമിതിയില്‍ അംഗങ്ങളെ നിയോഗിക്കുന്നതിനെ ഏതിര്‍ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയും വിമര്‍ശന വിധേയമായി. സമിതിയിലെ അംഗങ്ങളെ നിയോഗിക്കാന്‍ ലോകവ്യാപാരസംഘടനയിലെ അംഗങ്ങള്‍ സൃഷ്ടിപരമായ ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദശകങ്ങളായി ഉരുത്തിരിഞ്ഞു വന്ന സ്വതന്ത്ര വ്യാപാരത്തിന്റെ നേട്ടങ്ങള്‍ അട്ടിമറിച്ച് പ്രമുഖ രാഷ്ട്രങ്ങള്‍ സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിനു കാണിക്കുന്ന അമിത വ്യഗ്രത ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ വാണിജ്യമന്ത്രിയാണ് ഈ ദിശയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ലോകവ്യാപാരസംഘടന കൊണ്ടുള്ള നേട്ടങ്ങള്‍ അവികസിത, വികസ്വര രാജ്യങ്ങളില്‍ വസിക്കുന്ന 730 കോടി ജനങ്ങള്‍ക്ക് നിഷേധിക്കാന്‍ പാടില്ലെന്ന ശക്തമായ ആവശ്യവും മന്ത്രി മുന്നോട്ടു വച്ചു. ഇതേവികാരങ്ങള്‍ പങ്കുവച്ച WTO ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ട് അസെവെഡോ സംഘടനയില്‍ പരിഷ്‌ക്കരണം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് പറഞ്ഞത് ഇത് നിങ്ങളുടെ സംഘടനയാണ്; നിങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്നാണ്. ലോകവ്യാപാര സംഘടനയുടെ പ്രവര്‍ത്തനാവലോകനം, തര്‍ക്കപരിഹാരം, പരസ്പര ചര്‍ച്ചകള്‍ എന്നീ മൂന്നു നെടുംതൂണുകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.
അവികസിത , വികസ്വര രാജ്യങ്ങള്‍ക്കായി സവിശേഷവും പ്രത്യേകവുമായ സംവിധാനം നടപ്പാക്കുമ്പോള്‍ ആ സംവിധാനം പ്രതിസന്ധി പരിഹരിക്കാന്‍ കെല്പുള്ളതായിരിക്കണമെന്നും അസെവെഡോ പറഞ്ഞു. വ്യാപാരം സുഗമമാക്കുന്നതിന് രാജ്യങ്ങള്‍ സ്വന്തം അളവു കോല്‍ തയ്യാറാക്കണം. വ്യവസ്ഥകള്‍ വികസിത രാജ്യങ്ങള്‍ക്കനുകൂലമാണെന്നും ഇതില്‍മാറ്റം വരുത്തി അവികസിത രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വിധത്തില്‍ പുനരാവിഷ്‌ക്കരിക്കണമെന്നും ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. കസാഖിസ്ഥാന്‍, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ഗ്വാട്ടിമാല എന്നീ അഞ്ചു രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിച്ചു. WTO-യിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ജെ.എസ്.ദീപക് ഇന്ത്യയുടെ നിലപാട് സുവ്യക്തമാണെന്നും അറിയിച്ചു. പ്രത്യേക സംവിധാനം അത്യാവശ്യമാണെന്നും രാജ്യങ്ങളുടെ ഇടയില്‍ കൂടുതല്‍ കൂടുതല്‍ തരംതിരിവുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സവിശേഷവും പ്രത്യേകവുമായ പരിഗണനാ സംവിധാനം എന്ന ആശയം പങ്കെടുത്ത 22-ല്‍ 17 രാജ്യങ്ങളും അനുകൂലിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കാം.
ഇന്ത്യയൊഴികെയുള്ള 75 രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ഇ-കോമേഴ്‌സ് സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല. എന്നാല്‍ വിവിധതലങ്ങളിലെ നടപടിക്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ലോക വ്യാപാര കരാറിന് അനുപൂരകമായി വിവിധ സ്ഥലങ്ങളിലും വിവിധ തലങ്ങളിലും അഭിപ്രായ സമന്വയത്തിലൂടെ വ്യാപാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസ്താവനയില്‍ എടുത്തു പറയുന്നു. ആഗോള വ്യാപാരത്തിന് ലോകവ്യാപാരസംഘടനയ്ക്ക് ദിശാബോധം നല്കുന്നതും, ചലനാത്മകവുമായിരുന്നു ഡല്‍ഹി ചര്‍ച്ചകള്‍ എന്നു നിസ്സംശയം പറയാവുന്നതാണ്.

തയ്യാറാക്കിയത് : ജി.ശ്രീനിവാസന്‍,
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
വിവരണം : രഞ്ജിത്ത്