പോംപിയോ -ലവ്‌റോവ് കൂടിക്കാഴ്ച : അമേരിക്ക-റഷ്യ ബന്ധങ്ങളിലെ പിരിമുറുക്കം കുറയ്ക്കാനുള്ള പരിശ്രമം.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനവും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുഡിന്‍, റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലവ്‌റോവ് എന്നിവരുമായി നടന്ന ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്ക്കുന്ന അസ്വാരസ്യങ്ങളില്‍ അമേരിക്ക പുതിയ തന്ത്രം സ്വീകരിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയ ശീതസമരം അന്താരാഷ്ട്ര സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. പഴയ സോവിയറ്റ് യൂണിയനുള്ള പ്രാധാന്യം അതിന്റെ ഒരു ഭാഗം മാത്രമായ റഷ്യയ്ക്ക് കല്പിച്ചു നല്കുമെന്ന കാരണത്താല്‍ അസ്വാരസ്യങ്ങളെ ചെറിയ ശീത സമരം എന്നു വിശേഷിക്കുന്നതില്‍ അമേരിക്കന്‍ വിദേശനയ വിദഗ്ധര്‍ തല്പരരല്ല.

ശീത സമരകാലത്ത് അന്താരാഷ്ട്ര സമൂഹം ഇരു രാജ്യങ്ങളെയും തുല്യ നിലയിലുള്ള ആണവശക്തികളായാണ് കണക്കാക്കിയിരുന്ന തെങ്കിലും തങ്ങള്‍ക്കു തുല്യരാണ് സോവിയറ്റ് യൂണിയന്‍ എന്ന് ഒരിക്കലും അമേരിക്കന്‍ ഭരണകൂടം സമ്മതിച്ചിരുന്നില്ല.
സാമ്പത്തികമായ മുന്‍തൂക്കവും സാങ്കേതിക വൈദഗ്ധ്യത്തിലെ മുന്‍തൂക്കമെന്ന അവകാശവാദവും അമേരിക്കയ്ക്ക് നേരിയ മുന്‍തൂക്കം കല്പിച്ച് നല്‍കുന്നതിന് കാരണവുമായിരുന്നു.
റഷ്യയുടെ വന്‍ ശക്തിയായുള്ള തിരിച്ചുവരവും ആണവ മിസൈല്‍ സാങ്കേതികത കൊണ്ട് അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നതും അംഗീകരിച്ചുകൊടുക്കാന്‍ അമേരിക്ക ഇപ്പോഴും തയ്യാറായിട്ടില്ല.
പോയ കാലത്തെ വന്‍ശക്തിയായ റഷ്യയും ഇപ്പോഴത്തെ വന്‍ ശക്തിയായ അമേരിക്കയും തമ്മില്‍ നടക്കുന്ന ചെറിയ ശീതസമരം അന്താരാഷ്ട്ര സമൂഹം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇറാന്റെ ആണവ പരിപാടികള്‍ക്കും, സിറിയന്‍ ഗവണ്‍മെന്റിനും, വെനസ്വേലെയിലെ മഡുറോ ഗവണ്‍മെന്റിനും റഷ്യ നല്‍കുന്ന പിന്തുണ ഇവിടങ്ങളില്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന അമേരിക്കയ്ക്ക് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ദക്ഷിണ ഒസേഷ്യ, ജോര്‍ജ്ജിയ, കിഴക്കന്‍ ഉക്രൈയ്ന്‍ എന്നിവിടങ്ങളില്‍ സൈനികമായ ഇടപെടലുകള്‍ നടത്തുകയും, ക്രെമിയയെ റഷ്യയിലേക്ക് കൂട്ടി ചേര്‍ക്കുകയും ചെയ്തപ്പോള്‍ അമേരിക്കയ്ക്ക് കാഴ്ചക്കാരാകാനേ കഴിഞ്ഞിരുന്നുള്ളൂ.
മുന്‍ഗാമിയായ ബരാക്ക് ഒബാമയെപ്പോലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനര്‍ നിര്‍വ്വചിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ശക്തനായ ഭരണാധികാരി എന്ന് ട്രംപ് തന്നെ വിശേഷിപ്പിച്ച പുചിനുമായുള്ള ബന്ധ ങ്ങള്‍ക്ക് ആഭ്യന്തര രാഷ്ട്രീയമാണ് തടസ്സമായി നില്‍ക്കുന്നത്. ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് പ്രസിഡന്റാകാന്‍ ട്രംപിന് റഷ്യന്‍ സഹായമുണ്ടായതായി ആരോപണമുണ്ടാ യിരുന്നു. ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ മ്യൂളര്‍, ട്രംപിനെ കുറ്റവിമുക്തനാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പരിശ്രമം അമേരിക്ക ആരംഭിച്ചിരുന്നു. പോംപിയോ – ലവ്‌റോവ് ചര്‍ച്ചകള്‍ നല്‍കുന്ന സൂചനയും ഇതുതന്നെയാണ്. അമേരിക്കയ്ക്ക് ബഹുമുഖ ലക്ഷ്യങ്ങളാ ണുള്ളത്. റഷ്യയും ചൈനയും കൂടുതല്‍ അടുക്കുന്നത് തടയുകയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കങ്ങളില്‍ മുന്‍കൈ നേടുകയുമെന്നതാണ് ഒരു ലക്ഷ്യം. ഇറാനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും സിറിയയില്‍ തങ്ങളുടെ താല്പര്യം സംരക്ഷിക്കാനും ഇതുവഴി അമേരിക്കയ്ക്ക് കഴിയും.
റഷ്യയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുമെന്ന് പറയാറായിട്ടില്ല. യൂറോപ്പുമായുള്ള ഊര്‍ജ്ജ സഹകരണത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കുന്ന റഷ്യ നാറ്റോ രാഷ്ട്രങ്ങളുമായി ട്രംപ് ഭരണകൂടത്തിനുള്ള അഭിപ്രായവ്യത്യാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. എതിരാളികളെ ഉപരോധം കൊണ്ട് ബുദ്ധിമുട്ടിക്കാനും ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ആയുധ വ്യാപാരത്തില്‍ നിന്ന് റഷ്യയെ തടയാനുമുള്ള ശ്രമങ്ങള്‍ റഷ്യയുടെ നീരസത്തിനിടയാക്കിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര സ്ഥിരതയ്ക്കും ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കും അനിവാര്യമാണ്. ശീതസമരകാലത്ത് ഇന്ത്യ പക്ഷംപിടിച്ചിരുന്നില്ല. ഇന്ത്യയുമായി ആയുധവ്യാപാരം വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന അമേരിക്ക റഷ്യ – ഇന്ത്യ ആയുധ വ്യാപാരത്തോട് തല്പരരല്ല. റഷ്യയുമായുള്ള എസ്-400 മിസൈല്‍ കരാറിനെതിരെ അമേരിക്ക രംഗത്ത് വന്നത് പരിഗണിക്കുമ്പോള്‍ വാഷിംഗ്ടണ്‍ – മോസ്‌കോ ബന്ധങ്ങള്‍ മെച്ചപ്പെടേണ്ടത് ഇന്ത്യയ്ക്കും പ്രധാനമാണ്.

 

സ്‌ക്രിപ്റ്റ് : പ്രൊഫ. ചിന്താമണി മഹാപത്ര
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രോ.വൈസ് ചാന്‍സിലറും അമേരിക്കന്‍ പഠനകേന്ദ്രം അദ്ധ്യക്ഷനും.
വിവരണം : ഷീജ