ജപ്പാന്‍ – ദക്ഷിണ കൊറിയ വ്യാപാര സംഘര്‍ഷം

കിഴക്കനേഷ്യന്‍ സാമ്പത്തിക ശക്തികളായ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയാണ്. ദക്ഷിണകൊറിയയിലേയ്ക്കുള്ള മൂന്നോളം രാസവസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജപ്പാനാണ് ഇതിന് തുടക്കമിട്ടത്. ഹൈഡ്രജന്‍ ഫ്‌ളൂറൈഡ് ഗ്യാസ്, ഫ്‌ളൂറിനേറ്റഡ് പോളിമൈഡ്, വന്‍കിട വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഫോട്ടോ – റെസിസ്റ്റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ സുരക്ഷ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് ജപ്പാന്റെ വാദം.
ഇത്തരം രാസവസ്തുക്കളുടെ ഉപയോഗത്തെ സംബന്ധിച്ച് ജപ്പാന്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അതിലുപരി വിശ്വസ്തരായ വ്യാപാര പങ്കാളികളുടെ പട്ടികയില്‍ നിന്നും ദക്ഷിണകൊറിയയെ നീക്കം ചെയ്യാനും ജപ്പാന്‍ നടപടി സ്വീകരിച്ചു. ഇത് ഉല്‍പ്പന്നങ്ങളുടെ ആഗോള വിതരണ ചങ്ങലയെയും ബാധിച്ചേക്കാം.
പ്രമുഖ ദക്ഷിണ കൊറിയന്‍ കമ്പനികളെല്ലാം തന്നെ ചിപ്പിന്റെയും അതിനൂതന കട്ടിംഗ് – എഡ്ജ് സ്‌ക്രീനുകളുടെയും നിര്‍മ്മാണത്തി നായി ജപ്പാനെയാണ് കൂടുതലായും ആശ്രയിച്ചുവരുന്നത്. അതെന്തായാലും ദക്ഷിണ കൊറിയയിലേയ്ക്ക് ഇത്തരം രാസ വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് ജപ്പാനിലെ കയറ്റുമതി ക്കാര്‍ക്ക് പ്രത്യേക അനുവാദം വേണ്ടിവരും. ഇതിന് 90 ദിവസം വരെ വേണ്ടി വന്നേക്കാം. ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്ക് ഉല്‍പ്പാദനം നിലനിര്‍ത്തുന്നതിനായി ഇവ സംഭരിച്ചേ മതിയാവൂ. നിലവിലെ സ്ഥിതി ഇതാകയാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുകയാണ്. അതുകൊണ്ടുതന്നെ സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തെ ഇത് പ്രതികൂലമായി ബാധിക്കാം.
അതിനിടെ ദക്ഷിണ കൊറിയ ‘വൈറ്റ് ലിസ്റ്റ് ഫാസ്റ്റ് – ട്രാക്ക് ട്രേഡ് സ്റ്റാറ്റസില്‍’ നിന്ന് ജപ്പാനെയും തരംതാഴ്ത്തി. ഇതിനുപരിയായി, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ വിഷയം അവതരിപ്പിച്ച് അന്താരാഷ്ട്ര പിന്തുണ ശേഖരിക്കുന്നതിനും ദക്ഷിണകൊറിയ ശ്രമിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ അത്, ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും.
ദക്ഷിണ കൊറിയയെ സംബന്ധിച്ചിടത്തോളം സാമ്പത്തികവളര്‍ച്ച 2.6 – 2.7 ശതമാനത്തില്‍ നിന്നും 2.4 – 2.5 ശതമാനമായി കുറയുകയും ചെയ്തു. ജപ്പാന്റെ കയറ്റുമതി നിയന്ത്രണങ്ങള്‍ നേരിടുന്നതിനായി ദക്ഷിണകൊറിയ 1.6 ബില്യണ്‍ ഡോളറിന്റെ സഹായം പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്ക് പ്രഖ്യാപക്കു കയുണ്ടായി. ഇതോടൊപ്പം ചൈനയേയും ആശ്രയിക്കാന്‍ അവര്‍ തയ്യാറാകുന്നു.
ജപ്പാന്റെ ഇപ്പോഴത്തെ നടപടി ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ വരുത്തുമെന്നാണ് ദക്ഷിണ കൊറിയയുടെ വിലയിരു ത്തല്‍. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ പറയുന്നു. ജപ്പാനിലെ മിത്‌സുബിഷി വ്യവസായ സ്ഥാപനത്തിന് 2018 ല്‍ ദക്ഷിണ കൊറിയയിലെ സുപ്രീം കോടതി രാഷ്ട്രപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പിഴ വിധിച്ചിരുന്നു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിപ്പോണ്‍ സ്റ്റീല്‍ കോര്‍പ്പറേഷനും നാചി – ഫുജികോഷി കോര്‍പ്പറേഷനും കോടതി പിഴയിട്ടിരുന്നു. ഇക്കാരണങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആവാമെന്ന് ദക്ഷിണകൊറിയ ആരോപിക്കുന്നത്.
അതെന്തായാലും ഇരുരാഷ്ട്രങ്ങളും പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ ഇച്ഛാശക്തി കാട്ടേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിട ത്തോളം ജപ്പാനും ദക്ഷിണകൊറിയയും തന്ത്രപരമായി പ്രാധാന്യ മുള്ള പങ്കാളികളാണ്. അതുകൊണ്ടു തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യം കൂടിയാണ്.

തയ്യാറാക്കിയത് : ഡോ. തിത്‌ലി ബസു,
കിഴക്ക് – തെക്കുകിഴക്കന്‍ ഏഷ്യ വിശകലന വിദഗ്ദ്ധ

വിവരണം : കവിത സുനു