പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ജി-7 വേദിയില്‍ നടത്തിയ കൂടിക്കാഴ്ച

 

ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റ് ക്ഷണപ്രകാരം ആയിരുന്നു അത്. കാലാവസ്ഥാ വ്യതിയാനം ഇറാന്‍ ആണവകരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും പുലര്‍ത്തുന്ന പൊതു താത്പര്യങ്ങളും ഇങ്ങനെയൊരു നീക്കത്തിന് കാരണമായെന്ന് വേണം കരുതാന്‍. ജി-7 ഉച്ചകോടിയ്ക്കിടെ ശ്രീ മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇന്ത്യാ-അമേരിക്ക വ്യാപാര-വാണിജ്യകാര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തു. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക ചുങ്കം ചുമത്തുന്നു, ലോകവ്യാപാര സംഘടന നല്‍കിയ വികസ്വര രാജ്യ പദവിയിലൂടെ ഇന്ത്യയ്ക്ക് അധിക പ്രയോജനം കിട്ടുന്നു എന്നൊക്കെ ട്രംപ് ആരോപിച്ചതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നുള്ള ഉരുക്കിന് അമേരിക്ക ഇറക്കുമതി ചുങ്കം ചുമത്തുകയും ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന എടുത്തുകളയുകയും ചെയ്തിരുന്നു. ഇതിനു ബദലെന്നവണ്ണം 28 അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഈ ജൂണില്‍ ഇന്ത്യയും ചുങ്കം ചുമത്തിയിരുന്നു.
രണ്ടു രാജ്യങ്ങള്‍ക്കിടയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ വാണിജ്യമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിപണികള്‍ തുറന്നു കിട്ടുന്നതിലും നികുതി നിരക്കുകളിലും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വ്യത്യസ്ത താത്പര്യങ്ങളുണ്ട്. അടുത്തിടെയായി ഉയര്‍ന്നു വന്ന അസ്വാരസ്യങ്ങള്‍ ഒരു തര്‍ക്കത്തിലേയ്ക്ക് വഴി തുറക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.
ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള വഴികളും ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഈ തര്‍ക്കങ്ങള്‍ പരിഗണിച്ച് അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
അടുത്ത സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനായി ശ്രീ മോദി അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരു രാഷ്ട്രങ്ങളും ഏറെ പ്രതീക്ഷവയ്ക്കുന്ന മേഖലയാണ് ഊര്‍ജ്ജം.
ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്ന പ്രധാനമന്ത്രി ഊര്‍ജ്ജ മേഖലയിലെ വ്യവസായികളുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കയില്‍ നിന്നും എങ്ങനെ ഊര്‍ജ്ജം ഇറക്കുമതി ചെയ്യാം, അമേരിക്കന്‍ ഊര്‍ജ്ജ മേഖലയില്‍ എങ്ങനെ നമുക്ക് നിക്ഷേപം നടത്താം എന്നും അവിടെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ ട്രംപുമായും പ്രധാനമന്ത്രി അന്ന് കൂടിക്കാഴ്ച നടത്തും. പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
പ്രധാനമന്ത്രി പദത്തില്‍ ശ്രീ മോദി തുടര്‍ച്ചയായ രണ്ടാംവട്ടം എത്തിയതിനുശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ചതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്നതും പ്രധാനമാണ്.
വിഷയത്തില്‍ പാകിസ്ഥാന്‍ നടത്തിയ അടിസ്ഥാനരഹിതമായ ആരോപങ്ങളെ തുടര്‍ന്നാണ് കശ്മീര്‍ സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയത്. ജമ്മുകശ്മീരില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തരകാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതി യോഗത്തില്‍ നാം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും വളരെ വേഗം സാധാരണഗതിയിലേക്ക് മടങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. മൂന്നാമതൊരു കക്ഷിയെ ബുദ്ധിമുട്ടിക്കാതെതന്നെ ഉഭയകക്ഷി ചര്‍ച്ചകള്‍ സാധ്യമെന്ന് അര്‍ത്ഥശങ്കയ്ക്ക്ക്കിടമില്ലാത്ത വിധം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുതന്നെയാണ് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ ദൃഢമായ നിലപാട്. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി സഹകരണത്തിന്റെ കൂടുതല്‍ സാധ്യതകള്‍ തേടാന്‍ രണ്ടു നേതാക്കന്മാരുടെയും കൂടിക്കാഴ്ച പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ജി-7 ഉച്ചക്കോടിയുടെ ഒരു പ്രധാന നേട്ടമായും ഇത് വിശേഷിപ്പിക്കപ്പെടുന്നു. കൂടുതല്‍ ചര്‍ച്ചകളിലൂടെ സാമ്പത്തിക സഹകരണത്തില്‍ മുന്നേറ്റമുണ്ടാക്കേണ്ടതിന്റെ ആവശ്യവും ട്രംപ് ഊന്നിപ്പറഞ്ഞതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

തയ്യാറാക്കിയത് : ഡോ. സ്തുതി ബാനര്‍ജി,

അമേരിക്കന്‍ കാര്യങ്ങളിലെ വിദഗ്ധ
വിവരണം : രഞ്ജിത്