സഹകരണത്തിന്റെ പുത്തന്‍ മേഖലകള്‍ തേടി ഇന്ത്യയും-റഷ്യയും

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. പ്രധാമന്ത്രി നരേന്ദ്രമോദി അടുത്തമാസം നടത്താനിരിക്കുന്ന റഷ്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് കാരണമാകും. അഞ്ചാമത് കിഴക്കന്‍ സാമ്പത്തിക ഫോറത്തിലും, 20-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായാണ് ശ്രീ നരേന്ദ്രമോദി റഷ്യയിലെത്തുന്നത്. അടുത്തമാസം 4 മുതല്‍ 6 വരെ റഷ്യയിലെ വ്‌ളാഡിവോസ്റ്റേക്കിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മില്‍ തന്ത്രപ്രധാന വിഷയങ്ങളില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, പുതിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിതെളിക്കും.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ഈ മാസം ആദ്യം വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശിച്ചിരുന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി തുതിനേവുമായി റഷ്യയിലെ കിഴക്കന്റെ പ്രദേശങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്ന വിഷയത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ഉളള നിക്ഷേപസാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വൈവിധ്യവല്‍ക്കരിച്ച് വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും, മുഖ്യമന്ത്രിമാരും അടങ്ങുന്ന സംഘം റഷ്യന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കിഴക്കന്‍ റഷ്യയുമായി ഇന്ത്യയുടെ വ്യാപാരം മൂന്ന് ശതമാനം വര്‍ദ്ധിച്ച് 79 കോടി യു എസ് ഡോളര്‍ ആയിട്ടുണ്ട്. ആകെ 100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. 2025 ഓടെ ഇത് 300 കോടി ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡൊവലും മോസ്‌കൊ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നിക്കോലായ് പാട്രൂഷെവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും രാജ്യങ്ങളുടെ പരമാധികാരവം അതിര്‍ത്തിയും സംരക്ഷിക്കുന്നതിനെ കുറിച്ചും രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റാരും ഇടപെടുന്നത് തടയുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. റഷ്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ റോസ്‌കോസ്‌മോസ് സിന്റെ ഡയറക്ടര്‍ ദിമിത്രി റോഗോസിനുമായും ശ്രീ അജിത് ഡോവല്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരണത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഗഗന്‍യാന്‍ പദ്ധതിയില്‍ പങ്കെടുക്കുന്ന നാല് ബഹിരാകാശ യാത്രികര്‍ക്ക് മോസ്‌കോയിലെ യൂറി ഗഗാറിന്‍ പരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കാന്‍ ധാരണയായിട്ടുണ്ട്.
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം ഈ ആഴ്ച്ചയായിരുന്നു. അദ്ദേഹം അധികമാരമേറ്റ ശേഷമുള്ള ആദ്യ മോസ്‌കോ സന്ദര്‍ശനമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ബോറിസോവിനെ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യ-റഷ്യ സങ്കേതിക സമ്പത്തിക സഹകരണത്തിനായുള്ള കമ്മീഷന്റെ യോഗത്തില്‍ ഇരുവരും സഹാദ്ധ്യക്ഷം വഹിച്ചു. സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പരിപാടികളുടെ ആസൂത്രണത്തിലും ഇന്തോ-പസഫിക് വിഷയത്തില്‍ ഇന്ത്യയുടെ കാഴ്ച്ചപ്പാടിനെ കുറിച്ച് വാല്‍ദായി ഡിസ്‌ക്കഷന്‍ ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തിലും വിദേശകാര്യമന്ത്രി പങ്കെടുത്തു.
ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള ഉന്നതതല സന്ദര്‍ശനങ്ങള്‍ നോക്കികാണേണ്ടത് മേഖലയിലെ പുതിയ രാഷ്ട്രീയ- സാമ്പത്തിക ചുവടുമാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, തങ്ങളുടെ ദീര്‍ഘകാല വിശ്വസ്ത പങ്കാളിയായ റഷ്യയുമായുള്ള സഹകരണത്തില്‍ പുതിയ മാനം കണ്ടെത്തുന്നതും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നു. കൃഷി, വജ്ര ഖനനം, തടിയും പള്‍പ്പും ഉല്പാദനം, വിനോദസഞ്ചാര മേഖല, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണത്തില്‍ പുതിയ പാതകള്‍ തുറക്കുന്നതില്‍ ഉഭയകക്ഷി സഹകരണത്തിലുള്ള പുതിയ തുടക്കം വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുന്‍പ് ഊര്‍ജ്ജം, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, സ്റ്റാര്‍ട്ടപ്പുകള്‍, അടിസ്ഥാന സൗകര്യം എന്നീ നാല് മേഖലകളില്‍ സഹകരണത്തിനായി ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും സഹകരണത്തില്‍ പുതിയ തലങ്ങളിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നതിനോടൊപ്പം ഇരു വിദേശകാര്യ മന്ത്രിമാരും ചേര്‍ന്ന് സഹകരണത്തിനുള്ള പുതിയ മേഖലകള്‍ കണ്ടെത്തി കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചേര്‍ന്ന് ഇതിന് നയതന്ത്രപരവും സാമ്പത്തികപരവുമായ അംഗീകാരം നല്‍കും.

തയ്യാറാക്കിയത് : ഡോ. മീന സിങ് റോയ്

റഷ്യകാര്യ വിദഗ്ധ

വിവരണം : നരേന്ദ്രമോഹന്‍