പാകിസ്ഥാന്‍ വിഷമവൃത്തത്തില്‍

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനെ വെട്ടിലാക്കി. വിഷയം അന്താരാഷ്ട്രവത്ക്കരിക്കാനുളള കഠിനശ്രമത്തിലാണ് ആ രാജ്യം. ഒപ്പം യുദ്ധഭീഷണിയും മുഴക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിലും, പശ്ചിമേഷ്യയിലെയും, മധ്യേഷ്യയിലെയും സഖ്യരാഷ്ട്രങ്ങളുടെ ഇടയിലും എന്തെങ്കിലും തരത്തിലുളള അനുകൂല പ്രതികരണം സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇതാദ്യമായി ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഉമ്മ’ വിഷയത്തില്‍ മൗനം പാലിച്ചു. ചില ഇസ്ലാമിക രാജ്യങ്ങള്‍ കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നായിരുന്നു പ്രതികരിച്ചത്.
തുര്‍ക്കിയും, മലേഷ്യയും മാത്രമാണ് പാകിസ്ഥാന്റെ പരിദേവനങ്ങള്‍ക്ക് അല്പമെങ്കിലും ചെവി കൊടുത്തത്. ഇന്ത്യയില്‍ നിന്നുളള തീവ്രവാദി നേതാവ് സക്കീര്‍ നായിക് മലേഷ്യന്‍ സമൂഹത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിനു വഴിവയ്ക്കുകയും മലേഷ്യന്‍ ഗവണമെന്റ് അയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഡോ. മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുളള ഗവണ്‍മെന്റ് ജമ്മുകാശ്മീര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്.
ചൈനയുടെയും, പാകിസ്ഥാന്റെയും സമ്മര്‍ദങ്ങള്‍ക്ക് ഐക്യരാഷ്ട്ര രക്ഷാസമിതി വഴങ്ങാതിരുന്നത് പാകിസ്ഥാന് മറ്റൊരു തിരിച്ചടിയായി. ഇപ്പോള്‍ സ്വന്തം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനായി അനാവശ്യ പ്രസ്താവനകളുമായി പാകിസ്ഥാന്‍ രംഗത്തുണ്ട്. ഈ ആഴ്ച ആദ്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി യുദ്ധഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാനിലെ ജനങ്ങള്‍ കാശ്മീരിനൊപ്പമാണെന്നു പറഞ്ഞ ഇമ്രാന്‍ഖാന്‍ ഏതു കശ്മീരാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയില്ല. വിശുദ്ധ യുദ്ധത്തിനുളള ആഹ്വാനവും ഇമ്രാന്റെ ഭാഗത്തു നിന്നുണ്ടായി. ഒക്‌ടോബറില്‍ ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ യുദ്ധമാരംഭിക്കുമെന്ന വിചിത്ര പ്രസ്താവനയുമായി പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക്ക് റാഷിദും രംഗത്തെത്തി. ഇമ്രാന്‍ഖാനും, സൈനിക മേധാവി ജനറല്‍ ബജ്‌വയും ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ്തന്നെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ നേതൃത്വം മൂഢസ്വര്‍ഗ്ഗത്തിലാണെന്നാണ് ഇത്തരം പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരം പ്രസ്താവനകള്‍ പാക് നേതാക്കന്മാരുടെ മനോഗതിയാണ് വ്യക്തമാക്കുന്നത്. 1947-ല്‍ ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതോടെ രാജ്യത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു എന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. കാശ്മീരിന്റെ 13,000 ചതുരശ്രകിലോമീറ്ററിലധികം നിയമവിരുദ്ധമായി കൈയ്യടക്കി വച്ചിരിക്കുന്ന പാകിസ്ഥാന്‍ ഇതില്‍ കുറച്ചു ഭാഗം ചൈനയ്ക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. പാക് അധീന കാശ്മീര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശം ഇന്ത്യയ്ക്ക് മടക്കി കിട്ടുന്നതിനെകുറിച്ച് മാത്രമേ ഇനി ചര്‍ച്ചയുളളൂ എന്നതാണ് ഇന്ത്യന്‍ നിലപാട്. ഇതല്ലാതെ ഒരു കാര്യത്തിലും ചര്‍ച്ചയില്ലെന്ന ഇന്ത്യന്‍ നിലപാട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു. ഈ ദിശയില്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കില്‍ പോലും പാകിസ്ഥാന്‍ എല്ലാ തരത്തിലുമുളള ഭീകരപ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രസ്താവനകള്‍ അപക്വവും, വിദ്വേഷജനകവും, പ്രകോപനപരവും, നിരുത്തരവാദപരവും ആണെന്നാണ് ഇന്ത്യന്‍ നിലപാട് മാത്രവുമല്ല, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുളള കൈകടത്തലായാണ് ഇന്ത്യ ഇതിനെ കാണുന്നത്. വിദേശകാര്യമന്ത്രാലയം ഇത്തരം പ്രസ്താവനകളെ ശക്തമായി അപലപിക്കുകയുണ്ടായി. ഒരുപടി കൂടി കടന്ന് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുളള ബന്ധം പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പാകിസ്ഥാനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നത് ലോകം മനസ്സിലാക്കുന്നു. വൈദ്യുതി ബില്ലായ 41 ലക്ഷം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ വൈദ്യുതി ബന്ധം, വൈദ്യുതി വിതരണ കമ്പനി വിഛേദിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയുടെ സൂചനയാണ്. ഇത്തരം വിചിത്ര വാര്‍ത്തകള്‍ പാകിസ്ഥാനില്‍ നിന്നു മാത്രമേ കേള്‍ക്കാന്‍ കഴിയൂ.
പാകിസ്ഥാനിലെ സാധാരണക്കാര്‍ വിലക്കയറ്റത്താല്‍ പൊറുതി മുട്ടുകയാണ്. ഭീകരപ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെതിരെ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. സംഘടന നിരീക്ഷണവിധേയമാക്കുന്ന 40 കാര്യങ്ങളില്‍ 32-ലും പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നു വ്യക്തമാക്കിയ സംഘടന കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ പെട്ടിരിക്കുന്ന പാകിസ്ഥാന്‍ അധികം താമസിക്കാതെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടേയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ വായ്പകള്‍ സംഘടിപ്പിക്കാന്‍ പാകിസ്ഥാന് പ്രയാസമാകും.
അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിനുപകരം സ്വന്തം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താനായി ബുദ്ധിയും ഊര്‍ജ്ജവും വിനിയോഗിക്കുകയാകും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം കരണീയമായിട്ടുളളത്.

തയ്യാറാക്കിയത് : ജെ.എല്‍.കൗള്‍ ജലാലി, രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം : വീണ