സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ വിദേശ നിക്ഷേപ നയം.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും അതുവഴി തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യാ ഗവണ്‍മെന്റ് പുതിയ വിദേശ നിക്ഷേപനയം പ്രഖ്യാപിച്ചു. വായ്പ മുഖേനയല്ലാത്ത മൂലധന നിക്ഷേപത്തിന്റെ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. കൂടുതല്‍ ഉദാരവും ലളിതവും ആയ വിദേശ നിക്ഷേപ നയം ആണ് ഇപ്പോഴത്തെ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ബിസിനസ്സ് സൗഹൃദാന്തരീക്ഷത്തില്‍ ഭാവാത്മകമായ മാറ്റവും നയം ലക്ഷ്യമിടുന്നു.
വിദേശ നിക്ഷേപം രാജ്യത്തെ രണ്ട് വിധത്തിലാണെത്തുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ പോര്‍ട്ട് പോളിയോ വഴിയുള്ള നിക്ഷേപവും. ഇതില്‍ കൂടുതല്‍ മെച്ചം നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ നികുതി നിരക്കിലുണ്ടാകുന്ന വര്‍ദ്ധന പോര്‍ട്ട് പോളിയോ നിക്ഷേപത്തിലും പ്രതിഫലിക്കും എന്നതാണ് ഇതിനു കാരണം. മൂലധന മത്സരവും സ്ഥിരതയില്ലാത്ത പലിശ നിരക്കും ആണ് പോര്‍ട്ട് പോളിയോ നിക്ഷേപങ്ങളുടെ മുഖമുദ്ര. അതുകൊണ്ടാണ് കൂടുതല്‍ സ്ഥിരതയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഗവണ്‍മെന്റ് മുന്തിയ പരിഗണന നല്‍കുന്നത്.
വിദേശ നിക്ഷേപ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാന്‍ കഴിയുന്ന നയവ്യതിയാനമാണിത്. സ്ഥിരതയാര്‍ന്ന നിക്ഷേപ സമാഹരണത്തിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ നയം സഹായകമാകുമെന്നാണ് പ്രതീക്ഷ.
നിരവധി മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് അടുത്തിടെ ഗവണ്‍മെന്റ് പ്രഖ്യാപനം നടത്തിയിരുന്നു. പ്രതിരോധം, വ്യോമയാനം, മാധ്യമരംഗം, ഊര്‍ജ്ജം, ചില്ലറ വില്പന, മരുന്നു നിര്‍മ്മാണം, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകള്‍ ഇതിലുള്‍പ്പെടുന്നു. 2019-20 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് പുതിയ നയഭേദഗതി.
2014-15 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ 286 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം. 2009-10 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ ഇത് 189 ബില്യണ്‍ ഡോളറായിരുന്നു. 2018-19 ല്‍ 64.37 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഒരു സാമ്പത്തിക ഏറ്റവും വര്‍ഷത്തിലെ ഉയര്‍ന്ന നിരക്കാണിത്.
കല്‍ക്കരി ഖനനത്തില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. 1957 ലും 2015 ലും ഇതു സംബന്ധിച്ചു നിലവില്‍ വന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന മുറയ്ക്ക് ഇത് പ്രാവര്‍ത്തികമാകും. കല്‍ക്കരി ഖനനത്തില്‍ നിന്നും ഗവണ്‍മെന്റിനു ലഭിക്കുന്ന റോയല്‍റ്റി വഴിയുള്ള വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
കരാര്‍ നിര്‍മ്മാണങ്ങളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തും. വന്‍കിട ചില്ലറ വില്പനശാലകള്‍ക്ക് ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് നല്കിയിട്ടുണ്ട്. കയറ്റുമതിക്ക് പ്രാധാന്യം കൊടുക്കുന്ന കമ്പനികള്‍ക്ക് ഇത് ആശ്വാസമാകും. വന്‍കിട ചില്ലറ വില്പന കമ്പനികളെ സംബന്ധിച്ചടത്തോളം ബിസിനസ്സ് സൗഹൃദാന്തരീക്ഷം ഇതോടെ സംജാതമാകും. ചില്ലറ വില്പനശാലകള്‍ തുറക്കും മുമ്പു തന്നെ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കാനും പുതിയ നയം അനുമതി നല്കുന്നു. ഇത് കാലിക പ്രസക്തിയുള്ള വിപണന നയമാണ്. ഓണ്‍ലൈന്‍ വില്പന വര്‍ദ്ധിക്കുന്നതോടെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കും. ചരക്കു നീക്കം, ഡിജിറ്റല്‍ പണമിടപാട്, ഉപഭോക്തൃ സംതൃപ്തി, ഉത്പന്ന നവീകരണം എന്നിവയിലാണ് തൊഴിലവസരങ്ങള്‍ കൂടുതലുണ്ടാകുക.
വാര്‍ത്തകളും, സമകാലിക സംഭവങ്ങളും കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകളില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് സംവിധാനം വഴിയുള്ള സംപ്രേക്ഷണത്തിനും 26 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപത്തിനും പ്രതികൂലമായി ആഗോള തലത്തില്‍ കാറ്റു വീശുന്നത് മനസ്സിലാക്കി അത് അതിജീവിക്കാനുള്ള പരിശ്രമമാണ് ഇന്ത്യയുടെ പുതിയ നയ പ്രഖ്യാപനം. 2018 ല്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ആഗോളതലത്തില്‍ 13 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുകയില്‍ കണക്കാക്കിയാല്‍ 1.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 1.30 ട്രില്യണ്‍ ഡോളറായാണ് കുറഞ്ഞത്. ഏതായാലും ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപനയം ഇന്ത്യയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിനു വഴിയൊരുക്കും എന്ന ശുഭപ്രതീക്ഷ നല്‍കുന്നത്.

തയ്യാറാക്കിയത് : ഡോ. ലേഖ ചക്രവര്‍ത്തി
പ്രൊഫസര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഫിനാന്‍സ് ആന്‍ഡ് പോളിസി.

വിവരണം : രഞ്ജിത്