‘ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ മന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം’

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഈയാഴ്ച ജപ്പാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം റിപ്പബ്ലിക് ഓഫ് കൊറിയയും സന്ദര്‍ശിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷിതത്വവും വികസനവും ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രി ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നത്.

ഇന്തോ പസഫിക് മേഖലയിലെ സുസ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും ജപ്പാന്‍ പ്രതിരോധ മന്ത്രിയുമായി ശ്രീ. രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി.
മന്ത്രിതല യോഗത്തില്‍ ശ്രീ. രാജ്‌നാഥ് സിംഗും തക്കേഷി ഇവായയും സംയുക്ത ആധ്യക്ഷ്യം വഹിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോള പങ്കാളിത്തവും തന്ത്രപരമായ സഹകരണവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് യോഗം. പ്രതിരോധ-സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലുള്ള ചര്‍ച്ചകളാണ് നടന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയേയും ശ്രീ. രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു. പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനും തീരുമാനമായി. സംയുക്ത സൈനികാഭ്യാസം നടത്താനും പദ്ധതിയുണ്ട്.
ദീര്‍ഘകാലമായി തടസ്സപ്പെട്ടിരിക്കുന്ന യു.എസ്.-2 ആംഫിബിയസ് വിമാന ഇടപാടിന്‍മേലും ഇരു പ്രതിരോധ മന്ത്രിമാരും ചര്‍ച്ച നടത്തി. പ്രതിരോധ സഹകരണത്തിന്റെ സമഗ്ര വിലയിരുത്തലും നടന്നു. ഇന്തോ-പസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സൈനിക സാന്നിധ്യവും ഇരു മന്ത്രിമാരും വിലയിരുത്തി. മേഖലയില്‍ പരസ്പരം സഹകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-ജപ്പാന്‍-അമേരിക്ക നാവിക സേനകളുടെ മലബാര്‍ എന്ന പേരിലുള്ള സംയുക്ത സൈനികാഭ്യാസം പ്രാധാന്യമര്‍ഹിക്കുന്നു. ഈ ത്രികക്ഷി നാവികാഭ്യാസം സെപ്റ്റംബര്‍ അവസാനവും ഒക്‌ടോബര്‍ ആദ്യവുമായി നടക്കും. ജമ്മു കാശ്മീരിലെ നടപടികളിന്മേല്‍ ഇന്ത്യ-പാക് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്റെ ദുഷ്‌ചെയ്തികളും വിഷയം അന്താരാഷ്ട്രവത്ക്കരിക്കാനുള്ള ആ രാജ്യത്തിന്റെ ശ്രമങ്ങളും ശ്രീ. രാജ്‌നാഥ് സിംഗ് ജാപ്പനീസ് നേതൃത്വത്തെ ധരിപ്പിച്ചു.

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നയതന്ത്ര നിലപാട് സുഹൃദ് രാഷ്ട്രമായ ജപ്പാനെ അറിയിക്കുന്നതിനും ചൈനയുടെ പാക് അനുകൂല നിലപാട് ശ്രദ്ധയില്‍പ്പെടുത്താനും പ്രതിരോധ മന്ത്രി അവസരം വിനിയോഗിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സ്വതന്ത്ര നാവിക നീക്കത്തിനായി ചൈനയുടെ മേലുള്ള നയതന്ത്ര സമ്മര്‍ദ്ദം ഇന്ത്യ വര്‍ദ്ധിപ്പിച്ചു വരികയുമാണ്.
370-ാം അനുച്ഛേദം റദ്ദാക്കാനുള്ള നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ ദക്ഷിണ ചൈന സമുദ്രാതിര്‍ത്തിയില്‍ ചൈന നടത്തുന്ന സൈനിക വിന്യാസത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ-ജപ്പാന്‍ സംയുക്ത പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും സ്ഥിരതയും സമാധാനവും പുലരേണ്ടത് മേഖലയുടെ വികസനത്തിനും ലോകസമാധാനത്തിനും അനിവാര്യമാണ്. കൊറിയന്‍ ഉപദ്വീപുകള്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖലയിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ചും ആശയവിനിമയം നടന്നു.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും 370-ാം അനുച്ഛേദം റദ്ദാക്കിയത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ശ്രീ. സിംഗ് ജാപ്പനീസ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു കാശ്മീരില്‍ പാകിസ്ഥാന് യാതൊരവകാശവും ഇല്ലെന്നും അദ്ദേഹം ആബെയെ അറിയിച്ചു.
ഈമാസാവസാനം യു.എന്‍. പൊതുസഭയില്‍ വച്ച് മോദിയും ആബെയും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇത് പ്രാധാന്യം അര്‍ഹിക്കുന്നു.

ഇന്തോ-പസഫിക് മേഖലയെ സ്വതന്ത്രവും സുതാര്യവുമാക്കുന്നതിന് ഇരു ഏഷ്യന്‍ നേതാക്കന്മാരും ചേര്‍ന്ന് 2018 ഒക്‌ടോബറില്‍ ഒപ്പുവച്ച വിഷന്‍ നയരേഖയും സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെട്ടു. മേഖലാ സമാധാനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ 2+2 ചര്‍ച്ചകള്‍ ഉടനടി നടക്കാനിരിക്കുകയാണ്. ഇന്ത്യയുടെയും ജപ്പാന്റേയും വിദേശ-പ്രതിരോധ മന്ത്രിമാരാണ് ഇതാദ്യമായി ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഈവര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഇന്തോ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് ചര്‍ച്ചകള്‍. കുഴിബോംബുകള്‍ പ്രതിരോധിക്കുന്നതിനുള്ള പരിശീലന പരിപാടിയില്‍ ഇന്ത്യ-ജപ്പാന്‍-അമേരിക്ക ത്രികക്ഷി സഹകരണം തുടരാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. മൈനെക്‌സ് എന്ന പേരിലാരംഭിച്ച പരിശീലനം കഴിഞ്ഞ ജൂലൈയിലാണ് അവസാനം സംഘടിപ്പിച്ചത്.

തയ്യാറാക്കിയത് : പ്രൊഫ. രാജാറാം പാണ്‌ഡെ
ലോക്‌സഭാ റിസര്‍ച്ച് ഫെല്ലോ
പാര്‍ലമെന്റ് ഓഫ് ഇന്ത്യ

വിവരണം : രഞ്ജിത്