ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്

ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസമായി അസ്ഥിര നിരക്കിലുള്ള വായ്പകള്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബാഹ്യ നിരക്കുകളുമായി ബന്ധിപ്പിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. വ്യക്തിഗത, ചെറുകിട, മൈക്രോ, എം.എസ്.എം.ഇ വിഭാഗത്തിലെ വായ്പകളാണ് ഇത്തരത്തില്‍ ബന്ധിപ്പിക്കാന്‍ RBI ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ആര്‍.ബി.ഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചാലും ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഫെബ്രുവരിയിലും ജൂണിനുമിടയില്‍ ദ്വൈമാസ വായ്പാനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസ് പോയിന്റായി കുറച്ചെങ്കിലും പുതിയ വായ്പ എടുത്തവര്‍ക്ക് 29 ബേസ് പോയിന്റ് മാത്രമാണ് കുറവ് ലഭിച്ചത്. റിപ്പോ നിരക്ക് കുറയുന്നതിന്റെ ഗുണഫലങ്ങള്‍ നിക്ഷേപകര്‍ക്കും വായ്പ എടുക്കുന്നവര്‍ക്കും ലഭിക്കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് ആര്‍.ബി.ഐ പരിശോധിക്കുന്നത്. റിപ്പോയുമായി ബന്ധിപ്പിച്ച നിക്ഷേപ – വായ്പാ നിരക്കുകളാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. മെയ് മാസം തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും ഹ്രസ്വകാല വായ്പകളും ആര്‍.ബി.ഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് തുടങ്ങിയ മറ്റ് അഞ്ച് ബാങ്കുകളാണ് റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതിന് തങ്ങളുടേയായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതിനായി ആര്‍.ബി.ഐ നിര്‍ദ്ദേശിച്ച 3 ബാഹ്യ നിരക്കുകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മൂന്ന് മാസത്തെയോ 6 മാസത്തെയോ ഫിനാന്‍ഷ്യല്‍ ബഞ്ച് മാര്‍ക്ക്‌സ് ഇന്ത്യ (എഫ്.ബി.ഐ.എല്‍) പ്രസിദ്ധീകരിക്കുന്ന ട്രഷറി ബില്ലുകളോ അതല്ലെങ്കില്‍ എഫ്.ബി.ഐ.എല്‍ പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും അടിസ്ഥാന നിരക്കോ ബാങ്കുകള്‍ക്ക് സ്വീകരിക്കാവുന്നതാണ്.
മറ്റുള്ള വായ്പകളിലും ഇത്തരത്തില്‍ ബാഹ്യ അളവുകോല്‍ ബന്ധിത രീതി തുടരാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുമതി നല്‍കി. എന്നാല്‍ ഒരു പ്രത്യേക വായ്പാ വിഭാഗത്തിന് സമാനമായ അളവുകോല്‍ ആയിരിക്കണം എല്ലാ ബാങ്കുകളും പിന്തുടരേണ്ടത്.
ബാങ്കുകള്‍ നിക്ഷേപ, വായ്പാ നിരക്ക് പുനര്‍ നിര്‍ണയം നടത്തുന്ന രീതികള്‍ നിഗൂഢമാണ്. അടിസ്ഥാന നിരക്കും നാമമാത്ര ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ രീതിയും ഉപയോഗിച്ച് ബാങ്കിന്റെ നിരക്കുകളില്‍ എത്തിച്ചേരുന്നു. കുറച്ച് നാളുകളായി വാണിജ്യ ബാങ്കുകള്‍ പോളിസി നിരക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ ശരിയായി ഉപയോഗപ്പെടുത്താത്തതില്‍ ആര്‍.ബി.ഐ യുടെ ആശങ്ക പരസ്യമായ രഹസ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് റിപ്പോ നിരക്ക് പോലെ ഒരു ബാഹ്യ അളവുകോല്‍ ചില്ലറ വായ്പ്പാ ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ സുതാര്യത നല്‍കുന്നത്.
പുതിയ വായ്പാ നയം വിലമതിക്കല്‍ രീതിയിലേക്കുള്ള ചേക്കേറല്‍ ധനവിക്രയം വേഗത്തിലാക്കും. എന്നാല്‍ ഇത് ബാങ്കുകളുടെ ലാഭനേട്ടത്തിന്റെ അതിര്‍വരമ്പുകളുടെ ഇല്ലാതാകലിലേക്ക് നയിക്കും. റിപ്പോ നിരക്ക് താഴുമ്പോള്‍ നിക്ഷേപ നിരക്കുകള്‍ കുറയ്ക്കാനും റിപ്പോ നിരക്ക് ഉയരുമ്പോള്‍ വായ്പ്പാ നിരക്കുകള്‍ കൂട്ടാനും ബാങ്കുകള്‍ മത്സരിക്കും. ഏറ്റവും ഒടുവിലായി വാഹന, ഭവന വായ്പകളില്‍ പുതിയ അസ്ഥിര നിരക്ക് ലോണുകള്‍ക്ക്, പലിശ ചെലവ് കുറയ്ക്കാനുള്ള നീക്കം മാത്രമല്ല, വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ ലാഭം കുറയുമെന്ന കാരണത്താല്‍ നിക്ഷേപ നിരക്കുകളും കുറയ്ക്കുമെന്നാണ് നയനിരൂപകരുടെ അഭിപ്രായം

തയ്യാറാക്കിയത് : ജി.ശ്രീനിവാസന്‍
മുതിര്‍ന്ന സാമ്പത്തികകാര്യ മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : സോഫിയ ഡാനിയേല്‍