ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്മാറുന്നു

ആണവ കരാര്‍ ഇടപാടുകളില്‍ കുറവു വരുത്താമെന്ന് 2015-ല്‍ ലോകശക്തികള്‍ക്ക് ഉറപ്പു കൊടുത്ത ഇറാന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നു. യൂറോപ്യന്‍ യൂണിയന്‍ അവരുടെ ചുമതല കൃത്യമായി പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഇറാനെ പ്രേരിപ്പിച്ചത്. അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയതായതിനെ തുടര്‍ന്ന് കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഇറാനും പരസ്പര ധാരണ പ്രകാരം മുന്നോട്ടു പോകുകയായിരുന്നു.

ഇറാന്റെ തീരുമാനം അറിയിച്ചത് ഇറാനിയന്‍ ആണവ ഊര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടറായ അലി അക്ബര്‍ സലേഹിയാണ്. ക്രമേണ ഇറാന്റെ ചുമതലകളില്‍ നിന്ന് പിന്മാറാനാണ് അവരുടെ തീരുമാനം. അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഇറാന് നഷ്ടമായ വിദേശ വ്യാപാര നഷ്ടം വീണ്ടെടുക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ വിദേശനയത്തിന്റെ തലവന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് ഇതു സംബന്ധിച്ച് കത്തെഴുതിയിരുന്നു. ഇറാന്‍ യൂറേനിയം സംപുഷ്ടീകരണത്തിന് വേഗത കൂട്ടും. അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി സമാധാനപരമായിട്ടായിരിക്കും ഇറാന്റെ നടപടി. യൂറോപ്യന്‍ യൂണിയന്റെ നടപടികളും സമാധാനപരമായിട്ടായിരിക്കുമെന്ന് ഇറാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ആണവകരാര്‍ വ്യവസ്ഥകളില്‍ നിന്ന് ക്രമേണ പിന്മാറാനുളള ഇറാന്റെ തീരുമാനം ആണവകരാറിന്റെ ഭാവി ഇല്ലാതാക്കുന്നില്ല. മറിച്ച് യൂറോപ്യന്‍ യൂണിയന്‍ മേല്‍ സമ്മര്‍ദ്ദം ചെലുത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ഇറാന്റെ തന്ത്രം.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം കൊടുക്കുന്ന ഫ്രാന്‍സ് ആണവകരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞമാസം ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഇറാന്‍ യു.എസ് പ്രസിഡന്റ് തലകൂടിക്കാഴ്ച നടന്നില്ലെങ്കിലും ആണവകരാര്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഫ്രഞ്ചു പ്രസിഡന്റ് പ്രധാനമായും കൈക്കൊണ്ടത്.
യു. എസ് – ഇറാന്‍ തര്‍ക്കം ദിനംപ്രതി വഷളാവുകയാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ടാങ്കുകള്‍ പിടിച്ചെടുത്തത് വിഷയം കൂടുതല്‍ ഗുരുതരമാക്കി. ഇറാന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്ന് അമേരിക്ക മറ്റു രാജ്യങ്ങളെ വിലക്കിയത്. കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനത്തോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

ഇന്ത്യ സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിക്കുകയാണ്. ഇറാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ആ രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ഇന്ത്യയ്ക്ക് പരമമായ പ്രധാന്യം നല്‍കുന്നു. ഈ പ്രതിപക്ഷ ലോകശക്തികള്‍ ഇടപെട്ട് രമ്യമായി പരിഹരിക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുന്നു.

തയ്യാറാക്കിയത് : ഡോ.ആസിഫ് ഷുജ
ഇറാന്‍ വിഷയങ്ങളിലെ നയതന്ത്ര ലേഖകന്‍

വിവരണം : ഉദയകുമാര്‍