കരീബിയന്‍ പസഫിക് ദ്വീപുകളുമായുളള ബന്ധം ഇന്ത്യ പുതുക്കുന്നു

ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഐക്യരാഷ്ട്ര പൊതു സഭയുടെ ഭാഗമായി കാരികോം രാജ്യങ്ങളിലെ 14 നേതാക്കന്മാരോടൊപ്പമുളള പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയ്ക്കും, കരീബിയന്‍ രാജ്യങ്ങള്‍ക്കുമിടയിലെ ചരിത്രപരവും, ഊഷ്മളവുമായ ബന്ധത്തിന് സാക്ഷിയായി. സെന്റ് ലൂസിയ പ്രധാനമന്ത്രിയും കാരികോം ചെയര്‍മാനുമായ അലന്‍ ചെസ്റ്റ്‌നട്ട്, സമ്മേളനത്തിന് സംയുക്താധ്യക്ഷത വഹിച്ചു. ആന്റിഗ്വ & ബാര്‍ബുഡ, ബാര്‍ബഡോസ്, ഡൊമിനിക്ക, ട്രിനിഡാഡ് ആന്റ് ടുബാഗോ തുടങ്ങിയ വിവിധ കരീബീയന്‍ രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കരീബിയന്‍ രാഷ്ട്രങ്ങളിലെ നേതാക്കളുമായുളള പ്രധാനമന്ത്രി മോദി ആദ്യമായി നടത്തുന്ന ഈ കൂടിക്കാഴ്ച കരീബിയന്‍ രാജ്യങ്ങളുമായുളള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പ്രാമുഖ്യം നല്‍കി. പത്ത് ലക്ഷത്തിലധികം വരുന്ന കരീബിയയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു ഇന്ത്യയുടെ കരീബിയന്‍ കൂട്ടുകെട്ട്. രാഷ്ട്രീയ ബന്ധവും, സാമ്പത്തിക സഹകരണവും വ്യാപാരവും നിക്ഷേപവും വര്‍ദ്ധിക്കുന്നതിനുളള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ രൂപപ്പെട്ടു. ശേഷി വികസനം, വികസന സഹായം, ദുരന്ത നിവാരണം എന്നീ മേഖലകളില്‍ കരീബിയന്‍ രാജ്യങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൊറിയന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബഹാമാസിന് പത്ത് ലക്ഷം യു.എസ് ഡോളറിന്റെ അടിയന്തിര സാമ്പത്തിക സഹായവും ഇന്ത്യ നല്‍കി. സാമൂഹിക വികസന പദ്ധതികള്‍ക്കായി 14 മില്യണ്‍ യു.എസ്. ഡോളറും ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 150 മില്യണ്‍ ഡോളറും ഇന്ത്യ വായ്പാ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ജോര്‍ജ്ജ് ടൗണിലും ഗയാനയിലും വിവര സാങ്കേതിക വിദ്യയില്‍ പ്രാദേശിക കേന്ദ്രങ്ങളും, ബെലിസില്‍ പ്രാദേശിക തൊഴില്‍ പരിശീലന കേന്ദ്രവും രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സഹകരണം ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയങ്ങളെ കാരികോം നേതാക്കള്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
74-ാമത് യു.എന്‍ പൊതുസഭാ സമ്മേളന പശ്ചാത്തലത്തില്‍ ഇന്ത്യ- പസഫിക് ഐലന്റ്‌സ് വികസ്വര രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ന്യൂയോര്‍ക്കില്‍ നടന്നു. ഫിജി, കിരിബാതി, മാര്‍ഷല്‍ ഐലന്റ്‌സ്, മൈക്രോനേഷ്യ, നൗറു, പലാവു, പാപ്പുവ ന്യൂ ഗിനി സമോവ, സോളമന്‍ ഐലന്റ്‌സ്, ടോങ്ക, ടുവാളു, വന്വാടു എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആക്ട് ഈസ്റ്റ് നയത്തോടെ പസഫിക് ദ്വീപ രാഷ്ട്രങ്ങളുമായുളള ഇന്ത്യയുടെ ബന്ധം ശക്തമാവുകയും പെസഫിക് രാജ്യങ്ങളുമായുളള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഫിപിക്- സ്ഥാപിതമാവുകയും ചെയ്തു. 2015-ല്‍ ഫിപിക് ഉച്ചകോടി ഫിജിയിലും 2016-ല്‍ ജെയ്പ്പൂരിലും നടന്നു. ഫിപിക് ഉച്ചകോടികളില്‍ പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ ഉറ്റ പങ്കാളിയാകാന്‍ ഇന്ത്യയ്ക്കുളള താത്പര്യം പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ പരീക്ഷണങ്ങളുടെ പങ്കുവയ്ക്കല്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കല്‍, ശേഷി വികസനം ഇന്ത്യ-യു.എന്‍ വികസന പങ്കാളിത്ത ഫണ്ടിന് കീഴിലുളള പദ്ധതികളുടെ നടപ്പിലാക്കല്‍, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി.
ഇന്ത്യയും പസഫിക് രാജ്യങ്ങളും മൂല്യങ്ങളും സമാന ഭാവിയും പങ്കുവയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ നേരിടുന്നതിനും പസഫിക് രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും ഇന്ത്യ ബാധ്യസ്ഥമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങള്‍ കുറയ്ക്കാന്‍ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രീ മോദി ആഹ്വാനം ചെയ്തു. പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ പങ്കു ചേര്‍ന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. മറ്റുളളവരും കൂട്ടായ്മയില്‍ പങ്കാളികളാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ കൂട്ടായ്മയില്‍ ചേരാനായി പസഫിക് ദ്വീപു രാഷ്ട്ര നേതാക്കളെ അദ്ദേഹം ക്ഷണിച്ചു. പസഫിക് ദ്വീപുരാഷ്ട്ര കൂട്ടായ്മയിലെ രാജ്യങ്ങള്‍ക്ക് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 12 മില്യണ്‍ യു.എസ് ഡോളര്‍ ധനസഹായവും ഇന്ത്യ പ്രഖ്യാപിച്ചു.

തയ്യാറാക്കിയത് : കൗശിക് റോയ്,
ആകാശവാണി വാര്‍ത്താ അനലിസ്റ്റ്

വിവരണം : സുപ്രഭ