പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശ്രീലങ്ക

ശ്രീലങ്കയിലെ കാലാവസ്ഥപോലെ അനിശ്ചിതമാണ് ഇപ്പോള്‍ അവിടത്തെ രാഷ്ട്രീയവും. നവംബര്‍ 16 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക. എന്നാല്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ വേണ്ടരീതിയില്‍ പുരോഗമിച്ചിട്ടില്ല എന്നുവേണം പറയാന്‍. രാജ്യത്തെ ഏറ്റവും ശക്തമായ തെരഞ്ഞടുപ്പ് പ്രക്രിയയില്‍ ഇങ്ങനെ ഒരു അസാധാരണത്വം മറ്റൊരിടത്തും കണ്ടെന്നുവരില്ല. പക്ഷേ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സേയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോടാബേയ രാജപക്‌സേ ഈ വര്‍ഷം ആദ്യം തന്നെ തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ ശ്രീലങ്കന്‍ പൗരത്വം സംബന്ധിച്ച നിയമ വിഷയങ്ങളില്‍ ഇനിയും ചോദ്യങ്ങള്‍ ബാക്കിയാണ്. പൗരത്വം സംബന്ധിച്ച ചിലവാദങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്.
LTTE യ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഗോടാബോയ രാജപക്‌സേ. അതുകൊണ്ട് തന്റെ മുതിര്‍ന്ന സഹോദരന്റെ കാല്‍പാടുകള്‍ പിന്തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിഷ്പക്ഷമായി പോകുമെന്നും രാജ്യത്തിന്റെ വികസനത്തിനായി നിലകൊള്ളണമെന്നുമാണ് ഗോടാബേയയുടെ വാദം. എന്നാല്‍ വിജയത്തിന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തെ സിംഹള സമൂഹത്തിന്റെ പിന്തുണ അദ്ദേഹത്തിന് അനിവാര്യമാണ്.
മറുപക്ഷത്ത് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് ഭരണപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്നത്. പ്രസിഡന്റ് പദവിയില്‍ കാലങ്ങളായുള്ള മോഹത്തിനു പുറമേ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള എഴുപത് പിന്നിട്ട നേതാവാണ് വിക്രമസിംഗെ. അഞ്ചുതവണ പ്രധാനമന്ത്രിയായ വിക്രമസിംഗെ നാലു ദശാബ്ദകാലം പാര്‍ലമെന്റേറിയനായിരുന്നു. 25 വര്‍ഷം പാര്‍ട്ടി നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്പര്യമില്ല. വിക്രമസിംഗയുടെ പ്രായം തന്നെയാണ് പ്രധാന ഘടകം. എതിര്‍പക്ഷത്ത് യുവസ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ സാദ്ധ്യത കുറയുമെന്ന് അവര്‍ കരുതുന്നു.
സിരിസേന ഗവണ്‍മെന്റിന്റെ നിലവിലുള്ള മന്ത്രിയും മുന്‍ പ്രസിഡന്റ് റൗസിങ്കെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയാണ് പ്രസിഡന്റ് പദത്തിലെ മറ്റൊരു സ്ഥാനാര്‍ത്ഥി. എന്നാല്‍ വിക്രമസിംഗെയെ സംബന്ധിച്ചിടത്തോളം ഒരു ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി പ്രാപ്തമല്ല. ഇലക്ഷന്‍ പ്രചരണത്തിന് മോശമായ തുടക്കമാണെന്ന് ഭാഗികമായി അവര്‍ സമ്മതിക്കുന്നു. സജിത് പ്രേമദാസയുടെസ്ഥാനാര്‍ത്ഥിത്വം ഉടനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തരും വിശ്വസ്തരുമായ രണ്ട് സ്ഥാനാര്‍ത്ഥികളുടെ വാശിയേറിയ പ്രചരണം ഉണ്ടാകും. കൊളംബോയില്‍ പ്രതിനിധാനം ചെയ്യുന്ന വരേണ്യവര്‍ഗ ഭരണനേതൃത്വം വിക്രമസിംഗെയുടെ വ്യക്തി പ്രഭാവത്തിന് എതിരായി സജിത് പ്രേമദാസയ്ക്ക് തെക്കന്‍ മേഖലയിലെ സിംഹളര്‍ക്ക് മേല്‍ ശക്തമായ സ്വാധീനമാണുള്ളത്. ഇത് അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുള്ളതാണ്.
പുതുവര്‍ഷത്തിന് മുന്‍പുതന്നെ രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. മുന്‍പെന്ന പോലെ, ശക്തമായ എല്ലാ സ്ഥാനങ്ങള്‍ക്കും കടുത്ത മത്സരം ഉണ്ടാകും. ഇതുവരെ മന്ദഗതിയിലുള്ള പ്രചരണമാണ് തുടങ്ങിയതെങ്കിലും അടുത്ത ആഴ്ചയോടെ പ്രചരണം ശക്തി പ്രാപിക്കും.
ഏറ്റവും അടുത്ത അയല്‍രാജ്യമെന്ന നിലയിലെ തെരഞ്ഞെടുപ്പ് വളരെ സ്വതന്ത്രമായും നീതിയുക്തമായും നടക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സൗഹൃദവും സ്‌നേഹവും ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്. ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ വൈവിധ്യമുള്ള ശ്രീലങ്ക, ദക്ഷിണേഷ്യയിലെ സമാധാനത്തിന്റെ ഒരു തുരുത്താവണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാട് ഇന്ത്യ പലവട്ടം ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.

 

തയ്യാറാക്കിയത്: എം.കെ.ടിക്കു, രാഷ്ട്രീയ ലേഖകന്‍

വിവരണം : സുലൈമാന്‍