വിഷയം: വെറുപ്പിന്റെ വെല്ലുവിളികളെ പിന്തുണയ്ക്കാന്‍ ആരുമില്ലാതെ പാകിസ്ഥാന്‍

കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ശ്രമങ്ങള്‍ 74-ാമത് യു.എന്‍ പൊതുസഭാ സമ്മേളന വേദിയില്‍ പരാജയപ്പെട്ടു. ജമ്മുകാശ്മീരിലെ ജനങ്ങളുടെ കഷ്ടതകളെ കുറിച്ച് ഖാന്‍ നിരര്‍ത്ഥഭാഷണം നടത്തുകയും അമര്‍ഷം കൊള്ളുകയും ചെയ്തു. എന്നാല്‍ പൊതുസഭ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന് ശ്രദ്ധ കൊടുത്തില്ല. ഇമ്രാന്‍ഖാന്‍ യുദ്ധ വിഷയം ഉയര്‍ത്തുകയും ആണവായുധമെന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു.

ശ്രദ്ധ ആകര്‍ഷിക്കാനായി പാകിസ്ഥാനി നേതാക്കളുടെ വിവരണങ്ങളുടെ ഭാഗമായി ഇത് മാറി. അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയും പാകിസ്ഥാനി നേതാവിന് ലഭിച്ചില്ല. കാശ്മീരികളെ കുറിച്ച് സംസാരിച്ച രീതിയില്‍ ചൈനയിലെ ഉയ്ഗറുകളുടെ കഷ്ടതകള്‍ പ്രമുഖമാക്കിക്കാട്ടാത്തതില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തു. കാശ്മീരിനെ കുറിച്ച് ഖാന്റെ പരാമര്‍ശങ്ങളെ ഉപകാരപ്രദമല്ലാത്തതെന്നാണ് സൗത്ത് ഏഷ്യന്‍ കാര്യ ചുമതലയുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് അഭിപ്രായപ്പെട്ടത്.

ആണവശക്തികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള പദപ്രയോഗങ്ങള്‍ കുറയ്ക്കുന്നത് സ്വാഗതം ചെയ്യുന്നതായും ശ്രീമതി. വെല്‍സ് പറഞ്ഞു. ഏതാണ്ട് ഒരു ദശലക്ഷം ഉയ്ഗര്‍ മുസ്ലീങ്ങളെ തടവിലാക്കുകയും അവരെ ഹാന്‍ ചൈനീസ് പാരമ്പര്യങ്ങളിലേക്ക് സമന്വയിപ്പിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സംസാരിക്കാത്തതിനെ ശ്രീമതി. വെല്‍സ് ചോദ്യം ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഉയ്ഗറുകളുടെ കഷ്ടപ്പാടുകളെ കുറിച്ച് പരാമര്‍ശിക്കാന്‍ ഇമ്രാന്‍ഖാന്‍ വിസമ്മതിക്കുകയാണുണ്ടായത്. ചൈനയുമായി പ്രത്യേക ബന്ധമാണ് പങ്ക് വയ്ക്കുന്നതെന്ന് ശ്രീ. ഖാന്‍ പറയുകയും ചെയ്തു.

പാകിസ്ഥാനി നേതാവിന്റെ പ്രസംഗത്തിന് ഇന്ത്യന്‍ മറുപടി വസ്തുനിഷ്ഠവും, പക്വവുമായിരുന്നു. നിയമവിരുദ്ധമായി ആണവ വിനാശം നടത്തുമെന്ന പാകിസ്ഥാനി നേതാവിന്റെ ഭീഷണിയെ നയതന്ത്രജ്ഞതയല്ല, ഒരു നയത്തെ യുദ്ധത്തിന്റെ വക്കോളമെത്തിക്കലെന്നാണ് ഇന്ത്യ പരാമര്‍ശിച്ചത്.

ഐക്യരാഷ്ട്രസഭയില്‍ വിഭാഗീയത പരിപോഷിപ്പിക്കുന്നതാണ് ഖാന്റെ പ്രസംഗമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ച കൂട്ടി വെറുപ്പ് വളര്‍ത്താനുദ്ദേശിച്ചുള്ളതാണിതെന്നും ഇന്ത്യ പറഞ്ഞു.

തീവ്രവാദ വ്യവസായത്തിന്റെ മൊത്തം മൂല്യശ്രേണിയും, കുത്തകയാക്കിയിരിക്കുന്ന രാജ്യത്തിന്റെ നേതാവില്‍ നിന്നും വരുന്ന തീവ്രവാദത്തെ ന്യായീകരിക്കല്‍ പരിഹാസ്യവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഒന്നാം സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു.

പാകിസ്ഥാനില്‍ തീവ്രവാദ സംഘടനകളില്ലെന്നത് പരിശോധിക്കാന്‍ യു.എന്‍ നിരീക്ഷകരെ ക്ഷണിച്ച ശ്രീ. ഖാന്റെ നടപടി, ലോകം മുറുകെപ്പിടിക്കുമെന്ന് ശ്രീമതി. വിദിഷ ഓര്‍മ്മിപ്പിച്ചു. യു.എന്‍ പട്ടികയിലുള്‍പ്പെടുത്തിയ 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയസ്ഥാനമാണ് പാകിസ്ഥാനെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയുമോയെന്ന് അവര്‍ പാകിസ്ഥാനോട് ചോദിച്ചു. ആകെയുള്ള 27 പ്രധാന സൂചകങ്ങളില്‍ 20 -ലധികവും ലംഘിച്ചതിന് സാമ്പത്തിക വ്യവഹാര കര്‍മ്മസേന പാകിസ്ഥാന് നോട്ടീസ് നല്‍കിയത് പാകിസ്ഥാന് നിഷേധിക്കാനാകുമോയെന്നും അവര്‍ ആരാഞ്ഞു. മുഖ്യധാരാ തീവ്രവാദവും വെറുപ്പിന്റെ പ്രഭാഷണവും ഉപയോഗിച്ച് പാകിസ്ഥാന്‍ മനുഷ്യാവകാശങ്ങളുടെ പരിരക്ഷകന്‍ ചമയുകയാണെന്ന് അവര്‍ പറഞ്ഞു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 1947-ല്‍ 23 ശതമാനം ആയിരുന്നത് ഇന്ന് മൂന്ന് ശതമാനം ആയി ചുരുങ്ങിയെന്നും, ക്രൈസ്തവരേയും, സിക്കുകാരെയും, അഹമ്മദിയരെയും, ഷിയകളെയും, പഷ്തൂണുകളെയും, സിന്ധികളെയും, ബലൂചികളെയും ഈശ്വരനിന്ദ നിയമങ്ങള്‍ക്കും വ്യവസ്ഥാനുസാരമായ വേട്ടയാടലിനും പ്രകടമായ അധിക്ഷേപത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയെന്നും ഇന്ത്യ യു.എന്നിലെ 193 അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

പാകിസ്ഥാന്റെ പുതുതായാരംഭിച്ച മനുഷ്യാവകാശ പ്രഭാഷണങ്ങള്‍ കൈയ്യടി നേടാനുദ്ദേശിച്ചുള്ളതാണ്. ഇന്നത്തെ ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലുള്ള പ്രതിഭാസമല്ല വംശഹത്യയെന്നും ഇന്ത്യന്‍ പ്രതിനിധി നിരീക്ഷിച്ചു.

1971-ല്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ ദാരുണമായ വംശഹത്യ മറക്കരുതെന്ന് ഇന്ത്യ ലോകത്തോട് ആവശ്യപ്പെട്ടു.

അനുഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പ്രതികരണം പാകിസ്ഥാന്‍ സമാധാനം സ്വാഗതം ചെയ്യുന്നില്ലെന്ന വസ്തുതയാണ് തെളിയിക്കുന്നത്.

മുഖ്യധാര തീവ്രവാദത്തിനും, വെറുപ്പ് ഭാഷണങ്ങളുടെ അടിയൊഴുക്കിനും പാകിസ്ഥാന്‍ മുതിരുമ്പോള്‍ ജമ്മുകാശ്മീരില്‍ മുഖ്യധാരാ വികസനവുമായി ഇന്ത്യ മുന്നോട്ടുനീങ്ങുകയാണ്.

ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍ ലഡാക്കിന്റെയും, ജമ്മുകാശ്മീരിന്റെയും മുഖ്യാധാരാ പ്രവാഹവും, വൈവിധ്യത്തിന്റെയും, ബഹുസ്വരതയുടെയും, സഹിഷ്ണുതയുടെയും, പൈതൃകവും, സത്യസന്ധമായും ഗതിമാറാതെയും മുന്നോട്ട് നീങ്ങുകയാണ്. തങ്ങള്‍ക്കായി സംസാരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മറ്റാരുടെയും ആവശ്യമില്ല, പ്രത്യേകിച്ചും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും തീവ്രവാദ വ്യവസായം കെട്ടിപ്പടുത്തവരുടെ സഹായം ഇന്ത്യക്കാര്‍ക്ക് ആവശ്യമില്ല.

യു.എന്നിലെ ഇമ്രാന്‍ഖാന്റെ പ്രസംഗം പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചു. കാശ്മീര്‍ വിഷയത്തില്‍ പിന്തുണ നേടാതെ ഇമ്രാന്‍ഖാന്‍ വെറുംകയ്യോടെ മടങ്ങിയതായി അവര്‍ കുറ്റപ്പെടുത്തി.

തയ്യാറാക്കിയത് : കൗശിക് റോയ്
വാര്‍ത്താ വിശകലന വിദഗ്ധന്‍

വിവരണം : കവിത