അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ്‌തെരഞ്ഞെടുപ്പ്

താലിബാന്റെ പതനത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ രണ്ട് തവണ മാറ്റിവച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. കനത്ത സുരക്ഷയ്ക്കിടയിലായിരുന്നു അഫ്ഗാനിസ്ഥാന്റെ നാലാമത് പ്രസിഡന്റ്‌തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ 15 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 90 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി 4,900 പോളിംഗ്‌സ്റ്റേഷനുകളാണ് ക്രമീകരിച്ചിരുന്നത്. എങ്കിലും പോളിംഗ്

ശതമാനം തീരെ കുറവായിരുന്നു.വെറും 20 ശതമാനം മാത്രം. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ 60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
വോട്ടെടുപ്പ് ദിവസം അഫ്ഗാനിസ്ഥാനില്‍ റോക്കറ്റ് ആക്രമണം ഉള്‍പ്പെടെ 400-ഓളം അക്രമസംഭവങ്ങളാണ് ഉണ്ടായത്. ഒരു പക്ഷേ വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിന് ഭീകരര്‍ കരുതിക്കൂട്ടി ചെയ്ത ആക്രമണങ്ങളാണ് ഇവയെല്ലാം. വോട്ടര്‍ പട്ടികയില്‍ പേര് കാണുന്നില്ലെന്നാണ് ചില വോട്ടര്‍മാര്‍ പരാതിപ്പെട്ടത്. ഇത് വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കുന്നു. നിലവിലെ പ്രസിഡന്റ് അഷറഫ്ഖാനി, അദ്ദേഹവുമായി അധികാരം പങ്കിട്ടിരുന്ന ഡോ. അബ്ദുല്ല അബ്ദുല്ല എന്നിവരായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികള്‍. 2014-ല്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പ് വിവാദമാവുകയും വീണ്ടും മുഴുവന്‍ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.ആ തെരഞ്ഞെടുപ്പില്‍ ഡോ.അബ്ദുല്ല അബ്ദുല്ലയുമായി ഒരുസമവായത്തിലെത്തി അദ്ദേഹവുമായി അഷറഫ്ഖാന് അധികാരം പങ്കിടാന്‍ അത്‌വഴി തെളിച്ചു.

2001 മുതലാണ് അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും പ്രസിഡന്റ് ഭരണവും ആരംഭിച്ചത്. എന്നാല്‍ പാശ്ചാത്യ ജനാധിപത്യ സമ്പ്രദായത്തെ താലിബാന്‍ എതിര്‍ത്തു. പുതുതായി രൂപീകരിച്ചത് അമേരിക്കയുടെ കളിപ്പാവയായ ഗവണ്‍മെന്റാണ് എന്ന് വിമര്‍ശിച്ച താലിബാന്‍ അവരുമായി ഒരു സംഭാഷണത്തിനും തയ്യാറായില്ല. എങ്കിലും ദോഹയിലെ താലിബാന്‍ കാര്യാലയം വഴി അമേരിക്കയുമായി അവര്‍ നിരവധി ചര്‍ച്ചകള്‍ നടത്തി. അതിന് പുറമേ അവരുമായി ഒട്ടേറെ കൂടിക്കാഴ്ചകളിലും താലിബാന്‍ പ്രതിനിധികള്‍ പങ്കെടുത്തു. മേഖലയില്‍ റഷ്യ സംഘടിപ്പിച്ച ബഹുമുഖ ഉച്ചകോടിയില്‍ ഉന്നത സമാധാന സമിതിയില്‍ നിന്നും 4 പ്രതിനിധികളെ പ്രസിഡന്റ് അഷറഫ്ഖാനി അയച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ റഷ്യ, അഫ്ഗാന്‍ സമ്മേളനവും നടത്തിയിരുന്നു.
ചൈനയും പാകിസ്ഥാനുമായി താലിബാനും സമ്മേളനങ്ങള്‍ നടത്തി. ഈ വേദികളിലെല്ലാം താലിബാന്‍, അഫ്ഗാന്‍ പ്രസിനിധികളുമായി ഇടപഴകാന്‍ മടികാണിച്ചില്ല. കഴിഞ്ഞ ജൂലൈയില്‍ ഖത്തറും, ജര്‍മ്മനിയും ദോഹയില്‍ ദ്വിദിന യോഗം സംഘടിപ്പിച്ചു. ആ യോഗത്തില്‍ ,ആദ്യമായി സമാധാനത്തിനുള്ള അന്തര്‍-അഫ്ഗാന്‍ സമ്മേളനത്തിന്റെ

ഭാഗമായി താലിബാന്‍, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 50 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. താലിബാന്‍, അഫ്ഗാന്‍ ഗവണ്‍മെന്റുമായി ദോഹയില്‍ നടത്തിയ സമ്പര്‍ക്കം ശ്രദ്ധേയമായിരുന്നു.
ചര്‍ച്ചകള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സൈനികര്‍ മടങ്ങിപ്പോകണമെന്ന് താലിബാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദം കാരണം പിന്നീട് അവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയായിരുന്നു.
കാബൂളിലെ നാറ്റോകേന്ദ്രത്തില്‍ താലിബാന്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിന് ശേഷംഅമേരിക്ക അവരുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചിരുന്നു. അത് അഫ്ഗാനിസ്ഥാനിലെ സമാധാനത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ ഭാവി സമാധാനത്തിന്റെ ഉത്തരവാദിത്തം ഭരണ നേതൃത്വത്തിന് വന്നു ചേര്‍ന്നിരിക്കുന്നതിനാല്‍ ഇപ്പോള്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.
എന്നാല്‍ കുറഞ്ഞ പോളിംഗ് ശതമാനം ഗവണ്‍മെന്റ് രൂപീകരണത്തില്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇത്രയുംകുറഞ്ഞ വോട്ടിംഗ് ശതമാനമുണ്ടായത് ചോദ്യം

ചെയ്യാനുള്ള ഒരു അവസരവും താലിബാന്‍ പാഴാക്കാനിടയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് തട്ടിയെടുത്തതുപോലെ ഇത്തവണ അതിന് തന്റെ അനുയായികള്‍ അനുവദിക്കുകയില്ലെന്ന് ഡോ. അബ്ദുല്ല അബ്ദുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസംമൂന്നാംവാരം പ്രഖ്യാപിക്കേണ്ട തെരഞ്ഞെടുപ്പ് ഫലംഎല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യമാകുമോ എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.എന്തായാലും തെരഞ്ഞെടുപ്പ് ഫലം അഫ്ഗാനിസ്ഥാനെ ഒരു പുതിയദിശയിലേക്ക് നയിക്കേണ്ടതുണ്ട്. കാരണം തുടര്‍ച്ചയായി ഒരു ജനാധിപത്യ ഗവണ്‍മെന്റ് ഉണ്ടായിരിക്കേണ്ടത് അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ജനാധിപത്യത്തിന്റെ തുടര്‍ച്ചയ്ക്ക് തെരഞ്ഞെടുപ്പല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. അഫ്ഗാനിസ്ഥാന്റെ 56 ശതമാനം പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണെന്നാണ് അഫ്ഗാന്‍ പുനര്‍നിര്‍മ്മാണത്തിന്റെ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറയുന്നത്.
നിയമങ്ങള്‍ നടപ്പിലാക്കിമുന്നോട്ടു പോവുകഎന്നത് അഫ്ഗാനിസ്ഥാനിലെ പുതിയ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഒരു വെല്ലുവിളി തന്നെയായിരിക്കും.
തയ്യാറാക്കിയത്: ഡോ. സ്മൃതിഎസ്. പട്‌നായിക്
ദക്ഷിണേഷ്യ നയനന്ത്ര വിശകലനവിദഗ്ധ.

വിവരണം : അനില്‍കുമാര്‍