വിഷയം: ലോക സമാധാനത്തിനായി ഗാന്ധിജിയുടെ ആയുധം

അഹിംസ, സമാധാനം എന്നീ വാക്കുകള്‍ പര്യായമായി ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ലോക നേതാവാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ലോക രാജ്യങ്ങള്‍ക്കിടയില്‍ മഹാത്മാവ് എന്നാണ് അറിയപ്പെടുന്നത്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ 2, ഐക്യരാഷ്ട്ര സംഘടന ‘അന്താരാഷ്ട്ര അഹിംസാ ദിന’ മായി. ആചരിക്കുന്നു. ലോകത്തില്‍ സമാധാനത്തിന്റെയും അഹിംസയുടേയും സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. മനുഷ്യത്വം കൊണ്ടുവരാനുള്ള ഏറ്റവും നല്ല ആയുധം അഹിംസയാണ് എന്നും മനുഷ്യന്റെ ബുദ്ധിയില്‍ കണ്ടുപിടിച്ച മറ്റെല്ലാ ആയുധങ്ങളെക്കാളും അത് മികച്ചതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
നിരവധി നേതാക്കള്‍, രാജ്യങ്ങള്‍, വംശങ്ങള്‍ എന്നിവയെ ഗാന്ധിയന്‍ ചിന്താഗതികള്‍ സ്വാധീനിച്ചു. ജനങ്ങളെ ഒരുമിച്ചു കൂട്ടാനുള്ള ഗാന്ധിയന്‍ രീതി അടിച്ചമര്‍ത്തപ്പെട്ട പല സമൂഹവും ഉപയോഗിക്കുന്നു. അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്,
വിയറ്റ്‌നാം വിപ്ലവ നേതാക്കള്‍, ഹോചിമിന്‍, മ്യാന്‍മറില്‍ ഓങ്
സാന്‍ സൂ കി എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഗാന്ധിയന്‍
രീതി ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുണ്ട്.
ഇത് വീണ്ടും പിന്‍തുടരുന്നുമുണ്ട്.
പോളണ്ടില്‍ കമ്മ്യൂണിസത്തിനെതിരെ പൊരുതിയ ലെക് വെലസ ‘പോളിഷ് ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിദ്ധാന്തവും അഹിംസയാണ്. ഫിലിപ്പൈന്‍സില്‍ പ്രസിഡന്റ് മാക്രോസിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ ഫിലിപ്പൈന്‍സ് ജനങ്ങള്‍ക്കായി കദ്രിനാള്‍ ജെയിം സിന്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. ചെക്കോസ്ലോവാക്കിയയിലെ സോവിയറ്റ് ഭരണത്തിന് അവസാനം കുറിക്കാനും അഹിംസ സത്യാഗ്രഹത്തിനായി.
ദക്ഷിണാഫ്രിക്കയില്‍ 1990 കളില്‍ വര്‍ണവിവേചനത്തിനെതിരെ നെല്‍സണ്‍ മണ്ടേല നടത്തിയ അഹിംസ സത്യാഗ്രഹം അദ്ദേഹത്തെ രാജ്യത്തിന്റെ പ്രസിഡന്റായി ഉയര്‍ത്തി. ഗാന്ധിജിയുടെ അഹിംസയില്‍ വിശ്വാസമര്‍പ്പിച്ചുള്ള സമരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് വര്‍ണ വിവേചനം നിര്‍ത്തലാക്കാന്‍ സഹായിച്ചു. മെക്‌സിക്കന്‍ – അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനത്തില്‍ ഗാന്ധിയന്‍ ചിന്തകള്‍ ഏറെ സ്വാധീനം ചെലുത്തി. കര്‍ഷക നേതാവ് സീസര്‍ ചാവേസിന്റെ നേതൃത്വത്തിലായിരുന്നു സത്യാഗ്രഹം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി 2011 ല്‍ ആരംഭിച്ച അറബ് വസന്തത്തില്‍ പോലും അഹിംസയായിരുന്നു മുഖ്യ ആയുധം. ദശാബ്ദങ്ങളായുള്ള ഏകാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരെ മധ്യപൂര്‍വ്വ പ്രദേശങ്ങളിലും ആഫ്രിക്കയിലും സമാധാനപരമായ സമരങ്ങളാണ് നടന്നത്. ഗള്‍ഫ് മേഖലയിലും പടിഞ്ഞാറന്‍ ഏഷ്യയിലും മാറ്റങ്ങള്‍ കൊണ്ടുവരാനും അഹിംസയ്ക്കായി.
‘ഒരു യുദ്ധം നടക്കുന്നുണ്ട്. ലോക സമാധാനവും ലോക മഹായുദ്ധവും തമ്മില്‍, ആദര്‍ശങ്ങളും ഭൗതികവാദവും തമ്മില്‍, ജനാധിപത്യവും സമഗ്രാധിപത്യവും തമ്മില്‍” എന്നാണ് ദലൈലാമ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. ഇത്തരം മഹായുദ്ധങ്ങള്‍ക്കിടയില്‍ ഗാന്ധിയന്‍ തത്വചിന്തകളുടെ ആവശ്യവും ഏറുന്നു.
മനുഷ്യവര്‍ഗം പുരോഗമിക്കണമെങ്കില്‍ ഗാന്ധി അഭിഭാജ്യമാ
ണെന്ന് ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞത്. ലോക സമാധാനത്തിനും ഐക്യത്തിനുമായി ജീവിതത്തിലൂടെയും ചിന്തയിലൂടെയും പ്രവര്‍ത്തിയിലൂടെയും ലോകത്തെ സ്വാധീനിച്ച നേതാവ് എന്നായിരുന്നു അദ്ദേഹം ഗാന്ധിയെ വിശേഷിപ്പിച്ചത്.
നിരവധി തവണ സമാധാന നോബലിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും മഹാത്മാഗാന്ധിക്ക് പുരസ്‌കാരം ലഭിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ അനുനായികമായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, ദലൈലാമ, ആങ് സാങ് സൂകി, ബരാക് ഒബാമ, ദെഡ്‌മോങ് ടുടു, അഡോള്‍ഫോ പെരിസ് ഇസ്‌ക്വയല്‍ എന്നിവര്‍ സമാധാന നോവേല്‍ ജേതാക്കളായി. അതുകൊണ്ട് തന്നെ മഹാത്മാഗാന്ധി സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിനും മുകളിലാണ് എന്ന് അനുമാനിക്കാം.
കേവലം ഹിംസയില്ലായ്മ, സമാധാനം എന്നതിലുപരി സ്‌നേഹം പ്രചരിപ്പിക്കുക എന്നതാണ് മഹാത്മാഗാന്ധി അഹിംസയിലൂടെ ഉദ്ദേശിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കാനും ജീവിതത്തില്‍ മാറ്റം വരുത്താനും ഗാന്ധി അഹിംസ ഉപയോഗിച്ചു.
ആണവ ബോംബുകളിലൂടെ ലോക സമാധാനവും മനുഷ്യരാശിയും തന്നെ ഇല്ലാതാകുന്ന സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ പ്രാധാന്യം ഏറുന്നുണ്ട്. ഗാന്ധിജി പഠിപ്പിച്ച സ്‌നേഹം, സത്യസന്ധത, മറ്റുള്ളവരുടെ അവകാശങ്ങളെ ആദരിക്കല്‍ എന്നിവ മറ്റെല്ലാ സമയത്തെക്കാളും ഇപ്പോള്‍ പ്രാധാന്യമേറിയിട്ടുണ്ട്.
ഗാന്ധിജിയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും പരസ്പരം ബഹുമാനിക്കുകയും കത്തുകള്‍ കൈമാറുകയും ചെയ്തിരുന്നു. ‘വരും തലമുറയ്ക്കുള്ള മാതൃക’ എന്നാണ് ഐന്‍സ്റ്റീന്‍ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ധര്‍മ്മനിഷ്ഠകള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ ഗാന്ധിയെ ലോകം തിരിച്ചറിയേണ്ടതുണ്ട്. എന്തെന്നാല്‍ ഉയര്‍ന്ന മാനുഷിക ബന്ധങ്ങളില്‍ നിലകൊണ്ട ഒരേ ഒരു രാജ്യതന്ത്രജ്ഞനായിരുന്നു അദ്ദേഹം. അന്താരാഷ്ട്രതലങ്ങളില്‍ പോലും നീതിന്യായങ്ങളിലൂന്നി തീരുമാനങ്ങളെടുക്കുകയും സ്വാര്‍ത്ഥതയ്ക്കായി നിലകൊള്ളാതിരിക്കുകയും ചെയ്താല്‍ മാത്രമേ മനുഷ്യത്വം നിലനില്‍ക്കു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ന് ലോകം ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കേണ്ടതുണ്ട്.

തയ്യാറാക്കിയത് : ഡൊമനിക് തോമസ് ഗാന്ധിയന്‍ പഠന ലേഖകന്‍

വിവരണം : നരേന്ദ്രമോഹന്‍