പരിസര ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യ

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 2-ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നിരവധി ശുചീകരണ പ്രവൃത്തികള്‍ രാജ്യമെമ്പാടും നടന്നു. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ ഹാനികരമായ പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്കിനെ അകറ്റി നിറുത്തുമെന്ന പ്രതിജ്ഞയോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പ്ലാസ്റ്റിക്കിന് കര്‍ശനമായ നിയന്ത്രണം രാജ്യത്ത് നിലവിലില്ലെങ്കിലും 2022-ഓടെ പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യം പ്രധാനമന്ത്രി ചടങ്ങില്‍ ആവര്‍ത്തിച്ചു.

കണക്കുകള്‍ പ്രകാരം രാജ്യത്ത് 62 മില്യണ്‍ ടണ്‍ മാലിന്യമാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. ഇതില്‍ നല്ലൊരു ശതമാനവും പ്ലാസ്റ്റിക്കാണ്. സ്വച്ഛ് ഭാരത് മിഷനും മറ്റ് മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞങ്ങളും
നടക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരമായ രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്ലാസ്റ്റിക് ബാഗുകള്‍, പുനരുപയോഗ സാധ്യമല്ലാത്ത ബാഗുകള്‍, കുപ്പികള്‍ തുടങ്ങിയവയുടെ ഉപയോഗം കാരണമാകും. ഇതേക്കുറിച്ച് ബോധവത്കരണത്തിന് വ്യാപകമായ പ്രചാരണ പരിപാടികള്‍ രാജ്യത്ത് നടക്കേണ്ടതുണ്ട്.

ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക്കിന്റെ ഉത്പാദനം മുതല്‍ നശീകരണം വരെയുള്ള ഘട്ടങ്ങളില്‍ ഹരിതഗൃഹ വാതക പ്രഭാവം പോലെയുള്ളവയ്ക്കും ഇത് ഇടയാക്കുന്നു. 2050-ഓടെ ഭൂമിയിലെ കാര്‍ബണ്‍ അളവിന്റെ 13 ശതമാനവും പ്ലാസ്റ്റിക്കില്‍ നിന്നാവും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഗോള താപനില 1.5 ഡിഗ്രിയില്‍ താഴെയായി നിലനിറുത്തുന്നതിന് ഹരിതഗൃഹ വാതക പ്രഭാവം ഭീഷണിയാണ്.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍ മുതലായവ നദികളിലേയും കടലിന്റേയും ആവാസ വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയാണ്. ഇതിന് ഏകപ്രതിവിധി പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയുക എന്നുള്ളതാണ്. ഇതിനാണ് ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ രാജ്യം ഊന്നല്‍ നല്‍കുന്നത്.

ശുചിത്വം സംബന്ധിച്ച ഗാന്ധിജിയുടെ സ്വപ്നം തന്നെയാണ് വരുന്ന 3 വര്‍ഷംകൊണ്ട് പ്ലാസ്റ്റിക് ഉപയോഗത്തില്‍ കുറവ് വരുത്തി രാജ്യം കൈവരിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ 99 ശതമാനം ഗ്രാമങ്ങളും
ഇതിനകം തന്നെ വെളിയിട വിസര്‍ജ്ജനരഹിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ 60 മാസംകൊണ്ട് 11 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഇതിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതാണ്. 2014-ല്‍ ശുചീകരണം ഗവണ്‍മെന്റിന്റെ ഒരു പ്രധാന ദൗത്യമാക്കി അദ്ദേഹം മാറ്റിയിരുന്നു. ശൗചാലയങ്ങള്‍, ശുചിത്വമുള്ള ജനജീവിതത്തിന്റെ സൂചകങ്ങളാണ് ജനങ്ങളുടെ ആരോഗ്യസംരക്ഷണവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വമില്ലായ്മയും, ആരോഗ്യപരിപാലനത്തിലെ കുറവുകളും നിമിത്തം ഓരോ വര്‍ഷവും ഒരുലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരണമടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അശുദ്ധ ജലത്തിന്റെ ഉപയോഗവും വ്യക്തിശുചിത്വമില്ലായ്മയും, പോഷണക്കുറവും ആണ് ഇന്ത്യയിലെ അതിസാരം മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണമായി ലോകത്തെ ഏറ്റവും പഴക്കം ചെന്ന ആരോഗ്യ പ്രസിദ്ധീകരണമായ ദി ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നത്.

ശുചിത്വമില്ലായ്മയാണ് കൊതുകുകള്‍ പൊരുകുന്നതിനും കൊതുകുജന്യ രോഗങ്ങളായ മലേറിയയും ഡെങ്കിയും പടര്‍ന്നു പിടിക്കാനുമുള്ള കാരണം. ഇത്തരത്തിലുള്ള രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ നിന്ന് രാജ്യം മുക്തമാകാന്‍ ശുചിത്വവുമായി ബന്ധപ്പെട്ട പെരുമാറ്റ വ്യതിയാനം രാജ്യത്ത് ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ആരോഗ്യ-ശുചിത്വപാലന മേഖലയില്‍ നിര്‍ണ്ണായകമായ മാറ്റം കൊണ്ടുവന്ന സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്തതിന് അംഗീകാരമായാണ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍

പ്രധാനമന്ത്രി മോദിക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.

കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ആരോഗ്യവും, സുരക്ഷയും ആത്മാഭിമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് സാമ്പത്തികമായ ഗുണ ഫലങ്ങളുമുണ്ട്. ഈ അഭിമാന പദ്ധതി 75 ലക്ഷം തൊഴിലുകളും 20 ലക്ഷം കോടിയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കും കാരണമായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശുചിത്വം ദൈവികതയോട് മാത്രമല്ല വളര്‍ച്ചയോടും ശാക്തീകരണത്തോടും അടുത്തു നില്‍ക്കുന്ന ഗുണമാണെന്ന് സാരം. ആരോഗ്യവും സമ്പദ് സമൃദ്ധിയുമുള്ള സമൂഹത്തിന്റെ സൃഷ്ടിയില്‍ ശുചിത്വമുള്ള അന്തരീക്ഷത്തിനുള്ള പ്രാധാന്യം അടിവരയിട്ട് പറയാതെ ഗാന്ധിജിയ്ക്കുള്ള ശ്രദ്ധാഞ്ജലി നമുക്ക് കരുത്തുറ്റതാക്കാന്‍ ആവില്ല.

തയ്യാറാക്കിയത് : ശങ്കര്‍കുമാര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : ഉദയകുമാര്‍