സൗദി അറേബ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ പരമ്പരാഗതമായ സൗഹൃദ ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും നയതന്ത്ര പങ്കാളികളും വിവിധ മേഖലകളില്‍ സഹകാരികളുമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സൗദി അറേബ്യയിലേക്ക് ദ്വിദിന സന്ദര്‍ശനം നടത്തിയത്.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് ബിന്‍ അയ്ബാനുമായും ശ്രീ. ദോവല്‍ കൂടിക്കാഴ്ചകള്‍ നടത്തി. ഉഭയകക്ഷി , പ്രാദേശിക, അന്തരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സഹ അദ്ധ്യക്ഷം വഹിക്കുന്ന ഇന്ത്യ-സൗദി നയതന്ത്ര പങ്കാളിത്ത കൗണ്‍സിലായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.
യു.എന്‍. പൊതുസഭ 74-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വഴി മധ്യേ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞമാസം റിയാദ് സന്ദര്‍ശിച്ചിരുന്നു. അനുച്ഛേദം 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പാകിസ്ഥാന്‍ നയതന്ത്ര പ്രതിരോധം ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇമ്രാന്‍ഖാന്റെ സൗദി സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാന്റെ നിലപാടില്‍ സൗദിയുടെ പിന്തുണ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനം.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സൗദി നേതൃത്വത്തെ ധരിപ്പിക്കുകയും അതിര്‍ത്തി കടന്നുള്ള തീവ്രവാദംമൂലം ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍

ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ശ്രീ. ദോവലിന്റെ സൗദി സന്ദര്‍ശനം. സൗദി അറേബ്യയും തീവ്രവാദത്തിന്റെ ഇരയാണ്. യെമനിലെ ഹൂതി തീവ്രവാദികള്‍ സൗദിയിലെ
അരാംകോ കമ്പനിയുടെ ഖുറൈസിലും അബ്‌ഖൈയ്ക്കിലുമുള്ള എണ്ണ ശുദ്ധീകരണ ശാലകളില്‍ കഴിഞ്ഞമാസം ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലും സിറിയയിലും അടിസ്ഥാനമുള്ള ഐ.എസ്സും സൗദി അറേബ്യയെ ഉന്നമിടുന്നുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ഏഷ്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള മുന്നണി പോരാളികളാണ് ഇന്ത്യയും സൗദി അറേബ്യയും. തീവ്രവാദത്തിനെതിരെ മുസ്ലിം രാജ്യങ്ങളുടെ അഭിപ്രായ രൂപവത്ക്കരണത്തിന് റിയാദ് നേതൃസ്ഥാനമാണ് വഹിക്കുന്നത്. സൗദി നേതൃത്വം ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നിലപാടിനെ അംഗീകരിച്ചിട്ടുള്ളതു കൊണ്ടാണ് ഇന്ത്യ-സൗദി സുരക്ഷാ ഏജന്‍സികള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വര്‍ദ്ധിച്ചിട്ടുണ്ട്.

 

2019 ഫെബ്രുവരിയില്‍ സൗദി കിരീടവകാശി ബിന്‍ സല്‍മാന്റെ ന്യൂഡല്‍ഹി സന്ദര്‍ശനത്തെ തുടര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഭീകരവാദ അടിസ്ഥാന ഘടകങ്ങളുടെ വേരറുക്കേണ്ടതിന്റെയും തീവ്രവാദത്തെ സഹായിക്കുന്നതിനുള്ള സാമ്പത്തിക ശൃംഖലകള്‍ നശിപ്പിക്കേണ്ടതിന്റെയും ആവശ്യകത വെളിപ്പെടുത്തിയിരുന്നു. ജനുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല്‍പ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ടതും പഠാന്‍കോട്ടിലും ഉറിയിലും 2016-ല്‍ നടന്ന ആക്രമണങ്ങളെയും സൗദി അറേബ്യ അടുത്തിടെ അപലപിച്ചിരുന്നു.
പുല്‍വാമ ആക്രമണത്തിന് ശേഷം ബലാകോട്ട് ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയപ്പോള്‍ തെക്കനേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങള്‍ നടത്തിയിരുന്നു.
സാമ്പത്തിക പ്രവര്‍ത്തന സംഘടന ഈമാസം അവസാനം നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീങ്ങുന്നതും ശ്രീ. ദോവലിന്റെ സൗദി സന്ദര്‍ശനത്തിലെ മറ്റൊരു അജണ്ടയായിരുന്നു. തുടര്‍ച്ചയായി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് 2018-ല്‍ പാകിസ്ഥാനെ F.A.T.F.

ഗ്രേ ലിസ്റ്റില്‍പ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കുന്നതില്‍ ഇസ്ലാമാബാദ് നടത്തിയ പ്രതിജ്ഞകള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് F.A.T.F.- ന്റെ ഏഷ്യ-പസഫിക് സംഘം അഭിപ്രായപ്പെടുന്നു. അതിനാല്‍ തന്നെ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിലും സുരക്ഷയും തീവ്രവാദ വിരുദ്ധ സഹകരണവും ശക്തിപ്പെടുത്തുന്നതിലും പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്.

നിങ്ങള്‍ കേട്ടത് – വാര്‍ത്താവലോകനം

തയ്യാറാക്കിയത് : ഡോ. മുഹമ്മദ് മുദ്ദാസിര്‍ ഖ്വാമര്‍

പശ്ചിമേഷ്യ നയനന്ത്ര വിശകലന വിദഗ്ധന്‍.

വിവരണം : കവിത സുനു