ഇന്തോ-അമേരിക്കന്‍ നയതന്ത്രബന്ധം പുതിയ ഉയരങ്ങളിലേക്ക്

ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം നിലവിലുളള പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലമായ നിലയിലേയ്ക്ക് ഉയരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം നടത്തിയ യു.എസ് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര പ്രശ്‌നങ്ങള്‍ പരിശോധിച്ചാല്‍, പല കാര്യങ്ങളും വളരെക്കാലമായി തുടരുന്നവയായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കയില്‍ പുതിയ ഭരണം നിലവില്‍ വന്നതോടെ അവര്‍ ഈ പ്രശ്‌നങ്ങളെ കൂടുതല്‍ പ്രാധാന്യത്തോടെ കണ്ടു തുടങ്ങി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുളള അധിക നികുതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ യു.എസ്. വാണിജ്യ സെക്രട്ടറി വില്‍ബാര്‍ റോസുമായി കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ അടുത്ത ആഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്ഷീരോല്‍പ്പാദന മേഖലയില്‍ പ്രവേശിക്കുന്നതിന് അമേരിക്ക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുപോലെ മരുന്നുകളിന്മേല്‍ നിലവിലുളള വില നിയന്ത്രണം എടുത്തു കളയണമെന്നും വിവര സാങ്കേതിക വിദ്യ, വാര്‍ത്താ വിനിമയ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവു വരുത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ പ്രമുഖ വ്യാപാര പദ്ധതിയായ ജി.എസ്.പിയില്‍ വീണ്ടും അംഗത്വം നേടുക എന്നതാകും ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയും അമേരിക്കയും തമ്മിലുളള വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ കരാറില്‍ ഏര്‍പ്പെടുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി ഡോ.എസ്.ജയശങ്കര്‍ പറഞ്ഞു. വ്യാപാര പ്രശ്‌നങ്ങളെ കൂടാതെ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുളള വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. സ്വാതന്ത്രവും സുതാര്യവുമായ ഒരു ഇന്തോ-പസഫിക് മേഖല പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇരുവരും അവലോകനം ചെയ്തു. ഇരു രാഷ്ട്ര നേതാക്കളും ഇത് നാലാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിന് ശേഷം കൂടിക്കാഴ്ച നടത്തുന്നത്.
തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാടും വാദഗതികളും യു.എസ് അധികൃതരുമായി പങ്കുവച്ചു. അന്താരാഷ്ട്ര വിഷയങ്ങള്‍ ഇന്ത്യ സാകൂതം നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിനെ സംബന്ധിച്ച് അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും ജമ്മുകശ്മീരിന്റെ വികസനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. അനുച്ഛേദം 370 റദ്ദാക്കേണ്ടിവന്ന സാഹചര്യവും അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന വികസന നേട്ടങ്ങളേയും കുറിച്ച് അവരെ ബോധവാന്മാരാകുന്നതിനുളള നടപടികള്‍ ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തനം പാകിസ്ഥാന്‍ അവസാനിപ്പിക്കേണ്ടതിനെകുറിച്ചും ജയശങ്കര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുളള കൂടിക്കാഴ്ചയില്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുളള ഇന്ത്യയുടെ ശ്രമങ്ങളെപ്പറ്റിയും, ഇന്ത്യയെ കൂടാതെയുളള സുരക്ഷാ കൗണ്‍സില്‍, ഐക്യരാഷ്ട്ര സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. മാറിയ ലോക സാഹചര്യത്തില്‍ ഇന്ത്യയും അമേരിക്കയും തോളൊടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം, ഭീകര പ്രവര്‍ത്തനം, വികസനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ശ്രീ ജയശങ്കര്‍ അഭ്യര്‍ത്ഥിച്ചു.
മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മഹാത്മജിയുടെ കാഴ്ചപ്പാടുകള്‍ വിദേശകാര്യമന്ത്രി പരാമര്‍ശിച്ചു. 2022-ഓടെ പുനരുപയോഗ ഊര്‍ജ്ജം 175 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തുമെന്നും 2030-ഓടെ 450 ജിഗാവാട്ടായി ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരായുളള പോരാട്ടം ശക്തമായിരിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

തയ്യാറാക്കിയത് : ഡോ.സ്തുതി ബാനര്‍ജി
അമേരിക്കന്‍ കാര്യ വിദഗ്ധ

വിവരണം : നരേന്ദ്രമോഹന്‍