ഇമ്രാന്‍ഖാന്‍ കൂടുതല്‍ദുരവസ്ഥയിലേക്ക്

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ കൈക്കൊണ്ട നിലപാടുകളില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കന്‍ മാധ്യമങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചു. ഹൗഡി-മോഡി പരിപാടിക്ക് ലോകമാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യവും അതില്‍ ട്രംപിന്റെ പങ്കാളിത്തവും ഇമ്രാന്‍ഖാനെ ചൊടിപ്പിച്ചു. മലേഷ്യ, തുര്‍ക്കി എന്നീ മുസ്ലീം രാജ്യങ്ങള്‍ തണുത്ത പ്രതികരണം നടത്തിയെന്നതല്ലാതെ മറ്റൊരു മുസ്ലീം രാജ്യവും ഇമ്രാന്റെ നിലപാടുകളെ പിന്തുണച്ചില്ല. ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇമ്രാന്‍ഖാന്റെ പ്രസംഗത്തോട് പ്രതികരിയ്ക്കാന്‍ ഇന്ത്യ ഒരു യുവസെക്രട്ടറിയെ നിയോഗിച്ചതും പാകിസ്ഥാന്റെ നിലപാട് കൂടുതല്‍ ദുര്‍ബലമാക്കി.
ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളും, അന്താരാഷ്ട്രതലത്തില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുമുള്ള പരാജയവും മുന്‍നിര്‍ത്തി പാകിസ്ഥാനില്‍ ഓരോദിവസവും പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രസംഗങ്ങള്‍കൊണ്ട് മാത്രം കഴിയില്ലെന്നും സമഗ്രമായ സമീപനവും ശക്തമായ ദീര്‍ഘകാലനയവും പ്രശ്‌ന പരിഹാരത്തിന് ആവശ്യമാണ് എന്നതാണ് പ്രധാന വിമര്‍ശനം. യു.എന്‍ പൊതുസഭയില്‍ ശ്രീ. ഖാന്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്റെ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് ബിലവാല്‍ ഭൂട്ടോ സര്‍ദാരി അസന്തുഷ്ടി രേഖപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളും കമന്റേര്‍മാരും ചേര്‍ന്ന് ഖാന്റെ പ്രസംഗത്തെ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു. യു.എന്‍. പൊതുസഭയില്‍ ഈ വിഷയം ഇമ്രാന്‍ഖാന്‍ ശക്തമായി ഉന്നയിച്ചില്ലെന്നും സര്‍ദാരി കുറ്റപ്പെടുത്തി. കൂടാതെ ട്രംപ്-ഇമ്രാന്‍ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ട്രംപിന്റെ ഉദാസീന സമീപനത്തെ അതീവ സംശയത്തോടെയാണ് പാക് ജനത കാണുന്നത്. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ അമേരിക്കയുടെ മുമ്പില്‍ തുറന്നുകാട്ടാനുള്ള അവസരത്തെ പൂര്‍ണ്ണ തോതില്‍ വിനിയോഗിക്കാന്‍ ഇമ്രാന് കഴിഞ്ഞില്ലെന്നും വിമര്‍ശിക്കപ്പെടുന്നു. ദൃശ്യമാധ്യമ ചര്‍ച്ചകളിലും പാകിസ്ഥാന്‍ ദിനപത്രങ്ങളിലും യു.എന്‍. പൊതുസഭയില്‍ കാശ്മീര്‍ വിഷയം ഒരു പ്രമേയമാക്കി അവതരിപ്പിക്കുന്നതില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പരാജയമായി രാജ്യം കണക്കാക്കുന്നു.
മനുഷ്യവകാശലംഘന വിഷയം ഉന്നയിച്ച് പാകിസ്ഥാനോടുള്ള ആനുഭാവവും ഇന്ത്യയോട് ശത്രുതയും അന്താരാഷ്ട്രതലത്തില്‍ നേടിയെടുക്കാനാകുമെന്ന് ഇമ്രാന്‍ഖാന്‍ പ്രതീക്ഷിച്ചു. എന്നാല്‍, തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ അവസാനത്തോടെ സാമ്പത്തിക അച്ചടക്ക സമിതി പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കിയത്. യു.പി പൊതുസഭയില്‍ കാശ്മീര്‍ വിഷയത്തെ തൊടാതെ ഭീകരതയ്‌ക്കെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഇമ്രാന്‍ഖാന്റെ പ്രസംഗത്തെ അപ്രസക്തമാക്കി. അപ്പോള്‍ ഇമ്രാന്‍ഖാനോട് ചോദിക്കാവുന്ന ഒരു പ്രധാന ചോദ്യം. താങ്കള്‍ നടത്തിയ പ്രസംഗത്തിന്റെ ആത്യന്തിക ഫലമെന്താണ്?
പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് ശക്തവും ഫലപ്രദവുമായ നയതന്ത്രങ്ങളിലൂടെയാണ് നല്ല ഫലങ്ങള്‍ ലഭിക്കുന്നതെന്ന് വിശകലന വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളോട് സഹകരിക്കാന്‍ ലോകരാജ്യങ്ങള്‍ തീരുമാനിച്ചതായും പാകിസ്ഥാന്‍ മനസ്സിലാക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയും എന്തിന് പാകിസ്ഥാനുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന സൗദിഅറേബ്യയു.എ.ഇ. എന്നീ രാജ്യങ്ങള്‍ പോലും പാകിസ്ഥാനുമായി ഈ വിഷയം പങ്കിടാന്‍ മടിക്കുകയാണ്. ആഭ്യന്തരമായി, പാകിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് ഗവണ്‍മെന്റ് പതറുകയാണ്. കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗവണ്‍മെന്റിന്റെ പരാജയവും രാജ്യത്തിന്റെ ദുര്‍ബല സാമ്പത്തികാവസ്ഥയും ചൂണ്ടിക്കാട്ടി സംയുക്ത പ്രതിരോധതന്ത്രം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ജമെയ്ത്ത്-ഉലൈമ-ഇ-ഇസ്ലാം പാര്‍ട്ടി ഈ മാസാവസാനം ഗവണ്‍മെന്റിനെതിരെ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇമ്രാന്‍ ഗവണ്‍മെന്റിന്റെ പരാജയങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാനായി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും രാജ്യ വ്യാപകമായി ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
ദേശീയ – അന്തര്‍ദേശീയ മുന്നണികളുടെ ഇടയില്‍പ്പെട്ട് ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് ചക്രശ്വാസം വലിയ്ക്കുകയാണ്. ഭീകരവാദം വീണ്ടും സജീവമാക്കാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങള്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സാദ്ധ്യതയുണ്ട്. കടുത്ത വിലക്കയറ്റം പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുകയാണെങ്കില്‍ പാക് ജനതയുടെ അപ്രീതിക്കും പ്രതിപക്ഷത്തിന്റെ രോഷത്തിനും കാരണമായി മാറും.

തയ്യാറാക്കിയത്: ഡോ. സൈനബ് അക്തര്‍
പാകിസ്ഥാന്‍ നയതന്ത്ര അവലോകനവിദഗ്ധന്‍.

വിവരണം : തുളസീദാസ്