ദിശാസൂചകമായി മാറിയ ഇന്ത്യാ സാമ്പത്തിക ഉച്ചകോടി

പത്ത് ലക്ഷം കോടി മൂല്യമുള്ള സമ്പദ്‌വ്യവസ്ഥ എന്ന നാഴികക്കല്ല് പിന്നിടുന്നതിനായി സമഗ്രവും സ്ഥായിയായതുമായ പുതുതലമുറ പരിഷ്‌കരണങ്ങളിലൂന്നിയുള്ള ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ ആഗോള തലത്തില്‍ വളരെ താല്‍പര്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും വേള്‍ഡ് ഇക്കണോമിക് ഫോറവും സംയുക്തമായി സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയുടെ സമാപനത്തില്‍ ഡബ്ല്യു.ഇ.എഫ്. പ്രസിഡന്റ് ബെര്‍ജെ ബ്രെന്‍ഡെയാണ് ഈ നിരീക്ഷണം നടത്തിയത്. സത്യസന്ധമായ ഈ നീരീക്ഷണത്തോട് ഉച്ചകോടിയില്‍ പങ്കെടുത്ത വിദേശ-സ്വദേശ പ്രതിനിധികളും സംരംഭകരും യോജിപ്പ് പ്രകടിപ്പിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. സമകാലിക ലോകം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ മാതൃകയാക്കാവുന്നതും മെച്ചമായ രീതിയില്‍ അനുകരിക്കാനാവുന്നതുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയ്ക്ക് നേതൃപരമായ പങ്ക് വഹിക്കാനാകുമെന്ന കാര്യത്തില്‍ ഉച്ചകോടിക്ക് ഏകാഭിപ്രായമാണ് ഉണ്ടായിരുന്നത്.
നിക്ഷേപം നടത്താന്‍ ആകര്‍ഷകമായ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കരണങ്ങളായ ബാങ്ക് ലയനവും, കോര്‍പ്പറേറ്റ് നികുതി കുറച്ചതും കാരണമായിട്ടുണ്ടെന്ന് ഡബ്ല്യു. ഇ. എഫ്. മാനേജിംഗ് ഡയറക്ടര്‍ സരിതാ നയ്യാര്‍ ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് അനിവാര്യമായ നടപടിയായിരുന്നു കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനം. ദക്ഷിണ, ദക്ഷിണ പൂര്‍വ്വേഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ തീരുമാനം ലോകത്തെ തന്നെ ഏറ്റവും വലിയ ആഭ്യന്തര കമ്പോളമാണ് ഇന്ത്യയെന്ന ആനുകൂല്യവും കൂടിച്ചേരുമ്പോള്‍ കൂടുതല്‍ പ്രധാന്യമുള്ളതായിത്തീരുന്നു.
പ്രാദേശികവും, വംശീയവും, ഭാഷാപരവുമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഉപഭൂഖണ്ഡത്തിന്റെ പാരമ്പര്യ ശക്തിയായ നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിലൂന്നി ഭക്ഷിണേഷ്യയുടെ പൊതുപ്രശ്‌നങ്ങളായ ദാരിദ്ര്യം പോലുള്ളവ തുടച്ചുനീക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രകടിപ്പിച്ചത്. ഇന്ത്യന്‍ സംരംഭകര്‍ക്ക് ബംഗ്ലാദേശില്‍ അനന്തസാധ്യകളാണുള്ളതെന്നും അവര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ധാക്ക കേന്ദ്രമാക്കി വ്യവസായങ്ങള്‍ ആരംഭിക്കാനും ഉല്പന്നങ്ങള്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങിലേക്കും കയറ്റി അയക്കാനുമുള്ള സാധ്യതകള്‍ തുറന്നതായും ശ്രീമതി ഹസീന പറഞ്ഞു. രാഷ്ട്രീയകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വിഘാതമാകുന്ന തരത്തിലുള്ള പാകിസ്ഥാന്‍ നടപടികളെ തള്ളിക്കളഞ്ഞ് സഹകരണത്തിന്റെ പാത വെട്ടിത്തുറക്കാനുള്ള മാര്‍ഗ്ഗമായും നിരീക്ഷകര്‍ ഇതു ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ നിരന്തര പരിശ്രമങ്ങള്‍ മൂലം മേഖലയിലെ ഒരു രാജ്യമൊഴിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് സഹകരണ വിജയഗാഥകളാണ് പറയാനുള്ളതെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ പറഞ്ഞു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും അത് അംഗീകരിക്കാത്ത പാകിസ്ഥാനാണ് താന്‍ ഉദ്ദേശിച്ച ഒരു രാജ്യമെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞതുമില്ല. ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടി വൈകാന്‍ ഘടനപരമായ ഒരു കാരണവും കാണുന്നില്ലെന്ന വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ അഭിപ്രായത്തോട് അമേരിക്കന്‍ വാണിജ്യകാര്യ സെക്രട്ടറി വില്‍ബര്‍ റോസ് തത്വത്തില്‍ യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇരു രാജ്യങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് വേഗത്തിലുള്ള പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ചിലവുകുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്ന ഇ-കൊമേഴ്‌സ് ചില്ലറ വ്യാപാരത്തിലെ നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കണമെന്ന് വില്‍ബര്‍ റോസ് അഭിപ്രായപ്പെട്ടു.
വമ്പന്‍ മൂലധന ശക്തികളായ ചില്ലറ വ്യാപാര മേഖലയിലെ ഭീമന്മാരില്‍ നിന്നും ഉപജീവന മാര്‍ഗ്ഗമായി ചില്ലറ വ്യാപാരം നടത്തുന്ന സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശ്രീ പിയൂഷ് ഗോയലും ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ള നടപടികളാണ് കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍, ഓഹരി വിറ്റഴിക്കല്‍, ആസ്തികളെ മൂലധനമാക്കി മാറ്റല്‍ എന്നിവയെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് പറഞ്ഞു. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യ ശരാശരി 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
സ്ഥിരതയാര്‍ന്ന വികസനത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തെ എടുത്തുകാട്ടുന്നതായിരുന്നു രണ്ടു ദിവസത്തെ ഉച്ചകോടി. എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ടുള്ള സമഗ്ര വികസനമെന്ന ഇന്ത്യയുടെ നയം സൂചിപ്പിക്കുന്നതുമായിരുന്നു ഉച്ചകോടി.

തയ്യാറാക്കിയത് : ജി. ശ്രീനിവാസന്‍
സാമ്പത്തികകാര്യ ലേഖകന്‍

വിവരണം : ഷീജ ഗണേശ്