റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള 36 റഫാല്‍ യുദ്ധ വിമാനങ്ങളുടെ ശ്രേണിയിലെ ആദ്യ യുദ്ധ വിമാനം ഫ്രാന്‍സിലെ മെരിഗ്‌നാക് വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് ഏറ്റുവാങ്ങി. യുദ്ധത്തിലും സാങ്കേതിക മികവിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുന്‍തൂക്കം നേടിക്കൊടുക്കാന്‍ സഹായകരമാകും.പരമ്പരാഗതമായതും അല്ലാത്തതും തന്ത്രപരവുമായതുമായ യുദ്ധരംഗങ്ങളില്‍ മേധാവിത്വം നേടാന്‍ സൈനികശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ മത്സരം നിലനില്‍ക്കുന്ന

സാഹചര്യത്തിലാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പോലും ആണവ യുദ്ധ ഭീഷണി മുഴക്കുന്ന തൊട്ടടുത്ത അയല്‍രാജ്യത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ റഫാലിന്റെ വരവ് ശക്തി പകരും.
ശത്രുരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതും ആഗോളതലത്തിലെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവവും സൈനികശക്തി നിരന്തരം നവീകരിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിവിധോദ്ദേശ യുദ്ധവിമാനമായ റഫാലിന്റെ വരവ് പ്രസക്തമാകുന്നത്.
ആറ്‌രാജ്യങ്ങളില്‍ നിന്നുള്ള നാലാംതലമുറ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേനയുടെ പരിശോധന പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി 600 മാനദണ്ഡങ്ങളാണ് സേന ഇതിനായി തയ്യാറാക്കിയിരുന്നത്. കുറഞ്ഞത് 590 യോഗ്യതകള്‍ നിര്‍ബന്ധമായും വേണമെന്നും നിശ്ചയിച്ചിരുന്നു. അതില്‍ കുറഞ്ഞ പ്രകടനമാണ് കാഴ്ചവച്ചിരുന്നതെങ്കില്‍ ഈ കഠിനമായ പരീക്ഷണത്തില്‍ റഫാലിന് വിജയിക്കാന്‍ സാധിക്കുമായിരുന്നില്ല. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങളായ സുഖോയ് 30, മിഗ് 29 എന്നിവയും ഫ്രാന്‍സിന്റെമിറാഷ്2000-ഉം തദ്ദേശീയമായി നിര്‍മ്മിച്ച എച്ച്.എ.എല്‍ തേജസും ഉള്‍പ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി റഫാലിന്റെ വരവോടെ സാരമായി വര്‍ദ്ധിക്കും.

വ്യോമ മേധാവിത്വത്തിനും, വ്യോമരംഗത്തെ പ്രതിരോധത്തിനും റഫാല്‍ യുദ്ധ വിമാനം ഏറെ ഗുണകരമാവും, ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ റഫാല്‍ വിമാനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഭാവിയിലെ യുദ്ധങ്ങളില്‍ വ്യോമശക്തിക്ക് നിര്‍ണ്ണായക പങ്കാവും ഉണ്ടാവുക. വിദൂരമായ ലക്ഷ്യങ്ങളില്‍ കൃത്യതയോടെയുള്ള ശേഷിയാണ് ഇതിന് കാരണം.
രാജ്യത്തെ സംബന്ധിച്ചിടത്തോളംരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനും വ്യോമസേനയ്ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ബാലാകോട്ട് വ്യോമാക്രമണം ഇതിനുദാഹരണമാണ്. സുശക്തമായവ്യോമസേന ഇന്ത്യയെ സംബന്ധിച്ചിത്തോളം അനിവാര്യമാണ്.
കാലപ്പഴക്കം ചെന്ന യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനുകള്‍ എത്രയുംവേഗം ഒഴിവാക്കേണ്ടതുണ്ട്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണവും സമയമെടുക്കുന്നതുമാണ്. യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം ,അസംസ്‌കൃത വസ്തുക്കളുടെയും ഘടകഭാഗങ്ങളുടെയും ദൗര്‍ലഭ്യം നിമിത്തം അത്ര അനായാസമായ കാര്യമല്ല. അതുകൊണ്ട്തന്നെ ഇത്‌സംബന്ധിച്ച രാഷ്ട്രീയ തീരുമാനങ്ങള്‍ക്കായി അധികസമയം പാഴാക്കാനാകില്ല.
36 മാസത്തിനുള്ളില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഗവണ്‍മെന്റ് തീരുമാനം ചരിത്രപരമാണ്. വ്യോമയുദ്ധത്തിലും പ്രതിരോധത്തിലും ബഹുമുഖ വൈദ്ഗധ്യവും ആണവ വാഹികശേഷിയുമുള്ള യുദ്ധവിമാനമാണ് റഫാല്‍. ഇന്ത്യന്‍

വ്യോമസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നടപടിയായാണ് പ്രതിരോധ നിരീക്ഷകര്‍ റഫാലിന്റെ വരവിനെ കാണുന്നത്.
സമാധാനം നിലനിര്‍ത്തുന്നതിനായുള്ള ആത്മപ്രതിരോധം എന്ന നയമാണ് അയല്‍ രാജ്യത്തില്‍ നിന്നുള്ള പ്രകോപനങ്ങള്‍ക്കിടയിലും ഇന്ത്യ സ്വീകരിക്കുന്നത്. റഫാല്‍ ഏറ്റവാങ്ങല്‍ ചടങ്ങില്‍ പതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് നടത്തിയ പ്രസംഗവും ഇതാണ് വ്യക്തമാക്കുന്നത്. റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നങ്കിലും ആക്രമണമല്ല പ്രതിരോധമാണ് ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം ചെയ്യാനല്ല യുദ്ധം ഒഴിവാക്കാനാണ് സൈനികശക്തിയെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
റഫാല്‍ -ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഇത് ഇന്ത്യന്‍ സേനയുടെ പ്രതിരോധ ശേഷിയില്‍ പ്രതിഫലിക്കുകയും, ഭാവിയിലെ യുദ്ധ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും.

തയ്യാറാക്കിയത്: ഉത്തംകുമാര്‍ ബിശ്വാസ്
പ്രതിരോധ വിശകലന വിദഗ്ധന്‍

വിവരണം : നരേന്ദ്ര മോഹന്‍