ഇമ്രാന്‍ഖാന്റെ വര്‍ദ്ധിക്കുന്ന വ്യഥകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ചൈനയിലേയ്ക്ക് ദ്വിദിന സന്ദര്‍ശനം നടത്തി. ഇമ്രാന്‍ഖാന്‍ ചൈനയിലെത്തുന്നതിന് ഒരു ദിവസം മുമ്പ് പാക് സേനാ തലവന്‍ ജനറല്‍ ഖമര്‍ ജാവെദ് ബജ്‌വ ബെയ്ജിംഗിലെത്തി. ചൈനയുടെ സേനാ മേധാവി ജനറല്‍ ഴാംവ് യൂക്‌സിയയുമായും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നതിനായി ആയിരുന്നു ബജ്‌വയുടെ ചൈന സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റുമായും, പ്രധാനമന്ത്രിയുമായും ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ജനറല്‍ ബജ്‌വയും പങ്കെടുത്തു.

ഒരു വര്‍ഷത്തിനുളളില്‍ ഇമ്രാന്‍ഖാന്‍ നടത്തിയ മൂന്നാം ചൈനാ സന്ദര്‍ശനമായിരുന്നു ഇത്. പാകിസ്ഥാന്‍-ചൈന നയതന്ത്ര സഹകരണ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സന്ദര്‍ശനത്തിനു ശേഷമുളള സംയുക്തപ്രസ്താവന. ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചും പ്രതീക്ഷിച്ചതുപോലെത്തന്നെ പ്രസ്താവനയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. പാകിസ്ഥാന് തൃപ്തികരമായ വിധത്തില്‍ യു.എന്‍ പ്രമേയങ്ങളെക്കുറിച്ച്, ഒരു പക്ഷേ നടപ്പാക്കാനാകില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ സൂചിപ്പിക്കാനും ചൈന തയ്യാറായി. ഇന്ത്യയുമായുളള പ്രശ്‌നങ്ങള്‍ ഇരു കക്ഷികളും ചേര്‍ന്ന് പരിഹരിക്കണമെന്ന സന്ദേശവും ചൈന കൈമാറി. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനും സാമ്പത്തിക നടപടികള്‍ക്കായുളള കര്‍മ്മസേനയുടെ സമ്മേളനത്തിനും ദിവസങ്ങള്‍ക്ക് മുമ്പായാണ് ഇമ്രാന്റെ ചൈന സന്ദര്‍ശനം. എഫ്.എ.റ്റി.എഫ് സമ്മേളനത്തില്‍ പാകിസ്ഥാന്‍ വ്യവസ്ഥകള്‍ എത്രത്തോളം നിറവേറ്റിയെന്ന് വിലയിരുത്തി, നിലവിലെ ഗ്രേ ലിസ്റ്റില്‍ നിന്നും കരിമ്പട്ടികയില്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനും ചൈനയും ഒരേ തട്ടിലാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഇമ്രാന്റെയും ജനറല്‍ ബജ്‌വയുടെയും ചൈന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, മാമല്ലപുരത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ അനൗദ്ദ്യോഗിക ഉച്ചകോടിയില്‍, കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നില്ല.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗവും ചൈനീസ് സന്ദര്‍ശനവും പാകിസ്ഥാനില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. തന്റെ രാഷ്ട്രീയ പ്രതിഛായ നിലനിര്‍ത്താന്‍ ഇവ ഇമ്രാന്‍ഖാന് സഹായകരമാവുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അനുച്ഛേദം 370, 35 എ എന്നിവ റദ്ദാക്കി ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുന:സംഘടിപ്പിക്കാനുളള ഇന്ത്യന്‍ തീരുമാനത്തിന്മേല്‍ ഒരു വിധത്തിലുളള സ്വാധീനവും ഇമ്രാന് ചെലുത്താനായിട്ടില്ല എന്നതും വസ്തുതയാണ്.
മുന്‍പും ഇത്തരത്തിലുളള പ്രസംഗങ്ങള്‍ മുന്‍ പാക് പ്രധാനമന്ത്രിമാരായ സുല്‍ഫിക്കര്‍ അലി ഭൂട്ടോ, ബേനസീര്‍ ഭൂട്ടോ, നവാസ് ഷരീഫ് എന്നിവരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അവയൊന്നും കശ്മീര്‍ സംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ സ്വാധീനിച്ചിട്ടില്ല. ആഗോള നയതന്ത്രതലത്തില്‍ വരുന്ന മാറ്റങ്ങളും അന്താരാഷ്ട്ര തലത്തിലുളള ഇന്ത്യയുടെ ഉയര്‍ച്ചയും ചൈനയുള്‍പ്പെടെയുളള വന്‍ശക്തികളെ ഇന്ത്യയെ സ്വാഭാവിക പങ്കാളിയായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
ഇന്ത്യന്‍ നീക്കങ്ങള്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇമ്രാനെയും കൂട്ടരെയും നിരായുധരാക്കിയിരിക്കുകയാണെന്നു പറയാം. പ്രതിപക്ഷത്തിന് ആക്രമണത്തിന് അവസരം തുറന്നു നല്‍കിയിരിക്കുകയാണിത്.
ഇന്ത്യയുടെ നടപടികള്‍ മുന്‍കൂട്ടി കാണാനുളള രാഷ്ട്രീയ പക്വതയും, വിവേകവും ഇമ്രാനില്ലെന്നതാണ് പ്രതിപക്ഷ വിമര്‍ശനം ഇമ്രാന്‍ തന്റെ യജമാനന്റെ കൈകളിലെ കളിപ്പാവ മാത്രമാണെന്നായിരുന്നു സൈന്യത്തെ സൂചിപ്പിച്ചുകൊണ്ടുളള ബിലാവല്‍ ഭൂട്ടോയുടെ വിമര്‍ശനം. ഇമ്രാന്റെ ഭരണത്തില്‍ വളര്‍ന്നു വരുന്ന അസന്തുഷ്ടി മുതലെടുത്ത് ഇസ്ലാമാബാദിലേക്ക് മൗലാനാ ഫസലുര്‍ റഹ്മാന്‍ നയിക്കുന്ന ലോംഗ് മാര്‍ച്ച് ആരംഭിക്കാനിരിക്കുകയാണ്.
പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, നികുതി വരുമാനത്തിലെ ഇടിവും ഇമ്രാന്‍ ഗവണ്‍മെന്റിനെ വലയ്ക്കുകയാണ്. പാക്-സമ്പദ്‌വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുളള വിശ്വാസ്യത കൈമോശം വരുന്നതായി അടുത്തിടെ നടന്ന ഒരു സര്‍വ്വേ പറയുന്നു. ഇതില്‍ പാകിസ്ഥാന് 33.8 പോയിന്റ് ലഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 62.9 പോയിന്റ് ലഭിച്ചിരുന്നു. പാകിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥ തെറ്റായ ദിശയിലാണ് പോകുന്നതെന്ന് 79 ശതമാനം ജനങ്ങളും കരുതുന്നു.
ഇമ്രാന്റെ ഇടിയുന്ന ജനപിന്തുണയില്‍ പ്രതിപക്ഷത്തിന്റെ പുനരുജ്ജീവനത്തിന് സാധ്യതകള്‍ നല്‍കുന്നു. ഫസലുര്‍ റഹ്മാന്റെ മാര്‍ച്ചിന് നിശബ്ദ പിന്തുണ നല്‍കുന്ന ബിലാവല്‍ ഭൂട്ടോയും, നവാസ് ഷെറീഫും സൈനിക പിന്തുണയുളള ഇമ്രാന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.

 

തയ്യാറാക്കിയത് : ഡോ.അശോക് ബെഹുരിയ,

ഐ.ഡി.എസ്.എ യുടെ ദക്ഷിണേഷ്യന്‍
കേന്ദ്രത്തിലെ മുതിര്‍ന്ന ഗവേഷകന്‍.

വിവരണം : കവിത സുനു