FATF മുന്നറിയിപ്പിന് ശേഷം പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരും

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാക്-അധിനിവേശ കാശ്മീരിലെ ചില സൈനിക പോസ്റ്റുകളും തീവ്രവാദ കേന്ദ്രങ്ങളും ലക്ഷ്യംവച്ച് ഇന്ത്യ, നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ നിരവധി സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് അറിയിച്ചു.
ജമ്മു കാശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ഷട്ര സമൂഹത്തിന്റെ സഹകരണം നേടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഇന്ത്യയിലേക്കുള്ള നുഴഞ്ഞ കയറ്റവും പാകിസ്ഥാന്‍ കൂടുതലായി തുടങ്ങിയത്. പക്ഷേ ആ ശ്രമങ്ങളെയെല്ലാം

ഇന്ത്യന്‍ സേന തന്ത്രപരമായ നീക്കങ്ങളിലൂടെ പരാജയപ്പെടുത്തുകയായിരുന്നു.
അതേസമയം പാരീസില്‍ നടന്ന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് അഥവാ FATF 2020 ഫെബ്രുവരി വരെ പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരണമെന്ന് ഏകകണ്ഠമായ തീരുമാനമെടുക്കുകയായിരുന്നു. ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന് ഇനി 4 മാസം കൂടി സമയമുണ്ട്. തീവ്രവാദ ധനസഹായം, തീവ്രവാദ സംഘടനകള്‍ നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള സമ്പൂര്‍ണ്ണ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതിന് പാകിസ്ഥാന്‍ ശ്രമിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തുക, പാകിസ്ഥാനുമായുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ തടയുക തുടങ്ങിയവയുള്‍പ്പെടെയുള്ള നടപടികളിലേക്ക് തങ്ങള്‍ക്ക് നീങ്ങേണ്ടിവരുമെന്നും FATF പ്രസ്താവനയില്‍ അറിയിച്ചു.
ആഗോള നിലവാരം പുലര്‍ത്താത്തതിന് FATF പാകിസ്ഥാനെ കുറ്റപ്പെടുത്തി. തീവ്രവാദ ധനസഹായത്തിനെതിരായുള്ള പാകിസ്ഥാന്‍ നടപടികള്‍ തൃപ്തികരമല്ലെന്നും FATF രാജ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ 27 വിഷയങ്ങളില്‍ 5 എണ്ണത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും FATF വ്യക്തമാക്കി.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി ലഷ്‌കര്‍-ഇ-തോയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ സംഘടനയ്ക്കുള്ള തീവ്രവാദ ധനസഹായം നിയന്ത്രിക്കാനും പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന് FATF വിശദമാക്കി.

പാകിസ്ഥാനെ ഉടന്‍ കരിമ്പട്ടികയില്‍പ്പെടുത്തരുതെന്നും സാവകാശം അനുവദിക്കണമെന്നും അംഗരാജ്യങ്ങളായ ചൈന, മലേഷ്യ, ടര്‍ക്കി എന്നീ മൂന്ന് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഒരു രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്താതിരിക്കാന്‍ FATF നിയമങ്ങള്‍ പ്രകാരം 39 അംഗങ്ങളില്‍ മൂന്ന് പേരുടെയെങ്കിലും പിന്തുണ ആവശ്യമാണ്. ഇതുവരെ ഉത്തര കൊറിയ, ഇറാന്‍ എന്നീ രണ്ട് രാജ്യങ്ങളെ മാത്രമാണ് FATF കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ആ രാജ്യങ്ങള്‍ക്ക് ഐ.എം.എഫ്. ലോകബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ നേടുന്നതിന് കഴിയില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് 3 രാജ്യങ്ങള്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ചൈനീസ് പ്രതിനിധിയും നിലവിലെ FATF ചെയര്‍മാനും പാകിസ്ഥാന്‍ കൂദടുതല്‍ വേഗത്തില്‍ ക്രിയാത്കമ നിലപാടണ് സ്വീകരിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. 2020-ഫെബ്രുവരിയില്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി പാകിസ്ഥാന്‍ കൈവരിച്ചില്ലെങ്കില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ FATF ഉള്‍പ്പെടുത്തും.
തീവ്രവാദ ധനസഹായം പാകിസ്ഥാന്‍ നടത്തുന്നുണ്ട് എന്ന് നിരീക്ഷണത്തില്‍ മനസ്സിലായതിനെ തുടര്‍ന്നാണ് 2018 ജൂണില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതിന് ശേഷമുണ്ടായ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്ത് വരാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുമില്ല.
തീവ്രവാദ ധനസഹായം അവസാനിപ്പിക്കുന്നതിന് ഗൗരവമായ നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് FATF- നെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ-മുഹമ്മദ് ഖുറേഷി വിവിധ ദേശീയ-അന്തര്‍ദ്ദേശീയ ഫോറങ്ങളില്‍ ഇതിനെ സാധൂകരിക്കുന്ന അവകാശ വാദങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.
ഭീകരാക്രമണത്തിനും ഭീകര സംഘടനകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരെ നിര്‍ണ്ണായക നിലപാടുകള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന് എല്ലാ അവസരങ്ങളും ലോകസമൂഹം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന് ഇതുവരെ സാധിച്ചിട്ടില്ലായെന്നതുമാണ് യാഥാര്‍ത്ഥ്യം.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ എന്നും ഇരയായിട്ടുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്ക ഉള്‍പ്പെടെ മറ്റെല്ലാ അംഗരാജ്യങ്ങളും പാകിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിച്ചിട്ടും ജയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിയ്ക്കാന്‍ പാകിസ്ഥാന്‍ അവസരം നല്‍കി. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്ഥാന്‍, ലോകത്തെ ഇതിലൂടെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
FATF –ന്റെ മുന്നറിയിപ്പിന് പാകിസ്ഥാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുവരാനും രാജ്യത്തിന്റെ വികസനത്തിന് വഴിയൊരുക്കാനും ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ FATF –ന്റെ മുന്നറിയിപ്പ് പാകിസ്ഥാന്‍ ഗൗരവമായി കാണുമെന്നും വിലയിരുത്തപ്പെടുന്നു.

തയ്യാറാക്കിയത് : അശോക് ഹന്തൂ
രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം : കൃഷ്ണ